എ.ഐയുടെ മുന്നേറ്റം സ്വന്തം തൊഴിലിനെ ബാധിക്കുമെന്ന് രാജ്യത്തെ 74ശതമാനം പേർ വിശ്വസിക്കുമ്പോഴും 37ശതമാനംപേർ മാത്രമാണ് ആ സത്യം അംഗീകരിക്കുന്നതെന്ന് ഗ്ളോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.ആന്റണി എ.തോമസ്. കൊച്ചിയിലെ മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ മുഖ്യപ്രഭാഷകനായിരുന്നു ഡോ.ആന്റണി എ.തോമസ്. മാറിയ ലോകത്തിന് അനുസൃതമായി മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന ശക്തമായ ആഹ്വാനമാണ് ബിസിനസ് സമ്മിറ്റിൽ ഉയർന്നത്.
എ.ഐയുടെ വരവ് ഉൾക്കൊള്ളുമ്പോഴും അത് തൊഴിൽ മേഖലയെ മാറ്റിമറിക്കുമെന്ന സത്യത്തെ ഒരു ന്യുനപക്ഷമെ ഉൾക്കൊള്ളുന്നുള്ളുവെന്ന് നാസ്കോം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഗ്ളോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.ആന്റണി എ.തോമസ് പറയുന്നത്. 2030 ആകുമ്പോഴേക്കും നിലവിലുള്ള തൊഴിൽ നൈപുണ്യങ്ങളിൽ 40 ശതമാനവും കാലഹരണപ്പെടും.
ഡിഗ്രി ഫാക്ടറികളിൽ നിന്ന് തൊഴിൽദാതാക്കളെ സൃഷ്ടിക്കുന്നയിടമായി കേരളത്തിലെ സർവകലാശാലകൾ പരിണമിക്കണമെന്നും ഡോ.ആന്റണി എ.തോമസ് പറഞ്ഞു. താരിഫ് യുദ്ധം,എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ വിഷയങ്ങളിലാണ് പാനൽ ചർച്ചകൾ.
ഡോ. ടോണി തോമസിന് പുറമെ ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ഡി. പ്രജിത് കുമാർ, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറം, ഡിബിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ് , മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ആൻഡ് ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു, മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് വർഗീസ് ചാണ്ടി, മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്.രാജശ്രീ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു