ഇന്‍റര്‍നെറ്റില്‍ എന്തുകാര്യം അറിയാനും ഇതുവരെ ലോകം മുഴുവന്‍ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വിക്കിപീഡിയ. സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സര്‍വവിജ്ഞാനകോശം! കോടിക്കണക്കിനാളുകളാണ് വിക്കിപീഡിയ ഉപയോഗിക്കുന്നത്. എന്നാല്‍ ഏതാനും മാസങ്ങളായി വിക്കിപീഡിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി. വാര്‍ഷിക കണക്കെടുത്താല്‍ ഏതാണ്ട് എട്ട് ശതമാനത്തോളം കുറവ്. എഐ ബോട്ടുകളുടെ വ്യാപനമാണ് ഇതിന് കാരണമെന്നാണ് നിഗമനം.
മേയ് മാസം ബ്രസീലില്‍ നിന്നുള്ള ട്രാഫിക് ആണ് വന്‍തോതില്‍ ഇടിഞ്ഞത്. പിന്നീട് നടത്തിയ പരിശാധനയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ വിക്കിപീഡിയയില്‍ എത്തിയത് എഐ ബോട്ടുകളായിരുന്നു എന്നും തിരിച്ചറിയാനാകാത്ത വിധം രൂപകല്‍പ്പന ചെയ്തതായിരുന്നു അവയെന്നും കണ്ടെത്തി. സോഷ്യല്‍ മീഡിയയുടെ വലിയ തോതിലുള്ള വളര്‍ച്ചയും വിക്കിപീഡിയയെ ബാധിച്ചിട്ടുണ്ട്. ബ്ലോഗ് പോസ്റ്റിലൂടെയാണ് വിക്കിപീഡിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വെബ്സൈറ്റുകളിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്നതിന് പകരം എഐ ഉപയോഗിച്ച് സെര്‍ച്ച് എഞ്ചിനുകള്‍ നേരിട്ട് മറുപടി നല്‍കുന്നത് വിക്കിപീഡിയ ഉപയോക്താക്കളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. യുവാക്കള്‍ വെബ്സൈറ്റുകളെക്കാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളാണ് വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്. വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന പ്രവണതയാണിത്.
വിക്കിപീഡിയയയെ മാത്രമല്ല എഐ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ബാധിക്കുന്നത്. മാധ്യമസ്ഥാപനങ്ങളും ജനപ്രിയ പ്രസിദ്ധീകരണങ്ങളുമെല്ലാം സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്. നേരത്തെ ഇത്തരത്തിലുള്ള എഐ ഫീച്ചറുകള്‍ വിക്കിപീഡിയയും പരീക്ഷിച്ചിരുന്നു. എന്നാല്‍ എഡിറ്റര്‍മാരുടെ എതിര്‍പ്പ് കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും ഉള്ളടക്കങ്ങള്‍ കൃത്യവും സുരക്ഷിതവുമായി കൈകാര്യം ചെയ്യുന്നതിന് പുതിയ നയങ്ങള്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് വിക്കിപീഡിയ.