TOPICS COVERED

വാട്സാപ്പില്‍ നിന്നും ചാറ്റ് ജിപിടി വൈകാതെ അപ്രത്യക്ഷമായേക്കും. അടുത്ത വര്‍ഷം ജനുവരി 15 മുതലാകും പുതിയ മാറ്റം നിലവില്‍ വരിക. ബിസിനസ് എപിഐയില്‍ മെറ്റ മാറ്റം വരുത്തിയതോടെയാണ് ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ജനറല്‍ പര്‍പ്പസ് തേര്‍ഡ് പാര്‍ട്ടി എഐ ചാറ്റ്ബോട്ടുകള് പുറത്താകുന്നത്. ഒറ്റ മെസേജിലൂടെയാണ് ചാറ്റ് ജിപിടിയും പെര്‍പ്ലക്സിറ്റിയുമെല്ലാം വാട്സാപ്പില്‍ ഉപഭോക്താക്കള്‍ക്ക് മുന്‍പ് ലഭ്യമായിരുന്നത്.

പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണെങ്കില്‍ മാത്രം നിലനിര്‍ത്താനും അല്ലാതെയുള്ള ജനറേറ്റീവ് എഐ അസിസ്റ്റന്‍റുകളെ നീക്കം ചെയ്യാനുമാണ് പുതുക്കിയ നയത്തില്‍ പറയുന്നത്. ഇതോടെയാണ് തേര്‍ഡ് പാര്‍ട്ടി ചാറ്റ് ബോട്ട് സര്‍വീസുകളായ ചാറ്റ് ജിപിടി, പെര്‍പ്ലെക്സിറ്റി എഐ, ലൂസിയ ആന്‍റ് പോക് തുടങ്ങിയവ പ്രതിസന്ധിയിലാകുന്നത്.

ഉപഭോക്താക്കള്‍ക്ക്   ബുക്കിങുകള്‍ വെരിഫിക്കേഷനുകള്‍ എന്നിവയ്ക്ക് സഹായകമാകുന്ന തരത്തിലുള്ള എഐ അസിസ്റ്റുകളാകും പ്രോല്‍സാഹിപ്പിക്കപ്പെടുകയെന്നും അല്ലാതെയുള്ളവ സിസ്റ്റത്തിന് അധികഭാരം നല്‍കുമെന്നുമാണ് മെറ്റയുടെ കണ്ടെത്തല്‍. ഭീകരമായ ബാക് എന്‍ഡ് ലോഡാണ് തേര്‍ഡ് പാര്‍ട്ടി ചാറ്റ് ബോട്ടുകള്‍ കാരണം വാട്സാപ്പ് സെര്‍വറുകള്‍ക്ക് ഉണ്ടായിരുന്നത്. പുതിയ നീക്കം വാട്സാപ്പിന്‍റെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്നും മെസേജിങ് ആപ്പിലെ എഐ ചാറ്റ് മാര്‍ക്കറ്റിലും മാറ്റമുണ്ടാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം പഴ്സനലൈസ്ഡ് ആഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് വിലയിരുത്തുന്നവരുമുണ്ട്. നയം പരിഷ്കരിക്കുന്നതോടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മെറ്റ എഐയ്ക്ക് മാത്രമായി ലഭിക്കുമെന്നും ഇത് കുറേക്കൂടി കൃത്യമായ ഉപഭോക്തൃ സേവനം നല്‍കാന്‍ ഉള്‍പ്പടെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

'ലാര്‍ജ് ലാങ്വേജ് മോഡലുകള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമുകള്‍ എന്നിവയെ വാട്സാപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. പ്രത്യക്ഷത്തിലോ പരോക്ഷമായോ മെറ്റ നിശ്ചയിക്കുന്നതല്ലാത്ത ഒരു എഐ പ്ലാറ്റ്ഫോമുകളെയും വാട്സാപ്പ് ആക്സസ് ചെയ്യുന്നതിനായി മേലില്‍ അനുവദിക്കില്ല' എന്നാണ് പുതുക്കിയ ചട്ടത്തില്‍ വിശദീകരിക്കുന്നത.് അതേസമയം കസ്റ്റമര്‍ സപ്പോര്‍ട് ബോട്ടുകളായി നിലവില്‍ വാട്സാപ്പിനുള്ളില്‍ തന്നെയുള്ള എഐ ബോട്ടുകള്‍ക്ക് പ്രശ്നം നേരിട്ടേക്കില്ല. പരിഷ്കാരം നിലവില്‍ വരുന്നതോടെ മെറ്റ എഐ മാത്രമാകും വാട്സാപ്പില്‍ ലഭ്യമായേക്കാവുന്ന ജനറല്‍ പര്‍പസ് ചാറ്റ്ബോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എട്ടു ബില്യണിലധികം പേരാണ് ലോകത്താകമാനം വാട്സാപ്പ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍.

വാട്സാപ്പിലെ സേവനം ജനുവരി 15ഓടെ അവസാനിക്കുമെന്ന് ഓപ്പണ്‍ എഐയും സ്ഥിരീകരിച്ചിട്ടുണ്ട്. ചാറ്റ് ജിപിടി ഫോണില്‍ അല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാമെന്നും ശബ്ദ സംഭാഷണങ്ങളും, ആഴത്തിലുള്ള റിസര്‍ച്ചും ഫയല്‍ അപ്​ലോഡിങും സാധ്യമാണെന്നും കമ്പനി പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ENGLISH SUMMARY:

WhatsApp Chat GPT is expected to disappear soon due to Meta's changes to its Business API. This update, effective January 15, will remove third-party AI chatbots, potentially reshaping the AI chat market within the messaging app.