age-reversing-ai

വരുംകാലങ്ങളില്‍ നിര്‍മ്മിത ബുദ്ധിക്ക് ലോകത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തകള്‍ക്ക് പോലും അതീതമായ മറ്റൊരു ലോകത്തേക്കാണ് എഐ നീങ്ങുന്നത്. നമ്മുടെ ജീവകോശങ്ങളില്‍ പോലും സ്വാധീനം ചെലുത്താവുന്ന കാലത്തേക്ക്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിലിക്കണ്‍ വാലിയിലെ റെട്രോ ബയോസയന്‍സസ് എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ച് പ്രോട്ടീന്‍ ശ്രേണികള്‍, ജീവശാസ്ത്ര പുസ്തകങ്ങള്‍, ത്രിമാന തന്മാത്ര ഘടനകള്‍ എന്നിവയില്‍ പരിശീലനം നേടിയ പ്രത്യേക എഐ മോഡല്‍ ആയ GPT-4b മൈക്രോ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ.

പരമ്പരാഗത ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായ പ്രോട്ടീനുകളെ പുനർരൂപകൽപ്പന ചെയ്യുന്നതിനാണ് GPT-4b മൈക്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുതിർന്ന കോശങ്ങളെ സ്റ്റെം സെല്ലുകളായി പുനർനിർമ്മിക്കാന്‍‌ കഴിയുന്ന യമനക ഫാക്ടറുകളെ പുനർവിചിന്തനം ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. നാല് പ്രത്യേക തരം പ്രോട്ടീനുകളാണ് യമനക ഫാക്ടര്‍ എന്നറിയപ്പെടുന്നത്. ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകൾ (iPSC-കൾ) സൃഷ്ടിക്കുന്നതിലും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇവയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. സ്റ്റെം സെല്ലുകള്‍ക്കാകട്ടെ ഏതുതരം കോശങ്ങളുമായി മാറാനും ശേഷിയുണ്ട്. ഇവയുടെ വകഭേദങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനായി GPT-4b മൈക്രോ വിജയകരമായി പ്രയോജനപ്പെടുത്തി എന്നാണ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനം. ചുരുക്കി പറഞ്ഞാല്‍ മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പ്രോട്ടീനുകള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

ഇത്തരത്തില്‍ എഐ സൃഷ്ടിച്ച പ്രോട്ടീന്‍ വകഭേദങ്ങള്‍ യഥാര്‍ഥ പ്രോട്ടീനുകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവേഷകര്‍ കണ്ടെത്തി. 50 മടങ്ങ് ഉയർന്ന പ്രകടനവും ഡിഎന്‍എ കേടുപാടുകള്‍ വളരെ വേഗത്തിൽ പരിഹരിക്കാനുള്ള കഴിവുമാണ് ഇവയ്ക്കുള്ളത്. ചുരക്കത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച പ്രോട്ടീനുകൾ പ്രായമായ കോശങ്ങളെ വീണ്ടും ‘ചെറുപ്പത്തിലേക്ക്’ നയിച്ചു. ഇത് മനുഷ്യരില്‍ വാർദ്ധക്യം വൈകിപ്പിക്കാനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കുവാനുമുള്ള ഗവേഷണങ്ങളിലും ചികില്‍സകളില്‍ നിര്‍ണായക ചുവടുവയ്പ്പാകും. മനുഷ്യരുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളിലും പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിലും ഈ എഐ മോഡല്‍ നിര്‍ണായകമാകും. കൂടാതെ അന്ധത, പ്രമേഹം, വന്ധ്യത എന്നിവയ്ക്ക് ഫലപ്രദമായ ചികില്‍സാരീതികള്‍ വികസിപ്പിക്കുന്നതിലും അവയവക്ഷാമം പരിഹരിക്കുന്നതിലും ഈ എഐ മോഡല്‍ സഹായകമാകും.

ENGLISH SUMMARY:

Artificial intelligence is revolutionizing regenerative medicine with models like GPT-4b Micro designing improved proteins. This advancement could lead to significant breakthroughs in anti-aging research and the treatment of various diseases.