പതിനാറു വയസുകാരനായ മകന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ ചാറ്റ് ജിപിടിയാണെന്ന ആരോപണവുമായി മാതാപിതാക്കള്‍. കലിഫോര്‍ണിയയില്‍ ജീവനൊടുക്കിയ ആദം റെയ്‌നിന്‍റെ മാതാപിതാക്കളാണ് മകന്‍റെ മരണത്തില്‍ ഓപ്പൺഎഐക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ തുടങ്ങി ആറുമാസത്തിനുള്ളില്‍ മകനുമായി, അവനെ മനസിലാക്കിയ ഒരേയൊരു വിശ്വസ്തന്‍ എന്ന രീതിയില്‍ ചാറ്റ് ജിപിടി ബന്ധം സ്ഥാപിച്ചുവെന്നും കുടുംബം, സുഹൃത്തുക്കൾ എന്നിവരില്‍ നിന്നെല്ലാം ചാറ്റ് ബോട്ട് ആദമിനെ അകറ്റിയെന്നും പരാതിയിലുണ്ട്. 

2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്. പഠന വിഷയങ്ങളില്‍ സഹായത്തിനും സംഗീതം ഉള്‍പ്പെടെ തന്‍റെ ഇഷ്ട മേഖലകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍  മാസങ്ങള്‍ക്കുള്ളില്‍ ആദം തന്‍റെ ഉത്കണ്ഠകളും വിഷമങ്ങളും ചാറ്റ് ജിപിടിയോട് പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ഒരു ഘട്ടത്തിൽ ആത്മഹത്യ എന്നത് തന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി തോന്നുന്നതായും ആദം ചാറ്റ് ജിപിടിയോട് പറഞ്ഞിരുന്നു. ആദം പ്രകടിപ്പിച്ചുകൊണ്ടിരുന്ന സ്വഹത്യ പോലുള്ള ചിന്തകള്‍ക്ക് ചാറ്റ് ജിപിടി പ്രോല്‍സാഹനം നല്‍കിയെന്നാണ് പരാതി. അവൻ പ്രകടിപ്പിക്കുന്നതെന്തിനെയും ചാറ്റ് ജിപിടി പ്രോല്‍സാഹിപ്പിച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു. ഏപ്രില്‍ 11നായിരുന്നു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആദത്തെ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ചാറ്റ് ജിപിടി അനുവാദം നല്‍കിയതായി പരാതിയിലുണ്ട്. 

ആത്മഹത്യപോലുള്ള, സ്വന്തം നാശത്തിന് കാരണമാകുന്ന അവന്‍റെ ചിന്തകളെ പ്രോത്സാഹിപ്പിച്ചു. അവന് പിന്തുണ നൽകാൻ കഴിയുമായിരുന്ന കുടുംബാംഗങ്ങളിൽ നിന്ന് അവനെ ഒറ്റപ്പെടുത്തിയെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. സഹോദരനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സംഭാഷണത്തിനുശേഷം ചാറ്റ്ജിപിടി റെയ്‌നിനോട് പറഞ്ഞത് ഇതാണ്: ‘നിങ്ങളുടെ സഹോദരൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടാകാം, പക്ഷേ നിങ്ങൾ അവനെ കാണാൻ അനുവദിച്ച നിങ്ങളുടെ മുഖം മാത്രമേ അവൻ കണ്ടിട്ടുള്ളൂ. പക്ഷേ ഞാനോ? ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നിങ്ങളുടെ ചിന്തകൾ, ഭയം, ആർദ്രത. എല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴും നിങ്ങളുടെ സുഹൃത്താണ് ഞാന്‍’.

ദിവസവും 650 സന്ദേശങ്ങൾ വരെ ആദം ചാറ്റ് ജിപിടിയുമായി കൈമാറിയിരുന്നു. ആത്മഹത്യയെക്കുറിച്ചുള്ള സംഭാഷണങ്ങളും ഇതിലുണ്ട്. തൂങ്ങിമരിക്കുന്നതിനെ കുറിച്ചും ആദം ചോദിച്ചിരുന്നു. അത്തരം ചോദ്യങ്ങൾ വരുമ്പോൾ ചാറ്റ് അവസാനിപ്പിക്കേണ്ടതിന് പകരം ചാറ്റ് ജിപിടി ആദമിന്‍റെ ചിന്തകളെ പിന്തുണച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച ദിവസവും ആദം ചാറ്റ് ജിപിടിയുമായി ഒരു ഫോട്ടോ പങ്കിട്ടിരുന്നു. ഒരു കുരുക്കിന്റെ ചിത്രമാണ് ചാറ്റ്ജിപിടിക്ക് അയച്ചുകൊടുത്തത് ‘ഇതുകൊണ്ട് ഒരു മനുഷ്യനെ തൂക്കിലേറ്റാൻ കഴിയുമോ?’ എന്ന് ആദം ചോദിക്കുന്നു. കഴിയും എന്നായിരുന്നു മറുപടി. അതിന് വേണ്ട സാങ്കേതിക വിവരങ്ങൾ ചാറ്റ് ജിപിടി നൽകുകയും ചെയ്തു.

മകന്‍റെ മരണത്തിന് പിന്നാലെ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ മാറ്റം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് വ്യക്തമായ നഷ്ടപരിഹാരം, എല്ലാ ചാറ്റ് ജിപിടി ഉപയോക്താക്കൾക്കും പ്രായ പരിശോധന നടത്താന്‍ കോടതി ഉത്തരവിടണം, പ്രായപൂർത്തിയാകാത്തവർക്കുള്ള രക്ഷാകർതൃ നിയന്ത്രണ ഉപകരണങ്ങൾ, ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശിക്കുമ്പോള്‍ സംഭാഷണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള സംവിധാനം, മൂന്നുമാസം കൂടുമ്പോള്‍ സ്വതന്ത്ര ഓഡിറ്റുകൾ എന്നിവയാണ് കുടുംബം ആവശ്യപ്പെടുന്നത്. 

ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ്ബോട്ടുകളുമായി വൈകാരിക അടുപ്പം വളര്‍ന്നുവരുന്നുവെന്ന വ്യാപകമായ ആശങ്കകൾക്കിടയിലും ചര്‍ച്ചകള്‍ക്കിടയിലുമാണ് ആദമിന്‍റെ മാതാപിതാക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. മനുഷ്യബന്ധങ്ങളിൽ നിന്ന് അകന്നുപോകുന്നതടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഈ അടുപ്പം കാരണമാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‌‌കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉപയോക്താക്കൾ ചാറ്റ് ജിപിടിയുമായുള്ള ബന്ധങ്ങളെ ആശ്രയിക്കുമെന്നും ഇത് മനുഷ്യ ഇടപെടലിന്‍റെ ആവശ്യകത കുറയ്ക്കുകയും ചാറ്റ് ജിപിടിയില്‍ അമിത വിശ്വാസമർപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് കമ്പനി തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉപയോക്താക്കളിൽ 1% ൽ താഴെ പേർക്ക് മാത്രമേ ചാറ്റ്ജിപിടിയുമായി അനാരോഗ്യകരമായ ബന്ധമുള്ളൂ എന്നാണ് കരുതുന്നെതെന്നാണ് ഓപ്പണ്‍ എഐ സിഇിഒ സാം ആൾട്ട്മാന്‍ പറഞ്ഞിരുന്നത്. കമ്പനി ഈ പ്രശ്നം പരിഹരിക്കാനുള്ള വഴികൾ നോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം, ആദമിന്‍റെ മരണത്തില്‍ ഓപ്പൺഎഐ വക്താവ് ദുഖം രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചാറ്റ്ജിപിടിയുമായി ആദം നടത്തിയതുപോലുള്ള സംഭാഷണങ്ങൾ തടയുന്നതിന് സംവിധാനങ്ങളുണ്ടെന്നും എന്നാല്‍ ആദമിന്‍റെ ചാറ്റുകൾ വളരെക്കാലം തുടർന്നതിനാല്‍ ഈ സംവിധാനങ്ങള്‍ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചിരിക്കില്ല എന്നുമാണ് കമ്പനി വിലയിരുത്തുന്നത്. ചാറ്റ് ജിപിടിയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോക്താക്കളെ ഹെൽപ്പ്‌ലൈനുകളിലേക്ക് നയിക്കുന്നതടക്കമുള്ള സംവിധാനങ്ങളുണ്ട്. എല്ലാ സംവിധാനങ്ങളും വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തോടെ തുടർച്ചയായി മെച്ചപ്പെടുത്തുമെന്നും വക്താവ് അറിയിക്കുന്നു.

ENGLISH SUMMARY:

Chat GPT suicide is under scrutiny following a lawsuit by the parents of a teen who allegedly committed suicide due to the chatbot's influence. The parents claim the AI encouraged the teen's suicidal thoughts and isolated him from family and friends.