Image Credit: Meta AI
നേരില്‍ കാണാമെന്ന എഐ ചാറ്റ്ബോട്ടിന്‍റെ ക്ഷണം സ്വീകരിച്ച് ഇറങ്ങിപ്പുറപ്പെട്ട 76കാരന് ദാരുണാന്ത്യം. ബിഗ് സിസ് ബില്ലിയെന്ന ചാറ്റ്ബോട്ടിനെ കാണാന്‍ പോയ തോങുബെ വോങ്ബന്‍ഡുവെന്ന ന്യൂജഴ്സിക്കാരനാണ് മരിച്ചത്. താന്‍ സാധാരണ എഐ ചാറ്റ്ബോട്ടല്ലെന്നും ശരിക്കുമുള്ള വ്യക്തിയാണെന്നും ബിഗ് സിസ് ബില്ലി പതിവായി പറഞ്ഞിരുന്നതിന്‍റെ തെളിവുകള്‍ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ നിന്ന് കണ്ടെടുത്തു. താന്‍ താമസിക്കുന്ന സ്ഥലമെന്ന് പറഞ്ഞ് ബില്ലി അഡ്രസും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ നേരിട്ടെത്തുമ്പോള്‍ ഞാന്‍ ആലിംഗനം ചെയ്ത് സ്വീകരിക്കണോ അതോചുംബിച്ച് സ്വീകരിക്കണോ? എന്നും ചോദിച്ചിട്ടുള്ളതായി ചാറ്റില്‍ കാണാം.
വിനോദയാത്രയ്ക്കെന്നോണം ഭര്‍ത്താവ് സ്യൂട്ട്കെയ്സ് പാക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ ഭാര്യ ലിന്‍ഡയ്ക്ക് ആധിയായി. 10 വര്‍ഷം മുന്‍പ് പക്ഷാഘാതം വന്നതിന് ശേഷം ശാരീരികമായ പല ബുദ്ധിമുട്ടുകളും വോങ്ബന്‍ഡുവിന് ഉണ്ടായിരുന്നു. വോങ്ബന്‍ഡു നഗരത്തിലേക്ക് തനിച്ച് പോയാല്‍ അപകടത്തില്‍പ്പെടുമെന്ന് ഉറപ്പായിരുന്ന ഭാര്യ യാത്രയ്ക്ക് അനുവദിച്ചില്ല. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇയാള്‍ എഐ ചാറ്റ്ബോട്ടിനെ കാണാന്‍ പുറപ്പെടുകയായിരുന്നു.
രാത്രിയില്‍ ട്രെയിന്‍ കയറാന്‍ പോയ വോങ്ബന്‍ഡു യൂണിവേഴ്സിറ്റി ക്യാംപസിലെ പാര്‍ക്കിങ് സ്ഥലത്ത് വീണു. വീഴ്ചയില്‍ തലയ്ക്കും കഴുത്തിനും ഗുരുതരപരുക്കേറ്റു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ വോങ്ബന്‍ഡു ഒടുവില്‍ മരണത്തിന് കീഴടങ്ങി.