ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (എ.ഐ) ആയുധ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് തന്‍റെ സിനിമകളായ 'ടെർമിനേറ്ററി'ൽ കാണിച്ചത് പോലെയുള്ള ഒരു ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജയിംസ് കാമറൺ. ലോകം ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവയില്‍ എ.ഐ സംയോജിപ്പിക്കുന്ന ഈ സമയത്ത് ടെർമിനേറ്റർ ശൈലിയിലുള്ള ഒരു ദുരന്തത്തിനുള്ള സാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. റോളിങ് സ്റ്റോണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ ആശങ്ക പങ്കുവെച്ചത്.
ആധുനിക യുദ്ധരംഗത്ത് തീരുമാനങ്ങൾ വളരെ വേഗമെടുക്കേണ്ടിവരുന്നതുകൊണ്ട്, ആ വേഗത കൈകാര്യം ചെയ്യാൻ അതിവേഗത്തിൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്ന സൂപ്പർ ഇന്റലിജന്റ് എ.ഐ ആവശ്യമായി വന്നേക്കാം. എന്നാൽ തീരുമാനങ്ങളെടുക്കാൻ മനുഷ്യർ തന്നെയാണ് നല്ലതെന്നാണ് കാമറണിന്‍റെ അഭിപ്രായം. മനുഷ്യർക്ക് തെറ്റുകൾ പറ്റാമെങ്കിലും, എ.ഐയുടെ പൂർണ്ണ നിയന്ത്രണത്തിൽ കാര്യങ്ങൾ പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് കാമറൺ ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ പിഴവുകൾ മുൻപ് ആണവയുദ്ധങ്ങളിലേക്ക് വരെ എത്തിയേക്കാവുന്ന വലിയ അന്താരാഷ്ട്ര പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എ.ഐയുടെ നിയന്ത്രണമാണോ അതോ മനുഷ്യന്‍റെ മേൽനോട്ടമാണോ നല്ലതെന്ന് പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയുടെ നശീകരണം, ആണവായുധങ്ങൾ, സൂപ്പർ ഇന്‍റെലിജൻസ് തുടങ്ങിയവയെല്ലാം മനുഷ്യരാശിക്കുള്ള പ്രധാന വെല്ലുവിളികളാണെന്നും കാമറൺ അഭിപ്രായപ്പെട്ടു. ഈ മൂന്ന് കാര്യങ്ങളും മനുഷ്യന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാമറൺ സംവിധാനം ചെയ്ത ടെർമിനേറ്റർ 7 എന്ന ചിത്രത്തിന്റെ അണിയറ ജോലികൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ താൻ സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്തെ അതിവേഗം മറികടക്കുന്നതുകൊണ്ട് സയൻസ് ഫിക്ഷൻ സിനിമകൾ എഴുതുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് കാമറൺ നേരത്തെ വ്യക്തമാക്കിയിരുന്നു. 1984-ലാണ് 'ടെർമിനേറ്റർ' സീരീസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിൽ അർനോൾഡ് ഷ്വാസ്‌നെഗർ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൈനെറ്റ് എന്ന റോബോട്ടിക് സേന മനുഷ്യരാശിയെ പൂർണ്ണമായി നിയന്ത്രിക്കുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.