Image: X

എഐ ലോകത്തെ അപ്രമാദിത്തം ഉറപ്പിക്കുകയാണ് ഓപ്പണ്‍ എഐ. ഇലോണ്‍ മസ്‌കിന്റെ എക്‌സിന്റെ പ്രതിമാസ ട്രാഫികിന് ഗിബ്ലി ഇറക്കി സാം ആള്‍ട്ട്മാന്റെ ചെക്ക്. ഏപ്രില്‍ മാസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 4.786 ബില്യണ്‍ വ്യൂസ് ആണ് ചാറ്റ് ജിപിടി നേടിയത്. മസ്‌കിന്റെ എക്‌സിലാവട്ടെ 4.028 ബില്യണും. തുടര്‍ച്ചയായ നാലാം മാസമാണ് ചാറ്റ് ജിപിടി, എക്‌സിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ജനുവരിയില്‍ എക്‌സിന്റെ വ്യൂസ് മറികടക്കാന്‍ ചാറ്റ് ജിപിടിക്ക് ആയില്ല. പക്ഷേ ഫെബ്രുവരിയില്‍ ചില ദിവസങ്ങളില്‍ ചാറ്റ്ജിപിടി മുന്നിലെത്തി. മാര്‍ച്ച് ആയതോടെ വാരാന്ത്യങ്ങളിലൊഴികെ എല്ലാ ദിവസവും എക്‌സിനെ പിന്നിലാക്കി. ഒടുവിലിതാ ഏപ്രിലില്‍ എക്‌സിന് മേല്‍ വ്യക്തമായ ലീഡുമായാണ് ചാറ്റ് ജിപിടി കളമുറപ്പിക്കുന്നത്. ഇതിന് തുണച്ചതാവട്ടെ ഗിബ്ലിയും. സ്വന്തം ചിത്രങ്ങള്‍ രൂപമാറ്റം വരുത്തി ലോകമെങ്ങും ആളുകള്‍ സന്തോഷം കണ്ടെത്തിയതോടെ സാം ആള്‍ട്ട്മാനും ടീമും ഡബിള്‍ ഹാപ്പി. 

മസ്കിന് 'കിട്ടാത്ത മുന്തിരി'; ചുവടുറപ്പിച്ച് ആള്‍ട്ട്മാന്‍

ചാറ്റ് ജിപിടിയും എക്‌സും തമ്മിലിത്ര താരതമ്യം ചെയ്യാന്‍ എന്തിരിക്കുന്നു എന്നല്ലേ? ചാറ്റ് ജിപിടിക്ക് മേല്‍ മസ്‌ക് കണ്ണെറിഞ്ഞതും മോഹവില വാഗ്ദാനം ചെയ്തതും മാസങ്ങള്‍ക്ക് മുന്‍പ് ടെക് ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു. മസ്‌കിന്റെ മോഹനവാഗ്ദാനം വന്നതിന്റെ വേഗത്തില്‍ സാം ആള്‍ട്ട്മാന്‍ മടക്കുകയും ചെയ്തു. ഓപ്പണ്‍ എഐ വില്‍ക്കാന്‍ വച്ചിട്ടില്ല, വേണമെങ്കില്‍ എക്‌സിനെ ഞങ്ങള്‍ ഇങ്ങ് വാങ്ങാം, വില്‍ക്കുന്നോ എന്നായിരുന്നു മറുചോദ്യം. മസ്‌കിന് കനത്ത ക്ഷീണമായി. ഈ മുറിവിലേക്കാണ് എക്‌സിനെ വെട്ടിയുള്ള ട്രാഫികിലൂടെ സാം ആള്‍ട്ട്മാന്‍ ഉപ്പ് തേയ്ക്കുന്നതെന്നാണ് ടെക് ലോകത്തെ അടക്കം പറച്ചില്‍. ഇതുകൊണ്ടും തീര്‍ന്നില്ല, സ്വന്തമായൊരു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ആള്‍ട്ട്മാനും സംഘവും. ഓപ്പണ്‍ എഐയുടെ സോഷ്യല്‍ മീഡിയ പ്രൊജക്ട് അതിന്റെ പണി തുടങ്ങിക്കഴിഞ്ഞുവെന്ന് 'ദ് വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കാന്‍ ആളുകളെ സഹായിക്കുന്നതാവും പ്ലാറ്റ്​ഫോമെന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഒപ്പം എക്‌സിനും മെറ്റയ്ക്കും ഉള്ളതുപോലെ യുണീക് റിയല്‍ ടൈം യൂസര്‍ ഡാറ്റയും ലഭ്യമാകും. 

കഴിഞ്ഞ മാസമാണ് എക്‌സിനെ സ്വന്തം എഐ കമ്പനിക്ക് മസ്‌ക്  വിറ്റത്. എക്‌സ് എഐ ഹോള്‍ഡിങെന്ന് പേരുമിട്ടു. ഓപ്പണ്‍ എഐ ഇത്ര വലിയ വെല്ലുവിളി മുന്നില്‍ വച്ചതോടെ കൂടുതല്‍ എഐ ഫീച്ചറുകള്‍ എക്‌സില്‍ ലഭ്യമാക്കാനും അതുവഴി ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുമാണ് മസ്‌കിന്റെ ശ്രമം. 

FILE - The OpenAI logo is displayed on a cellphone with an image on a computer monitor generated by ChatGPT's Dall-E text-to-image model, Dec. 8, 2023, in Boston. (AP Photo/Michael Dwyer, File)

2015 ല്‍ എന്‍ജിഒ ആയിട്ടാണ് ഓപ്പണ്‍ എഐ പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മാത്രമായിരുന്നു ശ്രദ്ധ. സംഭവം ക്ലിക്കാകുമെന്ന് കത്തിയ മസ്‌ക് ഓപ്പണ്‍ എഐയെ തുടക്കത്തില്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാലക്രമേണെ എന്‍ജിഒ എന്ന മേല്‍വിലാസം കമ്പനി മാറ്റുകയും ലാഭം കണ്ടെത്താനും അതുപയോഗിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്ന രീതിയിലേക്ക് മാറുകയും ചെയ്തു. മസ്‌കിനൊത്ത എതിരാളിയായി ആള്‍ട്ട്മാന്‍ മാറി. ചുരുക്കി പറഞ്ഞാല്‍ എഐ യുദ്ധത്തിലാണ് മസ്‌കും ആള്‍ട്ട്മാനും. എല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാനാവുന്ന ' എവരിതിങ് ആപ്പ്' അതാണ് ഇരുവരുടെയും ലക്ഷ്യം. ആ സൂപ്പര്‍ ആപ്പിലേക്ക് ആരാകും ആദ്യമെത്തുകയെന്നാണ് ടെക് ലോകവും ഉറ്റുനോക്കുന്നത്. 

ഗിബ്ലി സോഷ്യല്‍ മീഡിയ കീഴടക്കിയതിങ്ങനെ..

ചാറ്റ് ജിപിടി-4ഒ മോഡലിലാണ് ഓപ്പണ്‍ എഐ ഗിബ്ലിയെ ഇറക്കി കളിച്ചത്. തുടക്കമിട്ടത് ' എന്റെ പ്രൊഫൈല്‍ ചിത്രം ഒന്നുമാറ്റിയതാണ്, പക്ഷേ മറ്റാരോ ഇതിനെ കൂടുതല്‍ സുന്ദരമാക്കിയിരിക്കുന്നു' എന്ന ആള്‍ട്ട്മാന്റെ ട്വീറ്റാണ്. ഒപ്പം ഗിബ്ലി പടവും. നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഗിബ്ലിയെ ഏറ്റെടുത്തു. സൂര്യന് കീഴെയുള്ള ഒരുമാതിരി എല്ലാം ഗിബ്ലി ചിത്രങ്ങളായി. സ്റ്റിക്കറുകളും, മീമുകളും ഫൊട്ടോ റിയലിസ്റ്റിക് ചിത്രങ്ങളുമെന്നുവേണ്ട സോഷ്യല്‍ മീഡിയ ആഘോഷത്തില്‍ ഓപ്പണ്‍  എഐ ജീവനക്കാരുടെ 'നടുവൊടിഞ്ഞു'. ലേശം റെസ്റ്റ് തരുമോ എന്ന് ആള്‍ട്ട്മാന് അടുത്ത ട്വീറ്റിടേണ്ടി വന്നു. 1985 ല്‍ ഹയാവൂ മിയാസകിയും ഇസാവോ തകാഹതയും ചേര്‍ന്നാണ് സ്റ്റുഡിയോ ഗിബ്ലിക്ക് തുടക്കമിട്ടത്. അതിസുന്ദരമായ, ഭാവനാസമ്പന്നമായ, വൈകാരികത നിറഞ്ഞ അനിമേഷന്‍ ചിത്രങ്ങള്‍ ഈ ജാപ്പനീസ് കമ്പനിയിലൂടെ പുറത്തുവന്നു. അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍ കൊണ്ടും ആഴത്തിലുള്ള കഥപറച്ചിലുകള്‍ കൊണ്ടും വ്യത്യസ്തമായ തീമുകള്‍ കൊണ്ടും ഗിബ്ലി ശ്രദ്ധ പിടിച്ചു പറ്റി. ആ ഗിബ്ലിയെയാണ് സാം ആള്‍ട്ട്മാനും സംഘവും സാധാരണക്കാരിലേക്ക് എത്തിച്ചത്. 

ENGLISH SUMMARY:

ChatGPT has overtaken Elon Musk’s X in monthly traffic, recording 4.786 billion views in April. This marks the fourth consecutive month of strong competition between the platforms. While X held the lead in January, ChatGPT began outperforming it from February onward. OpenAI’s success was significantly supported by Ghibli Trend.