വൈറ്റ് കോളര്‍ ജോലികളും അതില്‍ നിന്നുള്ള വരുമാനവുമാണ് സമ്പത്തുണ്ടാക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്നാണ് പൊതുധാരണ. എന്നാല്‍ മനസുവച്ചാല്‍ ഒരു ചെറിയ ബിസിനസില്‍ നിന്ന് പോലും ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറം വരുമാനം ഉണ്ടാക്കാന്‍ കഴിയും. അതിന് തെളിവാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ആക്ടിവിസ്റ്റുമായ നളിനി ഉനാഗര്‍ ഇന്നലെ എക്സ് പേജില്‍ പങ്കുവച്ച പോസ്റ്റ്. ഒറ്റമുറി ഡ്രൈക്ലീനിങ് കടയുടെ ചിത്രം ഉള്‍പ്പെട്ടതായിരുന്നു പോസ്റ്റ്. അതിനൊപ്പം അവര്‍ ഷെയര്‍ ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്.

‘ഇന്നലെ ഞാന്‍ വീടിനടുത്തുള്ള ഡ്രൈക്ലീനിങ് കടയില്‍ പോയി. മിക്കപ്പോഴും പോകാറുള്ള സ്ഥലമാണ്. അവിടെ ഇരുന്നപ്പോള്‍ ഉടമയോട് വിശേഷങ്ങള്‍ തിരക്കി. അദ്ദേഹവും ഭാര്യയും ചേര്‍ന്നാണ് കട നടത്തുന്നത്. തുണികള്‍ കലക്ട് ചെയ്യാനും തിരികെ കൊണ്ടുപോകാനും മറ്റുമായി രണ്ട് സഹായികള്‍ കൂടിയുണ്ട് കടയില്‍. പക്ഷേ പ്രധാന ജോലികളെല്ലാം ഉടമയും ഭാര്യയും തന്നെയാണ് ചെയ്യുന്നത്. സംസാരത്തിനിടെ ജീവിച്ചുപോകാനുള്ള വരുമാനം കിട്ടുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അതിനുള്ള മറുപടി കേട്ടപ്പോള്‍ ശരിക്കും ഞെട്ടി...’ – നളിനി കുറിച്ചു.

ആ ചെറിയ ഡ്രൈക്ലീനിങ് കടയില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഒരുമാസം 2,83,500 രൂപ! പത്തുവര്‍ഷം എക്സ്പീരിയന്‍സ് ഉള്ള ഐടി ജീവനക്കാരന് വലിയ കമ്പനികളില്‍ ശരാശരി 2 ലക്ഷം രൂപയാണ് ശമ്പളമെന്ന് ഓര്‍ക്കണമെന്ന് നളിനി പറയുന്നു. മാസം മൂന്നുദിവസം ദമ്പതികള്‍ അവധിയെടുക്കും. ബാക്കിയുള്ള 27 ദിവസത്തെ വരുമാനമാണ്  2,83,500 രൂപ. അതില്‍ 2 സഹായികള്‍ക്ക് 20,000 രൂപ വീതം ശമ്പളം കൊടുക്കും. വൈദ്യുതി ബില്‍ ശരാശരി 6000 രൂപ. പ്രതിമാസം ലാഭം 2,37,500 രൂപ!

ഒരുദിവസം ശരാശരി 10,500 രൂപയാണ് ഡ്രൈക്ലീനിങ് കടയില്‍ നിന്ന് കിട്ടുന്നത്. അതിന്‍റെ വിശദാംശങ്ങളും ഉടമ നളിനിയുമായി പങ്കുവച്ചു. ദിവസം 350 സാധാരണ വസ്ത്രങ്ങള്‍ അയണ്‍ ചെയ്യും. ഒന്നിന് 10 രൂപ നിരക്കില്‍ 3500 രൂപ. സ്യൂട്ട്, ചോളി, പ്രീമിയം സാരികള്‍ തുടങ്ങിയവ കുറഞ്ഞത് 20 എണ്ണമെങ്കിലും വരും. അതിന് ഡ്രൈ ക്ലീനിങ് അടക്കം 350 രൂപ വീതം ഈടാക്കും. ഏഴായിരം രൂപ അങ്ങനെയും വരും. ജനുവരിയിലെ വരുമാനമാണ് ഈ പറഞ്ഞത്. എത്ര കുറഞ്ഞാലും ശരാശരി, മാസം 2 ലക്ഷം രൂപയെങ്കിലും ചെലവ് കഴിഞ്ഞ് കയ്യില്‍ കിട്ടുമെന്ന് കടയുടമ പറഞ്ഞു.

തൊഴിലിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ തുറന്നുകാട്ടുന്നതാണ് ഈ അനുഭവമെന്ന് എക്സ് പോസ്റ്റിനുതാഴെ വന്ന കമന്‍റുകളില്‍ ഏറെയും പറയുന്നു. ചെറുകിട ബിസിനസുകളുടെ സാധ്യതകളെക്കുറിച്ചുള്ള വിശകലനങ്ങളും ഒപ്പമുണ്ട്. ഏതുതൊഴിലും ബഹുമാനം അര്‍ഹിക്കുന്നുവെന്നും വരുമാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റേണ്ട സമയം അതിക്രമിച്ചെന്നും യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Social media influencer Nalini Unagar recently sparked a viral debate after sharing the impressive earnings of a small, local dry-cleaning shop. Despite the common belief that white-collar IT jobs are the only path to high income, this couple-run business generates a monthly revenue of ₹2,83,500. After accounting for staff salaries and electricity, the owners take home a net profit of approximately ₹2,37,500, surpassing the average salary of an IT professional with ten years of experience. The business thrives by processing 350 standard garments and 20 premium items daily, proving that small-scale entrepreneurship can be highly lucrative.