ചൈനീസ് ചാറ്റ്ബോട്ട് ഡീപ്സീക്ക് ഡാറ്റ ചോര്‍ത്തുമെന്ന ആശങ്കയില്‍ നിരോധിക്കാനൊരുങ്ങി യുഎസ്. സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നുള്‍പ്പെടെ ഡീപ്സീക്ക് നീക്കം ചെയ്യാനായി ബില്ലിനുള്ള നിര്‍മാണത്തിലാണ് യുഎസ് നിയമവൃത്തങ്ങള്‍. ഡേറ്റകള്‍ ചൈനയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടന്ന ആശങ്കയിലാണ് ഇത്തരമൊരു നീക്കത്തിനു സെനറ്റ് തയ്യാറാകുന്നത്.
യുഎസ് സര്‍ക്കാരിന്‍റെ നിര്‍ദേശം ലംഘിച്ച് ആരെങ്കിലും ഡീപ്സീക് ഉപയോഗിച്ചാല്‍ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും സൂചന നല്‍കുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ ഉടമസ്ഥതയിലുള്ള കൃത്രിമബുദ്ധി ഉപയോഗിക്കാന്‍ യുഎസ് പൗരന്‍മാരെ വിലക്കുന്ന ബില്ലാണ് സെനറ്റ് തയ്യാറാക്കുന്നത്. ബില്ല് അവഗണിച്ച് യുഎസ് പൗരന്‍മാര്‍ ഡീപ്സീക്ക് ഉപയോഗിച്ചാല്‍ ആറര കോടി രൂപവരെ പിഴ അടക്കേണ്ടതായി വരും. മാത്രമല്ല 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമായി മാറുമെന്നും ബില്ലില്‍ പറയുന്നു.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹോലെയ് ആണ് ബില്‍ മുന്നോട്ടുവച്ചത്. ടിക്ടോക് നിരോധിച്ച അതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് രാജ്യത്ത് ഡീപ്സീക്കും നിരോധിക്കുന്നത്. ഡീപ് സീക്ക് ആപുമായി ബന്ധപ്പെട്ട സുരക്ഷയും, സ്വകാര്യതയും, ധാര്‍മികതയും ചോദ്യംചെയ്താണ് ജോഷ് ബില്‍ പ്രപ്പോസ് ചെയ്തത്. ഡീപ്സീക്ക് നിരോധിക്കുന്ന ആദ്യരാജ്യമല്ല യുഎസ്. ഇറ്റലി ഇതിനോടകം ആപിനെ രാജ്യത്തുനിന്നും നാടുകടത്തിക്കഴിഞ്ഞു. യുഎസിലെ തന്നെ ടെക്സസില്‍ നേരത്തേ ഡീപ്സീക്ക് നിരോധിക്കപ്പെട്ടിട്ടുണ്ട്. തായ്‌വാനും ഡീപ്സീക്കിനെ പുറന്തള്ളിക്കഴിഞ്ഞു. സമാനപാതയിലാണ് ഓസ്ട്രേലിയയും. അതേസമയം സ്വകാര്യതാ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ സെര്‍വറുകളില്‍ ഡീപ്സീക്ക് ഹോസ്റ്റ് ചെയ്യുമെന്നായിരുന്നു കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചത്.