TOPSHOT - England and Bayern Munich forward Harry Kane smiles after receiving the Ballon d'Or award for the best male footballer during the 2026 Ballon d'Or France Football award ceremony at the Palladium Theatre in London on October 26, 2026. (Photo by FRANCK FIFE / AFP)

  • 'ബലോന്‍ ദ് ഓര്‍' നേടുന്ന അഞ്ചാമത്തെ ഇംഗ്ലിഷ് താരമാണ് കെയ്ൻ. സ്റ്റാൻലി മാത്യൂസ് (1956), ബോബി ചാൾട്ടൻ (1966), കെവിൻ കീഗൻ (1978, 1979), മൈക്കൽ ഓവൻ (2001) എന്നിവരാണ് ഇതിനു മുൻപ് പുരസ്കാരം നേടിയ ഇംഗ്ലീഷുകാർ

വെംബ്ലി സ്റ്റേഡിയത്തിന്‍റെ ആകാശം സ്വർണനിറത്തിൽ പ്രകാശിച്ചു...25 വർഷത്തിനുശേഷം 'ബലോന്‍ ദ് ഓര്‍' നേട്ടവുമായി ഒരു ഇംഗ്ലണ്ട് താരം ചരിത്രം കുറിച്ച നിമിഷം. ഇംഗ്ലണ്ടിന്‍റെ നായകന്‍ ഹാരി കെയ്ന്‍ ലോകത്തിലെ മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള 'ബലോന്‍ ദ് ഓര്‍' ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയില്‍ നിന്ന് ഏറ്റുവാങ്ങി. 2001-ൽ മൈക്കൽ ഓവൻ 'ബലോന്‍ ദ് ഓര്‍' പുരസ്കാരം നേടിയതിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് താരമായി 33-കാരനായ ഹാരി കെയ്ൻ. അതും സ്വന്തം നാട്ടില്‍.  2015നു ശേഷം ആദ്യമായാണ് 'ബലോന്‍ ദ് ഓര്‍' പുരസ്കാരദാനച്ചടങ്ങ്  ഫ്രാൻസിന് പുറത്ത് നടക്കുന്നത്. ലണ്ടന്‍ വേദിയാവുന്നതും ആദ്യമായി. 1956 മുതൽ നൽകി വരുന്ന പുരസ്കാരത്തിന്‍റെ എഴുപതാം വാർഷികം കൂടിയാണിക്കുറി. 1956 –ല്‍ ആദ്യ 'ബലോന്‍ ദ് ഓര്‍' നേടിയ സ്റ്റാൻലി മാത്യൂസിന്‍റെ ബഹുമാനാര്‍ഥമാണ് ഇത്തവണ വേദി ലണ്ടനിലേക്ക് മാറ്റിയത്. അത് ഹാരി കെയ്ന് അനുഗ്രഹവുമായി. ഏതുഫുട്ബോളറുടെയും സ്വപ്നമായ, കളിക്കളത്തിലെ ഓസ്കര്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഫുട്ബോളിലെ മഹാരഥന്മാരെ സാക്ഷിയാക്കി, സ്വീകരിക്കുകയെന്ന വലിയ നേട്ടം യാഥാര്‍ഥ്യമായി.

Brazil's former footballer Ronaldo presents the Ballon d'Or award for the best male footballer to England and Bayern Munich forward Harry Kane during the 2026 Ballon d'Or France Football award ceremony at the Palladium Theatre in London on October 26, 2026. (Photo by FRANCK FIFE / AFP)

'എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാൻ. ലണ്ടനിൽവച്ച് ഈ പുരസ്കാരം നേടാനായത് ഇരട്ടി സന്തോഷം നല്‍കുന്നു. എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇത്തവണ വോട്ട് ചെയ്യുക എളുപ്പമായിരുന്നില്ലെന്ന് എനിക്കറിയാം. ഇന്ന് ഇവിടെ ലോകോത്തര താരങ്ങൾ ഒട്ടേറെയുണ്ട്. പുരസ്കാരങ്ങള്‍ നേടിയവര്‍ക്കും  നാമനിർദേശം ചെയ്യപ്പെട്ടവർക്കും അഭിനന്ദനങ്ങൾ. നിശ്ചയദാർഢ്യവും കഠിനാധ്വാനവും എത്രത്തോളം വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് ഈ പുരസ്കാരങ്ങൾ തെളിയിക്കുന്നു,'– കെയ്ൻ വികാരാധീനനായി. 

'ബലോന്‍ ദ് ഓര്‍' നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് താരമാണ് കെയ്ൻ. സ്റ്റാൻലി മാത്യൂസ് (1956), ബോബി ചാൾട്ടൻ (1966), കെവിൻ കീഗൻ (1978, 1979), മൈക്കൽ ഓവൻ (2001) എന്നിവരാണ് ഇതിനു മുൻപ് പുരസ്കാരം നേടിയ ഇംഗ്ലീഷുകാർ. സ്കോട്ട്ലൻഡിന്‍റെ ഡെനിസ് ലോ (1964), വടക്കൻ അയർലൻഡിന്‍റെ ജോർജ് ബെസ്റ്റ് (1968) എന്നിവരും 'ബലോന്‍ ദ് ഓര്‍' നേടിയിട്ടുണ്ട്.

റയൽ മഡ്രിഡിന്‍റെയും ഫ്രാൻസിന്‍റെയും മുന്നേറ്റതാരം കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ  ബാര്‍സലോനയുടെയും  സ്പെയിനിന്‍റെയും യുവതാരം ലാമിൻ യമാൽ മൂന്നാം സ്ഥാനത്തെത്തി. 

കെയ്നിന്‍റെ നേട്ടത്തില്‍ ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുഷേലും സന്തോഷം മറച്ചുവച്ചില്ല. 'നിങ്ങളുടെ പ്രകടനങ്ങളെ വിശേഷിപ്പിക്കാൻ അനുയോജ്യമായ വാക്കുകൾ എനിക്ക് പണ്ടേ തീർന്നുപോയതാണ്. എന്നാൽ, ഫുട്ബോൾ ലോകം നിങ്ങളുടെ മികവിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. 25 വർഷത്തിനിടെ 'ബലോന്‍ ദ് ഓര്‍' നേടുന്ന ആദ്യ ഇംഗ്ലീഷുകാരനെന്ന നേട്ടം ഈ പുരസ്കാരത്തെ കൂടുതൽ സവിശേഷമാക്കുന്നു. നിങ്ങളെപ്പോലൊരു താരത്തെ ടീമിന്‍റെ നായകനായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടവർക്കൊപ്പം ഈ നിമിഷം ആസ്വദിക്കുമെന്നും പിന്നീട് നിങ്ങൾ ഏറ്റവും നന്നായി ചെയ്യുന്ന കാര്യങ്ങളിലേക്ക് തിരിച്ചെത്തുമെന്നും എനിക്കറിയാം. ഗോളുകൾ നേടുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യുക'–ടുഷേൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 51 മത്സരങ്ങളിൽനിന്ന് കെയ്ൻ നേടിയത് 61 ഗോളുകൾ. ഒരു സീസണിൽ ബയേൺ മ്യൂണിക്കിനായി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾനേട്ടമാണിത്. ഇംഗ്ലണ്ട് ദേശീയ ടീമിനായുള്ള മത്സരങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ 65 മത്സരങ്ങളിൽനിന്ന് 73 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് കെയ്‌ന്‍റെ സമ്പാദ്യം. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിൽ കളിക്കുന്ന ഒരു ക്ലബ്ബിനായി ഒരു സീസണിൽ ഇതിലും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ഒരേയൊരു താരം മാത്രമാണ്.എന്നാൽ, കഴിഞ്ഞ സീസണിൽ ഫുട്ബോളിലെ ഏറ്റവും വലിയ രണ്ട് കിരീടങ്ങളിലൊന്നുപോലും നേടാൻ കഴിയാതിരുന്നിട്ടും കെയ്ൻ 'ബലോന്‍ ദ് ഓര്‍' സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയം. ലോകകപ്പിന്‍റെയും ചാംപ്യന്‍സ് ലീഗിന്‍റെയും സെമിഫൈനലുകളിൽ കെയന്‍റെ ടീമുകൾ പുറത്തായിരുന്നു. 1981-ൽ കാൾ-ഹെയ്ൻസ് റുമെനിഗെ പുരസ്കാരം നേടിയതിനുശേഷം 'ബലോന്‍ ദ് ഓര്‍' നേടുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരവുമാണ് ഇംഗ്ലണ്ട് നായകൻ.

റെക്കോർഡുകൾ തകർത്ത് ഹാരി കെയ്‌ന്‍റെ 2025–26 സീസൺ

കിരീടനേട്ടങ്ങളുടെ കണക്കിൽ കഴിഞ്ഞ സീസണിൽ ജർമനിയിലെ ഇരട്ടക്കിരീടം മാത്രമാണ് ഹാരി കെയ്ൻ സ്വന്തമാക്കിയതെന്ന് പറയാം. എന്നാൽ, അതോടെ കരിയറിൽ നേടിയ ആകെ കിരീടങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി. തൊട്ടുമുൻപത്തെ സീസണിൽ ബുന്ദസ്‌ലിഗ കിരീടവും കെയ്ൻ നേടിയിരുന്നു. വ്യക്തിഗത പ്രകടനങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ സീസണിൽ കെയ്‌നെ മറികടക്കാൻ മറ്റൊരു താരത്തിനുമായില്ല. 'ബലോന്‍ ദ് ഓര്‍'  പുരസ്കാരത്തിനായുള്ള മുൻ പരിഗണനകളിൽ പത്താം സ്ഥാനമായിരുന്നു കെയ്‌ന്റെ മികച്ച നേട്ടം. എന്നാൽ, കഴിഞ്ഞ സീസണിലെ പ്രകടനം അതിനുമപ്പുറത്തേക്കുള്ള കുതിപ്പായി. ബയേൺ മ്യൂണിക്കിനായി എല്ലാ മത്സരങ്ങളിലുമായി 61 ഗോളുകളാണ് കെയ്ൻ നേടിയത്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിൽ കളിക്കുന്ന മറ്റേതൊരു താരത്തേക്കാളും 19 ഗോളുകൾ അധികം.11 വർഷം മുമ്പ് റയൽ മഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 61 ഗോളുകൾക്കുശേഷം ഒരു സീസണിൽ ഇത്രയധികം ഗോളുകൾ നേടുന്ന ആദ്യ താരവും കെയ്‌നാണ്. ബുന്ദസ്‌ലിഗയിൽ 36 ഗോളുകളുമായി ടോപ് സ്കോററായ കെയ്ൻ രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാൾ 17 ഗോളുകൾ മുന്നിലായിരുന്നു. ചാംപ്യന്‍സ് ലീഗിൽ സെമിഫൈനലിൽ പുറത്തായ ബയേണിനായി 14 ഗോളുകളും നേടി. ജർമൻ കപ്പിൽ 10 ഗോളുകളാണ് കെയ്‌ന്റെ സമ്പാദ്യം. ഫൈനലിൽ സ്റ്റുട്ട്ഗാർട്ടിനെ 3–0ന് തോൽപ്പിച്ച മത്സരത്തിൽ ഹാട്രിക്കും നേടി. ജർമൻ സൂപ്പർ കപ്പിലും ഒരു ഗോൾ കണ്ടെത്തി. 

ഗെർഡ് മുള്ളർ, കാൾ-ഹെയ്ൻസ് റുമെനിഗെ, സമീപകാലത്ത് റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയ ഇതിഹാസ ഗോൾവേട്ടക്കാർ അണിനിരന്ന ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയധികം ഗോളുകൾ നേടിയ മറ്റൊരു താരമില്ല. ഇംഗ്ലണ്ട് ദേശീയ ടീമിനായി കഴിഞ്ഞ സീസണിൽ നേടിയ 12 ഗോളുകൾ കൂടി കണക്കിലെടുക്കുമ്പോൾ കെയ്‌ന്റെ ആകെ ഗോൾനേട്ടം 73 ആയി. ലോകകപ്പിൽ നേടിയ ആറു ഗോളുകളും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ കളിച്ച താരങ്ങളിൽ ഒരു സീസണിൽ ഇതിലും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ഒരേയൊരാൾ മാത്രം ! ലയണൽ മെസ്സി. 2011–12 സീസണിൽ ബാഴ്സലോണയ്ക്കും അർജന്‍റീനയ്ക്കുമായി മെസ്സി നേടിയത് 82 ഗോളുകളാണ്.

ഗോള്‍ വേട്ടക്കാര്‍ ഇവര്‍

  • 2011–12 ലയണൽ മെസ്സി 82 
  • 2025–26 ഹാരി കെയ്ന്‍ 73
  • 1972–73  ഗെർഡ് മുള്ളർ   72 
  • 2011–12 2014–15  ക്രിസ്റ്റ്യാനോ റൊണാൾഡോ  66 ഗോളുകള്‍ വീതം
  • 1996–97 റൊണാൾഡോ നസാരിയോ 66 
  • 2022–23  എർലിങ് ഹാളണ്ട് 64 
  • 2015–16 ലൂയി സുവാരസ് 64 
ENGLISH SUMMARY:

Harry Kane was crowned the Ballon d’Or winner in a historic ceremony at Wembley Stadium in London, becoming the first English player to win the prestigious award since Michael Owen in 2001. The 33-year-old England captain received the honour from Brazilian legend Ronaldo, with the ceremony marking the first time since 2015 that the event was held outside France and coinciding with the award’s 70th anniversary. Kylian Mbappé finished second, while Barcelona and Spain youngster Lamine Yamal secured third place. Kane scored 61 goals for Bayern Munich in the 2025–26 season and added 12 goals for England, taking his total to 73 goals across club and international competitions, a remarkable achievement surpassed only by Lionel Messi’s 82-goal haul in the 2011–12 season.