ആൺകുട്ടികളുടെ വേഷം ധരിച്ച് പരിശീലനം നടത്തിയിരുന്ന പെൺകുട്ടിയാണ് അഫ്ഗാനിസ്ഥാനിലേക്ക് ഏഷ്യൻ ഗെയിംസിലെ ആദ്യ വെള്ളിമെഡല്‍ എത്തിച്ചത്. താലിബാൻ ഭരണത്തിലെത്തിയതോടെ നാട് വിട്ട ഫരീബ ഹാഷിമി ഇറ്റലിയിൽ പരിശീലനം തുടർന്നാണ് ഏഷ്യൻ ഗെയിംസിൽ സൈക്ലിങ്ങില്‍ മെഡലണിഞ്ഞത്.

ഏഷ്യന്‍ ഗെയിംസ് പോഡിയത്തില്‍ എത്തിനില്‍ക്കുന്ന ഫരീബ ഹാഷിമിയുടെ സൈക്ലിങ്ങ് യാത്ര തുടങ്ങുന്നത് പതിനഞ്ചാം വയസിലാണ്. സഹോദരി യിൽദൂസായിരുന്നു പ്രചോദനം.  പക്ഷേ, അഫ്ഗാനിസ്ഥാനിൽ ഒരു പെൺകുട്ടിക്ക് സൈക്കിൾ ഓടിക്കുക അത്ര എളുപ്പമല്ല. പെണ്‍കുട്ടിയായതുകൊണ്ട് പരിശീലനത്തിനിടെ ആളുകള്‍ കല്ലുകളും കുപ്പികളും എറിഞ്ഞു. വിട്ടുകൊടുത്തില്ല. ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിച്ചിറങ്ങി. തിരിച്ചറിയാതിരിക്കാൻ മുഖത്ത് രണ്ടും മൂന്നും മാസ്കുകൾ ധരിച്ചു.

2021ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്കുമേലുള്ള നിയന്ത്രണം കൂടുതല്‍ ശക്തമായി. അതോടെ നാടുവിട്ടു. അഭയംനല്‍കിയത് ഇറ്റലി. മുൻ ലോക ചാമ്പ്യൻ അലസാന്ദ്ര കാപ്പലോട്ടോയുടെ സഹായത്തോടെ പരിശീലനം പുനരാരംഭിച്ചു. പാരിസ് ഒളിംപിക്സില്‍ മല്‍സരിച്ചു. 

ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ടൈം ട്രയലിൽ ഏഴാം സ്ഥാനം. റോഡ് റേസില്‍ വെള്ളി മെഡല്‍. ഒരിക്കല്‍ സൈക്കിളോടിച്ചതിന് കല്ലേറുകൊണ്ടവള്‍ അഫ്ഗാനിസ്ഥാന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ആദ്യ സൈക്ലിങ് മെഡൽ സമ്മാനിച്ചു. 

ENGLISH SUMMARY:

Fariba Hashimi, an Afghan cyclist who once faced stoning and harassment for riding a bicycle as a teenager, secured Afghanistan's first-ever Asian Games cycling silver medal in the road race event. To continue practicing in Afghanistan, she disguised herself in boys' attire and wore multiple masks to avoid identification. Following the Taliban's takeover in 2021, Fariba fled her homeland and sought refuge in Italy, where she resumed training under former world champion Alessandra Cappellotto. After representing her country at the Paris Olympics and placing seventh in the individual time trial, her historic silver medal win marks an extraordinary triumph over extreme adversity.