നാഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച മെഡല്‍ നേടാനായില്ലെങ്കിലും കൂടുതല്‍ ഇനങ്ങളില്‍ ഭാവിപ്രതീക്ഷയായി ഒരുപിടി യുവതാരങ്ങള്‍. അതേസമയം അത്‌ലറ്റിക്സിലും ഷൂട്ടിങ്ങിലും ഇന്ത്യ ഏറെ പിന്നാക്കം പോയി. 2028 ലൊസാഞ്ചലസ് ഒളംപിക്സിനു മുമ്പ് തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയായി നഗോയ ഗെയിംസ്. 

2023 ല്‍ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക്  ഇന്ധനമായത് അത്‌ലറ്റിക്സും ഷൂട്ടിങ്ങുമായിരുന്നു. നഗോയയില്‍ അത്‌ലറ്റിക്സില്‍ അഞ്ചും ഷൂട്ടിങില്‍ നാലും സ്വര്‍ണം കുറഞ്ഞു. ആകെ മെഡല്‍പ്പട്ടികയെ ഇത് ബാധിച്ചു. സ്വര്‍ണ മെഡല്‍ 28 ൽ നിന്ന് 21 ആയി. ആകെ മെഡല്‍ നേട്ടവും ‌106 ൽ നിന്ന് 85 ആയി. ബാഡ്മിന്റന്‍, ടെന്നിസ് തുടങ്ങിയവയിലും ഇന്ത്യന്‍ താരങ്ങള്‍ പിന്നാക്കം പോയി. 

ചില മേഖലകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ചരിത്രവും രചിച്ചു. അമ്പെയ്ത്ത്, ബോക്സിങ്, ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, കബഡി, ഗോൾഫ് തുടങ്ങിയവയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വരവറിയിച്ചു. അമ്പെയ്ത്തില്‍ ഒന്‍പത് മെഡലുകള്‍. വനിതാ വ്യക്തിഗത റിക്കർവിൽ കുംകും അനിൽ മോഹോദ് സ്വർണം നേടി ചരിത്രമെഴുതി. വ്യക്തിഗത റിക്കർവിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും സ്വന്തമാക്കി. ഈ ഇനത്തില്‍ ദക്ഷിണ കൊറിയയുടെ 28 വർഷത്തെ ഏഷ്യൻ ഗെയിംസ് ആധിപത്യത്തിനും വിരാമമിട്ടു. 

44 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പുരുഷന്മാര്‍ ആദ്യമായി സ്വര്‍ണം നിലനിര്‍ത്തി. ഇരുടീമുകളും നേരെ ഒളിംപിക്സ് യോഗ്യതയും നേടി. ബോക്സിങ്ങിൽ മൂന്ന് സ്വർണം ഇന്ത്യയുടെ അക്കൗണ്ടിലെത്തി. മേരികോമിന്‍റെ പിന്തുര്‍ച്ചക്കാരിയാകുന്നു ലൊവ്ലിന ബോർഗോഹൈൻ ഉൾപ്പെടെയുള്ള താരങ്ങൾ. 

അവസാന നാലു ദിവസമാണ് ഇന്ത്യ മുന്നേറിയത്. ഇത്തവണ മെഡല്‍ നേട്ടം കുറഞ്ഞെങ്കിലും 85 മെഡലുകള്‍ ഇന്ത്യയുടെ എക്കാലത്തെയും രണ്ടാമത്തെ മികച്ച ഏഷ്യൻ ഗെയിംസ് പ്രകടനമാണ്.  ഇന്ത്യയുടെ മെഡൽ ബേസ് വികസിക്കുന്നു, പക്ഷേ സ്വർണത്തിലേക്ക് മാറ്റാന്‍ ഏറെ മെച്ചപ്പെടണമെന്നതാണ് ഐച്ചി – നാഗോയയുടെ ഏറ്റവും വലിയ പാഠം. 

ENGLISH SUMMARY:

Although India fell short of its overall medal target at the Aichi-Nagoya Asian Games, the performance highlighted a growing pool of promising young talent across diverse sports disciplines. India experienced a dip in its traditionally strong areas of athletics and shooting, causing its overall gold tally to drop from 28 to 21 and the total medal count to drop from 106 to 85. Despite this setback, Indian athletes created history in several sports, with Kumkum Anil Mohod becoming the first Indian woman to win an individual recurve archery gold and the women's hockey team winning gold after a 44-year hiatus. Serving as a key milestone ahead of the 2028 Los Angeles Olympics, the Games proved that while India's overall medal base is expanding, converting strong performances into gold medals remains a crucial area for future improvement.