പാരിസ് ഒളിംപിക്സില്‍ ലിംഗവിവാദത്തില്‍ പെട്ട തായ്‌വാനീസ് ബോക്‌സര്‍ ലിന്‍ യു ടിങ്ങിന്‍റെ തിരിച്ചുവരിനും ഏഷ്യന്‍ ഗെയിംസ് വേദിയായി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടാനായത് ജീവിതത്തിലെ വലിയ നേട്ടമാണെന്ന് ലിന്‍ പറഞ്ഞു. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് ലിന്‍ സ്വര്‍ണം നേടിയത്.
പാരിസ് ഒളിംപിക്‌സില്‍ ലിംഗനീതി വിവാദത്തില്‍പെട്ട ലിന്‍ യു ടിങ്ങ് ഈവര്‍ഷമാണ് ബോക്സിങ്ങ് റിങ്ങിലേയ്ക്ക് മടങ്ങിയെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ യാങ് ചെങ്യുവിനെ 5-0ന് തോല്‍പിച്ച് സ്വര്‍ണനേട്ടം. നഗോയ നഗരമധ്യത്തില്‍ ആരാധകര്‍ക്കൊപ്പം മെഡല്‍നേട്ടം ആഘോഷിച്ചു.
പാരിസ് ഒളിംപിക്‌സില്‍ ലിന്‍ യു-ടിങ്ങും അള്‍ജീരിയയുടെ ഇമാന്‍ ഖലീഫും ലിംഗ യോഗ്യതയെച്ചൊല്ലിയ വിവാദങ്ങള്‍ക്കിടയിലും സ്വര്‍ണം നേടിയിരുന്നു. വേള്‍ഡ് ബോക്‌സിങ്ങിന്‍റെ പരിശോധനയ്ക്ക് ശേഷം ഈ വര്‍ഷം ആദ്യമാണ് ലിന്നിന് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. വിവാദങ്ങളെ എങ്ങനെ നേരിട്ടുവെന്ന ചോദ്യത്തിന്, പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്വന്തം പ്രകടനത്തില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്ന് ലിന്‍ പറഞ്ഞു.