ഏഷ്യൻ ഗെയിംസിൽ വനിതാ കബഡി  സ്വർണം നേടിയ ടീം അംഗം ഋതു നെഗിയുടെ പേര് ക്യാഷ് അവാര്‍ഡ‍് നല്‍കുന്നവരുടെ പട്ടികയില്‍ നിന്ന് വെട്ടിയതിനെച്ചൊല്ലി വിവാദം. മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടിരൂപയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രശ്നം ബിജെപി ഏറ്റെടുത്തതോടെ ഋതുവിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദമായി.

നഗോയ ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം നേടിയവര്‍ക്ക് ഒരു കോടിരൂപവീതം പ്രഖ്യാപിച്ച കാഷ് അവാര്‍ഡ് പട്ടികയില്‍ നിന്നാണ് കബഡി ടീം അംഗവും മുന്‍ ഇന്ത്യയന്‍ ക്യാപറ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഋതു നേഗിയുടെ പേര് അവസാനനിമിഷം വെട്ടിയത്.  വനിതാ കബഡി ടീമിലെ  ഹിമാചല്‍ താരങ്ങളായ പുഷ്പ റാണ, ജ്യോതി ഠാക്കൂർ, ഭാവ്ന ഠാക്കൂർ എന്നിവർക്കും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം രേണുകാ ഠാക്കൂറിനും ഓരോ കോടി രൂപയുടെ സമ്മാനത്തുക മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവാണ് പ്രഖ്യാപിച്ചത്. 

അവസാന നിമിഷം പേരുവെട്ടിയത് അങ്ങേയറ്റം അപമാനകരമെന്ന് ഋതു പ്രതികരിച്ചു.ഹിമാചലിലെ സിർമൗർ ജില്ലയിലെ ഷില്ലായ് പ്രദേശത്ത് നിന്നുള്ള റിതു ഹരിയാണയിലെ പാണിപ്പത്തില്‍ നിന്നാണ്   വിവാഹം കഴിച്ചത്.  ഇന്ത്യൻ റെയിൽവേയിലാണ് ജോലി ചെയ്യുന്നതെങ്കിലും, ദേശീയ മത്സരങ്ങളിൽ ഹരിയാണയെയല്ല ഹിമാചലിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഋതുവിനെ ഒഴിവാക്കിയതിലൂടെ ഹിമാചലിന്റെ മകളുടെ അന്തസ് മുറിപ്പെടുത്തിയെന്ന്  ഷില്ലായിയിൽ നിന്നുള്ള മുൻ എംഎൽഎയും ബി.ജെ.പി. സംസ്ഥാന വക്താവുമായ ബൽദേവ് സിംഗ് തോമർ പറഞ്ഞു. ഹാങ്ചൗ ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്നു ഋതു. പേര് വെട്ടിയതിന്‍റെ കാരണം അറിയില്ലെന്നും പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കായിക മന്ത്രി യാദ്വിന്ദർ ഗോമ വ്യക്തമാക്കി.

ENGLISH SUMMARY:

Ritu Negi cash award controversy sparked massive political outrage after the Asian Games gold medalist was excluded from the Himachal Pradesh government's prize list. The incident led to severe backlash from opposition leaders demanding immediate action from Chief Minister Sukhvinder Singh Sukhu.