ഫയല്‍ ചിത്രം  (Photo by PIERRE-PHILIPPE MARCOU / AFP)

ഫയല്‍ ചിത്രം (Photo by PIERRE-PHILIPPE MARCOU / AFP)

അടുത്തിടെയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകി ജോർജിന റോഡ്രിഗസും വിവാഹിതരായത്. അന്നുമുതല്‍ ആരാധകർ കാത്തിരുന്ന ആ വിവാഹച്ചടങ്ങിന്‍റെ ആദ്യ വിഡിയോ ഇതാ പുറത്തുവന്നിരിക്കുകയാണ്. റൊണാള്‍ഡോ ആരാധകര്‍ക്കിടയിലും ഫുട്ബോൾ ലോകത്തും തരംഗമാകുകയാണ് റൊണാൾഡോ– ജോർജിന വിവാഹ വിഡിയോ. വോഗ് ആണ് പുതിയ വിഡിയോയും കൂടുതല്‍ ചിത്രങ്ങളും പുറത്തുവിട്ടത്. വിഡിയോ ആരാധകർക്കിടയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ലളിതമായ ചടങ്ങ് ആയിരുന്നിട്ടും, ഫുട്ബോൾ ലോകത്തിന് വലിയ ആഘോഷമായി മാറിയിരിക്കുകയാണ് റൊണാൾഡോ– ജോർജിന വിവാഹം.

വർഷങ്ങളായി ഒന്നിച്ച് ജീവിക്കുന്ന ഇരുവരും തികച്ചും ലളിതമായാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. ആഡംബരങ്ങൾക്കോ ക്യാമറ കണ്ണുകൾക്കോ ഇടം നൽകാതെ, അതീവ സ്വകാര്യമായായിരുന്നു ചടങ്ങുകൾ. പോർച്ചുഗലിലെ കാസ്കെയ്സിൽ വെച്ച് നടന്ന ചെറിയ ചടങ്ങിൽ കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. പുറത്തുനിന്നുള്ള വലിയ വേദികളേക്കാൾ തങ്ങളുടെ വീടിന്‍റെ സ്വീകരണമുറിയാണ് വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നടുവിൽ വെച്ച് പരസ്പരം വിവാഹമോതിരങ്ങൾ കൈമാറി അവർ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കുവെച്ചു. പുറത്തുവന്ന പുതിയ വിഡിയോയിൽ ഇരുവരും തമ്മിലുള്ള സ്നേഹവും ഒപ്പം കുടുംബത്തോടുള്ള അവരുടെ കരുതലും പ്രതിഫലിക്കുന്നുണ്ട്.

അതേസമയം, തങ്ങളുടെ അഞ്ച് മക്കളായിരുന്നു ചടങ്ങിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷികളെന്ന് ജോർജിന വോഗ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്പെയിനിലും പോർച്ചുഗലിലുമായി വളർന്നവരാണ് തങ്ങള്‍. ‌ഒന്നുമില്ലായ്മയുടെയും എല്ലാം ഉള്ളതിന്റെയും വില തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും വോഗിനോട് ജോർജിന പറയുന്നു.  ‘ഞങ്ങളുടെ എല്ലാ ദിവസങ്ങളിലുമെന്നപോലെ മക്കൾ തന്നെയാണ് വിവാഹത്തിലും പ്രധാന സാക്ഷികളായത്. ഞങ്ങളുടെ സമയം അവര്‍ക്ക് മാത്രമുള്ളതാണെന്ന് അവർക്കറിയാം’– ജോർജിന പറഞ്ഞു.

ഏകദേശം ഒരു ദശാബ്ദത്തോളമായി റൊണാൾഡോയും ജോർജിനയും ഒരുമിച്ചാണ് കഴിയുന്നത്. ഇവർക്ക് അഞ്ച് മക്കളാണുള്ളത്. 2025 ഓഗസ്റ്റിൽ ഇരുവരുടേയും വിവാഹനിശ്ചയം നടന്നത് വലിയ വാർത്തയായിരുന്നു. അന്നുമുതല്‍ തീയതി, സ്ഥലം, അതിഥികള്‍ എന്നിവയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നു. റിയോ ഫെർഡിനാണ്ട് മുതൽ റിഹാന വരെ അതിഥികളായി എത്തുമെന്നായിരുന്നു അഭ്യൂഹം. ഒടുവിൽ, തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ ദിനം തന്നെ ദമ്പതികള്‍ വിവാഹിരാകാന്‍ തിരഞ്ഞെടുത്തു, ഓഗസ്റ്റ് 11. വിവാഹത്തിന് തൊട്ടുപിന്നാലെ റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരെ സന്തോഷവാർത്ത അറിയിച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞ കൈകൾ കോർത്തുപിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് "C ❤️ G" എന്നാണ് താരം കുറിച്ചത്. ‍

2016-ൽ ഒരു ഗുച്ചി സ്റ്റോറിൽ വെച്ചാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്. ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു ജോര്‍ജീന. പിന്നീട് 2017-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ബന്ധം പരസ്യമായത്. തങ്ങളുടെ പ്രണയം ഇത്രയും ശക്തമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റൊണാൾഡോ ഒരിക്കല്‍ തന്‍റെ നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ഐ ആം ജോർജീന'യിൽ വെളിപ്പെടുത്തിയിരുന്നു.

അഞ്ച് കുട്ടികളാണ് റൊണാൾഡോ- ജോർജീന ദമ്പതികൾക്കുള്ളത്. റൊണാൾഡോയുടെ മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവാ മരിയ, മാറ്റിയോ, കൂടാതെ റൊണാൾഡോയ്ക്കും ജോർജീനയ്ക്കും ജനിച്ച അലാന, ബെല്ല എന്നിവരാണ് മക്കള്‍. 2022-ൽ തങ്ങൾക്ക് ജനിച്ച മറ്റൊരു കുഞ്ഞ് പ്രസവത്തിന് തൊട്ടുപിന്നാലെ മരണപ്പെട്ടത് വലിയ ആഘാതമായിരുന്നെന്ന് ദമ്പതികള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എങ്കിലും പരസ്പര പിന്തുണയോടെ പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.

ENGLISH SUMMARY:

Football legend Cristiano Ronaldo and his longtime partner Georgina Rodriguez have officially released the first video of their intimate wedding ceremony through Vogue. The private ceremony took place in Portugal on August 11, chosen specifically as the anniversary date of their very first meeting. Opting for simplicity over extravagance, the couple exchanged vows in their home's living room surrounded only by their five children and close family members. The heartwarming footage capturing their special day has since gone viral, delighting fans and the football community worldwide.