Image Credit: instagram/vaibhav

Image Credit: instagram/vaibhav

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ വൈഭവ് സൂര്യവംശി തന്‍റെ പതിനഞ്ചാം വയസില്‍ ഇന്ത്യയുടെ ട്വന്‍റി 20 ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഐപിഎലിലെ മിന്നും പ്രകടനമാണ് ട്വന്‍റി 20യില്‍ നീലക്കുപ്പായം വൈഭവിനെ തേടിയെത്താന്‍ കാരണമെന്ന് മുഖ്യ സിലക്ടറായ അജിത് അഗാര്‍ക്കറും പറയുന്നു. ജൂണില്‍ ഇന്ത്യയ്ക്കായി ഇറങ്ങുന്നതോടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് മറികടക്കുക. 16–ാം വയസിലാണ് സച്ചിന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈഭവിന് 15 വയസും 71 ദിവസവുമാണിപ്പോള്‍ പ്രായം.

ഐപിഎലില്‍ 16 ഇന്നിങ്സുകളില്‍ നിന്നായി 776 റണ്‍സായിരുന്നു വൈഭവ് നേടിയത്. 72 സിക്സുകള്‍ ഉള്‍പ്പടെയായിരുന്നു ഇത്. ഓറഞ്ച് ക്യാപ്പ്, എമേര്‍ജിങ് പ്ലേയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ടൂര്‍ണമെന്‍റിന്‍റെ താരം , ഏറ്റവുമധികം സിക്സുകള്‍ ഇതെല്ലാമായാണ് താരം സീസണ്‍ അവസാനിപ്പിച്ചത്. 

വൈഭവ് 'ദൈവത്തിന്‍റെ കുഞ്ഞാ'ണെന്നായിരുന്നു കുട്ടിക്കാലത്തെ പരിശീലകനായ മനീഷ് ഓജയുടെ പ്രതികരണം. പ്രതിഭയും കഠിനാധ്വാനവുമാണ് വൈഭവിന്‍റെ കൈമുതലെന്നും വൈഭവിനെ ഇങ്ങനെ വളര്‍ത്തിയെടുത്തതിന്‍റെ ക്രെഡിറ്റ് പിതാവ് സഞ്ജീവ് സൂര്യവംശിക്കാണെന്നും മനീഷ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറ​ഞ്ഞു.  ഐപിഎല്‍ പ്രകടനത്തിലൂടെ ഒരു കായിക താരത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന നേട്ടം വൈഭവ് ഉണ്ടാക്കിയെന്നും പഴയ കോച്ച് പറയുന്നു. 'ട്രൂലി സ്പെഷലെന്നാണ് സച്ചിന്‍ പറഞ്ഞത്, വിരാട് കോലിയാവട്ടെ ഇനി നിന്‍റെ കാലമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഇതില്‍ കൂടുതലെന്താണ് അവന് വേണ്ടത്?'- മനീഷ് ചോദിക്കുന്നു. വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിയുന്ന താരമാണ് വൈഭവ്. ഐപിഎല്‍ പ്ലേ ഓഫുകളിലും അണ്ടര്‍–19 ലോകകപ്പ് ഫൈനലിലും അത് കണ്ടതാണ്. സിലക്ടര്‍മാര്‍ വൈഭവിനെ തിരഞ്ഞെടുത്തതില്‍ സന്തോഷം. ഇതൊരു തുടക്കം മാത്രമാണ്. നേടാന്‍ ഇനിയൊരുപാട് വൈഭവിന് മുന്നിലുണ്ട്'- കോച്ച് സന്തോഷം മറച്ചുവച്ചില്ല. 

ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി കിരീടം നേടിയതിന് പിന്നാലെയായിരുന്നു വൈഭവ് സൂര്യവംശിയെ ചേര്‍ത്തു പിടിച്ച് വിരാട് കോലി സംസാരിച്ചത്. 'ഇനി നിന്‍റെ കാലമാണെന്നും സ്വന്തം കഴിവിലും പ്രയത്നത്തിലും വിശ്വസിക്കണമെന്നും ആളുകള്‍ പറയുന്നതിനെ കാര്യമാക്കേണ്ടതില്ലെന്നും കോലി വൈഭവിനോട് പറയുകയും ചെയ്തു. 'ഏക് ബിഹാരി, സബ് പെ ഭാരി'യെന്ന പ്രശസ്തമായ ഡയലോഗും കോലി വൈഭവിനോട് പറയുന്നതിന്റെ വിഡിയോ ആര്‍സിബി പുറത്തുവിട്ടിരുന്നു.

ഓരോ കളിക്ക് മുന്‍പും തന്‍റേതായ രീതിയില്‍ വൈഭവ് പഠിക്കുമെന്നും അതിവേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ താരത്തിന് കഴിയുമെന്നും മനീഷ് പറയുന്നു. വിഡിയോ അനലിസ്റ്റിനൊപ്പം ഇരുന്ന് കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പുറമെ സ്വന്തമായി ചെയ്യേണ്ടതെല്ലാം താരം ചെയ്യുന്നുമുണ്ടെന്നും അദ്ദേഹം വിലയിരുത്തി. 

ലോകം മുഴുവന്‍ പ്രശംസ കൊണ്ട് വൈഭവിനെ മൂടുമ്പോഴും ഇതില്‍ മതിമറക്കരുതെന്ന് ഉപദേശിക്കുകയാണ് പിതാവ് സഞ്ജീവ്. ഇന്നുവരെ വൈഭവ് ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടില്ലെന്നും ടെസ്റ്റില്‍ കഴിവ് തെളിയിക്കുമ്പോള്‍ വൈഭവ് മികച്ച താരമാണെന്ന് താന്‍ അംഗീകരിക്കാമെന്നുമാണ് സഞ്ജീവിന്‍റെ നിലപാട്. ബിഹാറിലെ ചെറിയ ഗ്രാമത്തില്‍ നിന്ന് ഐപിഎലിന്‍റെ താരപ്രഭയിലേക്കും അവിടെ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പകിട്ടാര്‍ന്ന ലോകത്തിലേക്കുമാണ് വൈഭവ് സൂര്യവംശിയെന്ന 15കാരന്‍ നടന്ന് കയറുന്നത്. പ്രതീക്ഷകള്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ വൈഭവിന് കഴിയട്ടെയെന്നും കോച്ച് മനീഷ് ഓജ പറഞ്ഞത് പോലെ ഇതൊരു തുടക്കമാവട്ടെയെന്നുമാണ് ആരാധകരും പറയുന്നത്. 

ENGLISH SUMMARY:

Fifteen-year-old batting sensation Vaibhav Suryavanshi has created cricket history by earning a selection into the Indian national T20 squad, effectively breaking Sachin Tendulkar’s long-standing record as the youngest inductee. Chief Selector Ajit Agarkar confirmed that Suryavanshi's incredible IPL season, where he amassed 776 runs and hit 72 sixes to claim the Orange Cap, earned him the national call-up. Following the IPL final, maestro Virat Kohli embraced the young prodigy in a viral video, motivating him with the iconic phrase "Ek Bihari, Sab Pe Bhari" and advising him to ignore outside noise. While his childhood coach Manish Ojha praised the youngster's ability to seamlessly handle pressure during major tournament knockouts, his father Sanjeev maintaining a strictly grounded approach, stating he will only evaluate his son's true greatness once he proves himself in Test cricket. Emerging from a small village in Bihar, the young prodigy's journey to the pinnacle of world cricket has generated massive anticipation among fans globally.