ഈ കാലഘട്ടത്തിലെ ഏറ്റവും കായികക്ഷമതയുള്ള കായികതാരമേതെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്നായിരിക്കും. ഫുട്ബോള്‍ കരിയറിലെ ഗോളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടര മീറ്ററിലധികം ഉയരത്തില്‍ ചാടിയതും 32 കിലോമീറ്റര്‍ വേഗതയില്‍ ഓടിയതുമെല്ലാം സിആര്‍7ന്‍റെ ചെറിയ ചെറിയ ശക്തിപ്രകടനം മാത്രം. ഇതുകൂടാതെ 41–ാം വയസിലും ലുക്കും വര്‍ക്കും ഇത്രയും നല്ല രീതിയില്‍ കൊണ്ടുനടക്കാനാകുന്നതും താരത്തിന്‍റെ കഴിവുകളിലൊന്നാണ്. 

ക്രിസ്റ്റ്യാനോയുടെ ആരോഗ്യസംരക്ഷണ രീതി ഒട്ടേറെ പേരാണ് പിന്തുടരാനാഗ്രഹിക്കുന്നത്. ഇപ്പോഴിതാ   ഫാന്‍സിന് ആവേശം പകര്‍ന്ന് താരത്തിന്‍റെ ഭക്ഷണമെനു പുറത്തുവിട്ടിരിക്കുകയാണ് മുന്‍ ഷെഫ് ജിയോര്‍ജിയോ ബരോണ്‍. എന്നാല്‍ മെനുവിനെക്കാളും കൂടുതല്‍ ആരാധകരെ കൗതുകത്തിലാഴ്ത്തുന്നത് പാലിനോടുള്ള ക്രിസ്റ്റ്യാനോയുടെ വെറുപ്പിനെക്കുറിച്ച് ബരോണ്‍ പങ്കുവച്ച കാര്യങ്ങളാണ്.

‘മനുഷ്യന്‍ മാത്രമാണ് വളര്‍ന്നിട്ടും പാല് കുടിക്കുന്ന ഏക ജീവി, മിക്കവാറും ജീവികള്‍ വളര്‍ച്ചയുടെ മൂന്നാം മാസത്തില്‍ പാലുകുടി നിര്‍ത്തും. ഇതുകൂടാതെ മനുഷ്യനല്ലാതെ ഒരു ജീവിയും മറ്റൊരു ജീവിയുടെ പാല്‍ കുടിക്കാറില്ല’ എന്നതാണ് ക്രിസ്റ്റ്യാനോയുടെ നിലപാടെന്ന് ഷെഫ് പറഞ്ഞു. മുപ്പതും അറുപതും വയസുള്ളവര്‍ പാലുകുടിക്കുന്നത് തന്‍റെ കാഴ്ചപ്പാടില്‍ തെറ്റാണെന്നും ഷെഫ് കൂട്ടിച്ചേര്‍ത്തു.

പാലിനോട് മാത്രമല്ല, ശീതളപാനീയങ്ങളോടും ക്രിസ്റ്റ്യാനോയ്ക്ക് പറയാനുള്ളത് നോ എന്ന് തന്നെയാണ്. 2021ല്‍ ക്രിസ്റ്റ്യാനോ വാര്‍ത്താസമ്മേളനത്തിനിടെ കൊക്കക്കോള ബോട്ടിലുകള്‍ മാറ്റി വെള്ളക്കുപ്പിയെടുത്ത് വെള്ളം കുടിക്കു എന്ന് താരം പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇത് കൊക്കക്കോളയ്ക്കും സാമ്പത്തിക ഇടിവുണ്ടാകുന്നതിന് കാരണമായി. 

മുന്‍ ഷെഫിന്‍റെ ഡയറ്റ് പ്രകാരം ക്രിസ്റ്റ്യാനോ വളരെക്കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളു. പക്ഷെ അടുപ്പിച്ച് കഴിക്കും. അതിരാവിലെ ഒരു അവകാഡോ, മധുരമിടാത്ത ചായ, മുട്ട എന്നിവയാണ് താരത്തിന്‍റെ ഭക്ഷണം. ഉച്ചയോടെ മീനോ, കോഴിയോ പച്ചക്കറിയുടെ അകമ്പടിയോടെ കഴിക്കും. കാര്‍ബോഹൈഡ്റ്റേറ്റുകള്‍ ധാന്യപ്പൊടികളില്‍ നിന്നല്ല മറിച്ച് പച്ചക്കറികളില്‍ നിന്നാണ് ക്രിസ്റ്റ്യാനൊ കണ്ടെത്തുന്നത്. രാത്രിയും ഇതേ രീതി തുടരും.  ക്രിസ്റ്റ്യാനോയുടെ ഡയറ്റ് പുറത്തുവന്നതോടെ ആവേശത്തോടെ പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരാധകര്‍.

ENGLISH SUMMARY:

Cristiano Ronaldo's diet is a topic of great interest for fans. His former chef revealed details about his eating habits, including his strong aversion to milk and sugary drinks, and his focus on nutrient-rich foods.