kimi-antonelli

TOPICS COVERED

മെഴ്സിഡീസിന്റെ പത്തൊൻപതുകാരനായ ഇറ്റാലിയൻ താരം കിമി അന്റൊനെല്ലി തുടർച്ചയായ രണ്ടാം ഫോർമുല വൺ ജയം സ്വന്തമാക്കി. ഞായറാഴ്ച നടന്ന ജാപ്പനീസ് ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ഓസ്കർ പിയാസ്ട്രിയെ മറികടന്നാണ് അന്റൊനെല്ലിയുടെ കിരീടനേട്ടം. ഇതോടെ സീസണിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും ജയം മെഴ്സിഡീസിനായി. ഇതിൽ രണ്ടു വിജയങ്ങളും കൗമാരക്കാരന്‍ കിമിയുടെ പേരിലാണ്. വിജയത്തോടെ ഡ്രൈവര്‍മാരുടെ പോയിന്റ് നിലയില്‍ കിമി  72 പോയിന്റുമായി ഒന്നാമതെത്തി.  ഫെറാരിയുടെ ചാൾസ് ലെക്ലയര്‍ മൂന്നാമതും മെഴ്സിഡീസിന്റെ തന്നെ ജോർജ് റസല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 

 

പെട്രോൾ എന്‍ജിൻ കരുത്തും ഇലക്ട്രിക് ബാറ്ററി കരുത്തും തുല്യ അനുപാതത്തിൽ സമന്വയിപ്പിക്കുന്ന 2026-ലെ പുതിയ കാറുകളുടെ ഘടനയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് കിമി അന്റൊനെല്ലിയും മെഴ്സിഡീസും. കഴിഞ്ഞ സീസണിലെ കാറുകളെ അപേക്ഷിച്ച് ഭാരവും വീതിയും നീളവും കുറഞ്ഞ പുതിയ കാറുകൾക്കെതിരെ പല ഡ്രൈവർമാരും രംഗത്തെത്തിയെങ്കിലും കിമിയെ അതൊന്നും ബാധിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് ചൈനയിലാണ് അന്റൊനെല്ലി കരിയറിലെ ആദ്യ F1 ജയം കുറിച്ചത്. ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വിജയി എന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു. 

 

പോൾ പൊസിഷനിൽനിന്നാണ് അന്റൊനെല്ലി മല്‍സരം തുടങ്ങിയത്. സഹതാരം റസല്‍ തൊട്ടുപിന്നാലെയുണ്ടായിരുന്നു. എന്നാൽ ഇരുവർക്കും മികച്ച തുടക്കം ലഭിച്ചില്ല. ആദ്യ ടേണില്‍ ഇരുവരെയും മറികടന്ന ഓസ്കര്‍ പിയാസ്ട്രി ലീഡെടുത്തു. ആദ്യ ലാപ്പിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും കിമി പിന്നീട് പൊരുതിക്കയറി വിജയിക്കുകയായിരുന്നു. 22-ാം ലാപ്പിലാണ് കിമി ലീഡ് തിരിച്ചുപിടിച്ചത്.  പിന്നാലെ ഹാസ് ടീം ഡ്രൈവർ ഒലിവർ ബെയർമാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് ടയർ ബാരിയറിൽ ഇടിച്ചു. ഇതോടെ ട്രാക്കിൽ സേഫ്റ്റി കാർ ഇറങ്ങി.

ENGLISH SUMMARY:

Kimi Antonelli, a 19-year-old Italian talent from Mercedes, secured his second consecutive Formula 1 victory at the Japanese Grand Prix. He overcame McLaren's Oscar Piastri to achieve this feat, marking Mercedes' third win of the season with two of those belonging to the teenager. Antonelli now leads the drivers' standings with 72 points.