ജാപ്പനീസ് ഗ്രാൻപ്രീക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽനിന്ന് മാധ്യമപ്രവർത്തകനോട് പുറത്തുപോകാൻ ആവശ്യപ്പെട്ട് ഫോർമുല വൺ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പൻ. സീസണിലെ മൂന്നാം റേസിന് മുന്നോടിയായി സുസൂക്ക സർക്യൂട്ടിലെ റെഡ് ബുള്ളിന്റെ ഹോസ്പിറ്റാലിറ്റി ഏരിയയിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ഇരിക്കവെയാണ് നാടകീയ രംഗങ്ങള്‍. ‘അയാൾ പുറത്തുപോകാതെ ഞാൻ സംസാരിക്കില്ല’ എന്ന് ഒരു മാധ്യമപ്രവര്‍ത്തകനെ ചൂണ്ടി വെര്‍സ്റ്റാപ്പന്റെ പറഞ്ഞു. റിപ്പോര്‍ട്ടര്‍ പുറത്തുപോയതിന് ശേഷം ‘ഇനി നമ്മുക്ക് തുടങ്ങാം’ എന്നുപറഞ്ഞ് വെര്‍സ്റ്റാപ്പന്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചു.
മക്ലാരന്റെ ലാൻഡോ നോറിസിനെതിരെ വെറും രണ്ട് പോയിന്റിന് കിരീടം നഷ്ടമായ, ഡിസംബറിലെ അബുദാബി റേസിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെർസ്റ്റാപ്പൻ ഈ മാധ്യമപ്രവർത്തകനുമായി തർക്കിച്ചിരുന്നു. സ്പാനിഷ് ഗ്രാൻപ്രീയിൽ മെഴ്സിഡീസ് ഡ്രൈവർ ജോർജ് റസലുമായുണ്ടായ സംഭവത്തിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടോ എന്നായിരുന്നു റിപ്പോർട്ടറുടെ അന്നത്തെ ചോദ്യം. ഈ സംഭവത്തിൽ 10 സെക്കൻഡ് പിഴ ലഭിച്ച വെർസ്റ്റപ്പൻ അഞ്ചാം സ്ഥാനത്തുനിന്ന് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും വിലപ്പെട്ട ഒൻപത് പോയിന്റുകൾ നഷ്ടമാവുകയും ചെയ്തിരുന്നു. "എന്റെ സീസണിൽ നടന്ന മറ്റു കാര്യങ്ങളെല്ലാം നിങ്ങൾ മറന്നു. നിങ്ങൾ ബാർസിലോനയെക്കുറിച്ച് മാത്രമാണ് പറയുന്നത്. ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. നിങ്ങളിപ്പോൾ ഒരു വിഡ്ഢിച്ചിരി ചിരിക്കുകയാണ്," എന്നായിരുന്നു അന്ന് വെർസ്റ്റാപ്പന്റെ പ്രതികരണം.
ഓസ്ട്രേലിയയിൽ ആറാം സ്ഥാനത്തും ചൈനയിൽ റേസില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ ഓവറോൾ സ്റ്റാൻഡിങ്സിൽ എട്ടാം സ്ഥാനത്തുള്ള വെർസ്റ്റാപ്പന് ഈ സീസണിൽ മോശം തുടക്കമാണ് ലഭിച്ചത്. വെട്ടിത്തുറന്നു സംസാരിക്കുന്ന സ്വഭാവക്കാരനായ വെര്‍സ്റ്റാപ്പന്‍ ഫോര്‍മുല വണ്‍ സീസണിലെ പുതിയ പവർ യൂണിറ്റ് നിയമങ്ങളുടെ കടുത്ത വിമർശകരിൽ ഒരാളാണ്.