ജപ്പാനിലെ സുസുക്കയിൽ നടന്ന F1 ഗ്രാൻപ്രിയിൽ എട്ടാമനായി ഫിനിഷ് ചെയ്തതിനു പിന്നാലെ, ഫോർമുല വണ്ണിലെ തന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് നാലു തവണ ലോകചാംപ്യനായ മാക്സ് വെര്‍സ്റ്റാപ്പന്റെ വെളിപ്പെടുത്തല്‍. ബിബിസി റേഡിയോ 5 ലൈവിനു നൽകിയ അഭിമുഖത്തിൽ, പുതിയ തലമുറ കാറുകൾ ഓടിക്കുന്നതിലെ ആവേശം നഷ്ടപ്പെട്ടെന്നും ഈ രംഗത്ത് തുടരുന്നതിൽ അർഥമുണ്ടോയെന്ന് ചിന്തിച്ചു തുടങ്ങിയെന്നും വെര്‍സ്റ്റാപ്പന്‍ പറഞ്ഞു. 2028 അവസാനം വരെ റെഡ് ബുള്ളുമായി വെര്‍സ്റ്റാപ്പന് കരാറുണ്ട്.
ഫോർമുല വണ്ണിന്റെ പുതിയ നിയമാവലികളുടെയും എൻജിൻ കാലഘട്ടത്തിന്റെയും കടുത്ത വിമർശകനാണ് വെര്‍സ്റ്റാപ്പന്‍. തന്റെ അതൃപ്തിക്ക് കാരണം റെഡ് ബുള്ളിന്റെ മോശം പ്രകടനമല്ലെന്നും, ഊർജ ഉപയോഗം നിയന്ത്രിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ നിയമങ്ങളാണെന്നും വെര്‍സ്റ്റാപ്പന്‍ പറഞ്ഞു. തന്റെ പേരിൽ ആരും സഹതപിക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത റേസായ മയാമി ഗ്രാന്‍പ്രീ. ഇതിനിടെ പുതിയ നിയമങ്ങൾ വിലയിരുത്താനും മാറ്റങ്ങൾ പരിഗണിക്കാനുമായി ഫോർമുല വൺ ഭാരവാഹികൾ യോഗം ചേരും. താൻ ഫോർമുല വണ്ണിൽ തുടരണമെങ്കിൽ എന്തു മാറ്റമാണ് വരുത്തേണ്ടതെന്ന് അധികൃതർക്ക് നന്നായി അറിയാമെന്നും വെര്‍സ്റ്റാപ്പന്‍ അഭിമുഖത്തില്‍ പറഞ്ഞു.
മേയിൽ നടക്കുന്ന ‘24 അവേഴ്സ് ഓഫ് നൂർബർറിങ്ങ് ’ മല്‍സരത്തിന് മുന്നോടിയായി, ദുർഘടമായ നോർഡ്ഷ്ലൈഫ ട്രാക്കിൽ നടന്ന മല്‍സരത്തില്‍ വെര്‍സ്റ്റാപ്പന്‍ അടുത്തിടെ പങ്കെടുത്തിരുന്നു. സുസുക്കയിലെ മല്‍സരത്തിന് മുൻപ് ജപ്പാനിലെ ഫ്യൂജി റേസ്ട്രാക്കിൽ ഒരു ജാപ്പനീസ് ജിടി കാറും അദ്ദേഹം ഓടിച്ചിരുന്നു.
ജാപ്പനീസ് ഗ്രാന്‍പ്രീയില്‍ എട്ടാം സ്ഥാനത്താണ് വെര്‍സ്റ്റാപ്പന്‍ ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയൻ ഗ്രാൻപ്രിയില്‍ നേടിയ ആറാം സ്ഥാനമാണ് സീസണിലെ മികച്ച ഫലം. കഴിഞ്ഞ സീസണിൽ മക്ലാരന്റെ ലാൻഡോ നോറിസിനോട് കിരീടം നഷ്ടമായതിനു ശേഷം, ഒരു ബ്രിട്ടീഷ് റിപ്പോർട്ടറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതും വെര്‍സ്റ്റാപ്പനെ വാർത്തകളിൽ നിറച്ചിരുന്നു. താരത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും ഈ സംഭവം ചോദ്യങ്ങളുയർത്തി. ജാപ്പനീസ് ഗ്രാന്‍പ്രീക്ക് മുമ്പ് ഇതേ മാധ്യമപ്രവര്‍ത്തകന്‍ പുറത്തുപോകാതെ താന്‍ വാര്‍ത്താസമ്മേളനം തുടങ്ങില്ലെന്ന് വെര്‍സ്റ്റാപ്പന്‍ പറഞ്ഞിരുന്നു.