sports-shumakkar

സ്കീയിങ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കറിന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതി. വീല്‍ച്ചെയറില്‍ ഇരിക്കാവുന്ന സ്ഥിതിയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവാസ്ഥ മെച്ചപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ്  മാധ്യമമായ ഡെയ്‌ലി മെയിലാണ് ഷൂമാക്കറുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് വിവരങ്ങള്‍ പങ്കുവച്ചത്. വീല്‍ച്ചെയറില്‍ ഇരിക്കുന്ന അവസ്ഥയിലാണെന്നും മയ്യോർക്കയിലെ എസ്റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലുമെല്ലാം അദ്ദേഹം എത്താറുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.  57-കാരനായ ജർമൻ താരത്തിന്റെ, ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത കുടുംബാംഗങ്ങൾക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾക്കും മാത്രമറിയാവുന്ന രഹസ്യമായി സൂക്ഷിച്ചുവരികയായിരുന്നു

ഷൂമാക്കർ, ‘ലോക്ക്ഡ്-ഇൻ സിൻഡ്രോം’ എന്ന അവസ്ഥയിലാണെന്ന  അഭ്യൂഹങ്ങളുണ്ടായിരുന്നു. പൂർണ ബോധത്തോടെയാണെങ്കിലും കണ്ണുകൾ ചിമ്മി മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ ഈ പ്രചാരണവും തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഭാര്യ കൊറീനയും ഒരു സംഘം നഴ്സുമാരും തെറപ്പിസ്റ്റുകളും ചേർന്നാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. ആഴ്ചയിൽ പതിനായിരക്കണക്കിന് പൗണ്ട് ചെലവുവരുന്ന ഈ സംഘം 24 മണിക്കൂറും ഷൂമാക്കർക്ക് ഒപ്പമുണ്ട്. 

കായികരംഗത്തെ ആദ്യ ശതകോടീശ്വരനാണ് ഷൂമാക്കര്‍. 12 വർഷം മുൻപ്  ഫ്രഞ്ച് ആൽപ്സിലെ മെറിബെൽ റിസോർട്ടിനു സമീപം സ്കീയിങ്ങിനിടെയാണ്  പാറക്കെട്ടിലിടിച്ച് മൈക്കിള്‍ ഷൂമാക്കറിന് ഗുരുതരമായി പരുക്കേറ്റത്.  ഇന്നോളം ആരോഗ്യ സ്ഥിതിയെക്കുറിച്ച് കുടുംബം വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അവശതയിലുള്ള ചിത്രങ്ങൾ വിൽക്കാൻ ശ്രമിച്ച ചില മുൻ ജീവനക്കാർ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ടിരുന്നു. മകൾ ജീനയുടെ വിവാഹത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. 

ENGLISH SUMMARY:

Great news for Formula 1 fans! Reports suggest that legendary racer Michael Schumacher's health condition has improved, and he is now able to sit in a wheelchair. After 12 years of being out of the public eye following a skiing accident, this update brings hope to millions of his followers