harry-brook

ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിന്റെ ന്യൂസീലൻഡ് പര്യടനത്തിനിടെ വെല്ലിങ്ടനിലെ നൈറ്റ്ക്ലബിൽ താരം പ്രശ്നം സൃഷ്ടിച്ചെന്ന് രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിന്റെ റിപ്പോർട്ടു വന്നതോടെയാണ് ക്യാപ്റ്റൻ സ്ഥാനം തുലാസിലായത്. ആഷസ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

നവംബര്‍ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ താരത്തിനെ നിശാ ക്ലബില്‍ കയറുന്നതില്‍ നിന്നു സുരക്ഷാ ജീവനക്കാര്‍ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം, താരം തന്നെ മാനേജ്മെന്റിനോട് റിപ്പോർട്ടു ചെയ്തതിനു പിന്നാലെ ഇസിബി താരത്തിന് 30,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. അന്തിമ താക്കീതും നൽകി. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയിരുന്നില്ല. വിഷയം പരസ്യമായതോടെയാണ് താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാൻ ആലോചിക്കുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഹാരി ബ്രൂക്ക്. സംഭവത്തില്‍ ബ്രൂക്ക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ സമീപനം തെറ്റായിരുന്നുവെന്നു ബ്രൂക്ക് സമ്മതിച്ചു. ആഷസ് 4-1നു അടിയറ വച്ചതോടെ ബ്രൂക്കിന്റെ അച്ചടക്ക ലംഘനം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ചര്‍ച്ച ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം, രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകൾക്കിടയിലുള്ള ഒൻപതു ദിവസത്തെ ഇടവേളയിൽ ചില ഇംഗ്ലണ്ട് താരങ്ങൾ ആറു ദിവസം തുടർച്ചയായി മദ്യപിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ഏറെ വിവാദമായിരുന്നു. ഇക്കൂട്ടത്തിലും ബ്രൂക്കിന്റെ പേരുണ്ടായിരുന്നു.

ENGLISH SUMMARY:

Harry Brook is facing potential consequences after a reported incident at a Wellington nightclub during England's tour of New Zealand, raising questions about his captaincy of the England White Ball Cricket team.