അണ്ടര്‍ 19 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ‘ എന്ന തമ്പീ, ഇന്ത അടി പോതുമാ...ഇനി കൊഞ്ച വേണമാ’. അശ്വിന്‍ എക്സില്‍ കുറിച്ചു.

പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവ് 74 പന്തില്‍ 127 റൺസടിച്ചിരുന്നു. വൈഭവിന്‍റെ ബാറ്റിങ് കരുത്തിലാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 233 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.68.67 ശരാശരിയിലും 187.27 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സടിച്ച വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറര്‍. പതിനാലുകാരനായ വൈഭവ് പുലര്‍ത്തുന്ന അസാമാന്യമായ സ്ഥിരതയെയാണ് അശ്വിന്‍ എക്സ് പോസ്റ്റില്‍ പ്രകീര്‍ത്തിച്ചത്.

‘171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), കഴിഞ്ഞ 30 ദിവസത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമായി വൈഭവ് സൂര്യവംശി ന ടത്തിയ പ്രകടനങ്ങളാണിത്. പതിനാലുകാരനായ അവന്‍ ഈ പ്രായത്തില്‍ പുറത്തെടുക്കുന്ന പ്രകടനത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അണ്ടര്‍ 19 ലോകകപ്പ് വരാനിരിക്കെ ടൂര്‍ണമെന്‍റിലെ ശ്രദ്ധേയ താരമാകും അവനെന്നുറപ്പ്. അതിന് പിന്നാലെ ഐപിഎല്ലില്‍ അവന്‍ ഒരു മുഴുവന്‍ സീസണും കളിക്കാന്‍ പോകുന്നു. അതും സഞ്ജു സാംസണിന്‍റെ പകരക്കാരനായിട്ട്. അടുത്ത നാലു മാസം വൈഭവിന്‍റെ വെടിക്കെട്ടായിരിക്കും നമ്മള്‍ കാണാന്‍ പോകുന്നതെന്ന് ചുരുക്കം’.അശ്വിൻ പറഞ്ഞു.

ENGLISH SUMMARY:

Vaibhav Suryavanshi is the focus of attention after a brilliant century in the Under 19 series. R Ashwin praised the young cricketer's consistency and potential ahead of the Under 19 World Cup.