പ്രായം തളർത്താത്ത പോരാട്ടവീര്യം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. 85ആം വയസിലും ട്രാക്കിലും ഫീൽഡിലും കുതിപ്പ് നടത്തി ആ വീര്യം അടിവരയിട്ടുറപ്പിക്കുകയാണ് പിറവം മുൻ എംഎൽഎ എം.ജെ ജേക്കബ്. ഇടുക്കി നെടുങ്കണ്ടത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മത്സരിച്ച മൂന്നിനങ്ങളിലും ജേക്കബ് സ്വർണം നേടി
ഒരുകാലത്ത് രാഷ്ട്രീയ ഗോദയിൽ എതിരാളികളെ നേരിട്ട അതേ ആവേശത്തോടെയാണ് സിന്തറ്റിക് ട്രാക്കിൽ എം.ജെ ജേക്കബിന്റെ കുതിപ്പ്. വെളുത്ത ജൂബയും മുണ്ടും മാറ്റി ട്രാക്ക് സ്യൂട്ടും സ്പൈക്കുമണിഞ്ഞാൽ എം.ജെ. ജേക്കബ് കായികലോകത്തിന് അത്ഭുതമാണ്.
100, 200, മീറ്റർ ഹഡിൽസിലും ലോങ് ജമ്പിലുമാണ് നേട്ടം. മാസ്റ്റേഴ്സ് മീറ്റിൽ അമേരിക്ക, ജപ്പാൻ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഓസ്ട്രേലിയ, തുടങ്ങി വിവിധ രാജ്യങ്ങളിൽ എം.ജെ ജേക്കബ് ട്രാക്കിലിറങ്ങി
മന്ത്രിയായിരുന്ന ടി.എം ജേക്കബിനെ പരാജയപ്പെടുത്തി 2006 ലാണ് നിയമസഭയിലെത്തിയത്. പിന്നീട് അനൂപ് ജേക്കബിനോട് പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തോട് വിട പറഞ്ഞെങ്കിലും ട്രാക്കിലും ഫീൽഡിലും പ്രായം വെറും അക്കങ്ങൾ ആണെന്ന് ഓർമ്മിപ്പിച്ച് എം.ജെ ജേക്കബ് സജീവമാണ്.