ഓപ്പണർ ആയി ശുഭ്മൻ ഗിൽ എന്തായാലും ടീമിൽ കാണും. അറിയേണ്ടത് ബാക്കി 14 പേർ ആരൊക്കെ. ഇതായിരുന്നു ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് വരെ എല്ലാവരുടെയും കണക്കുകൂട്ടൽ. പക്ഷേ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് രാജകുമാരന് പകരം ടീമിലെത്തിയത് നമ്മുടെ പയ്യനും. സഞ്ജു വിശ്വനാഥ് സാംസൺ.

കാത്തു കാത്തിരുന്ന് കിട്ടിയ വലിയ അവസരം. വൺ ലാസ്റ്റ് ചാൻസ്. ഒരുപക്ഷേ പരാജയപ്പെട്ടിരുന്നുവെങ്കിൽ കരിയറിൽ ഉടനീളം തഴയപ്പെട്ട് ആ സൈഡ് ബെഞ്ചിൽ ഇരിക്കാമായിരുന്നു. പക്ഷേ സമ്മർദ്ദം പെയ്തിറങ്ങിയ ആ രാത്രിയിൽ കേവലം 22 പന്തുകൾ കൊണ്ട് തന്റെ വിധി സഞ്ജു മാറ്റി എഴുതി. 22 പന്തിൽ 37 റൺസ്. 4 ഫോർ 2 സിക്സ്. 168 സ്ട്രൈക്ക് റേറ്റ്. ഒപ്പം വിക്കറ്റിന് പിന്നിലെ ചോരാത്ത കൈകളും. പിറ്റേന്ന് തന്നെ റിസള്‍ട്ടും കിട്ടി. നീതി നിഷേധത്തിന്റെയും അവഗണനയുടെയും നാളുകൾക്കൊടുവിൽ ലോകകപ്പ് സ്ക്വാഡിലേക്ക് ഒരു കസേര വലിച്ചിട്ട് സഞ്ജു അതിലിരുന്നു. 

ഓപ്പണർ ആയി ഒരു കലണ്ടർ വർഷം 3 സെഞ്ചറികൾ. എന്നിട്ടും രാജകുമാരന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കാൻ എല്ലാവരും ചേർന്നവനെ വെട്ടിയൊതുക്കി. കൃത്യമായ സ്ലോട്ട് ഇല്ലാതെ മൂന്നിലും അഞ്ചിലും എന്തിന് എട്ടാം നമ്പറിൽ പോലും  അവസരം ലഭിക്കാത്ത സാഹചര്യമുണ്ടായി. വിക്കറ്റ് കീപ്പർ സ്ഥാനം ജിതേഷിന് നൽകേണ്ടിയും വന്നു. ഓപ്പണറായി സഞ്ജു 18 ഇന്നിങ്സുകളില്‍ നിന്ന് 559 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 180നടുത്ത്. ഗില്‍ 36 ഇന്നിങ്സുകളില്‍ നിന്ന് 869 റണ്‍സ്, കരിയര്‍ സ്ട്രൈക്ക് റേറ്റ് 138. 2025ലെ കണക്കെടുത്താല്‍ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 137 ആണ്.15 ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചറി പോലുമില്ല. ഗില്‍ തുടരെ പരാജയപ്പെടുമ്പോൾ ഡഗ് ഔട്ടിൽ നിസ്സഹായനായിരിക്കുന്ന സഞ്ജുവിന്റെ മുഖം ക്യാമറകൾ ഒപ്പിയെടുത്തു. 

ഗില്ലിന് പരുക്കേറ്റപ്പോൾ വീണുകിട്ടിയ അവസരത്തിൽ സഞ്ജു തന്റെ മാറ്റ് തെളിയിച്ചു. തൊട്ടടുത്ത ദിവസം കാവ്യനീതി എന്നോണം പ്രിയപ്പെട്ട ഓപ്പണിങ് സ്ലോട്ടും സഞ്ജുവിനെ തേടിയെത്തി. ടീം പ്രഖ്യാപനത്തിന് പിന്നാലെ 'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' എന്ന ക്യാപ്ഷനോടെയാണ് സഞ്ജു തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.  ഇനി അവന്റെ കാലമാണ്. കാത്തിരിക്കാം കരിയറിലാദ്യമായി സഞ്ജു ലോകകപ്പിൽ  ക്രിസീലെത്തുന്ന ആ ദിവസത്തിനായി.

ENGLISH SUMMARY:

Sanju Samson is finally getting his chance at the World Cup after years of perseverance. His recent performance and stats have earned him a spot, despite previous setbacks and comparisons with Shubman Gill.