സെമി ഫൈനലില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് വരുണ്‍ ചക്രവര്‍ത്തിയണ്. നാലോവറില്‍ 64 റണ്‍സ് വഴങ്ങിയ വരുണ്‍ ഒരു വിക്കറ്റ് വീഴ്ത്തി. മികച്ച പ്രകടനത്തോടെയാണ് വരുണ്‍ ചക്രവര്‍ത്തി ലോകകപ്പ് തുടങ്ങിയതെങ്കിലും സൂപ്പര്‍ എട്ടും സെമി ഫൈനലും കഴിയുമ്പോള്‍ പ്രകടനം മങ്ങുകയാണ്. ഫൈനലിന് ഒരുങ്ങുമ്പോള്‍ ഇന്ത്യ വരുണിനെ കളിപ്പിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചോദ്യം.
ഗ്രൂപ്പ് ഘട്ടത്തിലെ നാലു മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റാണ് വരുണ്‍ നേടിയത്. 5.16 ആയിരുന്നു ഇക്കോണമി. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇക്കോണമി 10.16 ആയി ഉയര്‍ന്നു. മൂന്നു മത്സരങ്ങളില്‍ നിന്നും നേടിയത് മൂന്നു വിക്കറ്റ്. സെമിയില്‍ 64 റണ്‍സാണ് വരുണ്‍ വഴങ്ങിയത്. ജേക്കബ് ബെഥല്‍ 13 പന്തില്‍ നിന്നായി 41 റണ്‍സായി വരുണിനെ അടിച്ചത്. മധ്യ ഓവറുകളില്‍ വരുണ്‍ ചക്രവര്‍ത്തിയെയും അകസര്‍ പട്ടേലിനെയുമാണ് ഇന്ത്യ സ്പിന്‍ ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് തുടരുമെന്നാണ് നിലവിലെ സൂചന.
ബുധനാഴ്ചയും വരുണ്‍ ചക്രവര്‍ത്തി നെറ്റ്സില്‍ പരീശീലനം നടത്തി. വരുണിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രാഹാനെയുടെ നിര്‍ദ്ദേശം. ഫൈനൽ പോലുള്ള നിർണ്ണായക മത്സരത്തിൽ വരുണിന് പകരം കുൽദീപ് യാദവിനെ ടീമിലെത്തിക്കുന്നത് അർത്ഥശൂന്യമാണെന്നും നിലവിലെ ടീം കോമ്പിനേഷനിൽ വരുണിനെ തന്നെ നിലനിർത്തുന്നതിൽ ടീമില്‍ വിയോജിപ്പില്ലെന്നതാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കഴിവുകളിലും വിക്കറ്റ് എടുക്കാനുള്ള കഴിവിലും വിശ്വാസം അർപ്പിക്കണമെന്നും രഹാനെയുടെ പറഞ്ഞു.
വരുണിനെ മാറ്റുകയാണെങ്കില്‍ കുല്‍ദീപ് യാദവാണ് പകരക്കാരനായി ടീമിലെത്തുക. ന്യൂസീലന്‍ഡിനെതിരെ മികച്ച റെക്കോര്‍ഡാണ് കുല്‍ദീപ് യാദവിന് നേട്ടമാകുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് 22.6 ശരാശരിയില്‍ എട്ടു വിക്കറ്റ് കുല്‍ദീപ് നേടിയിട്ടുണ്ട്. 7.5 ആണ് ശരാശരി. ജനുവരിയില്‍ അവസാനിച്ച ട്വന്‍റി 20 പരമ്പരയില്‍ മികച്ച പ്രകടനം (2/35, 2/39) കുല്‍ദീപ് നടത്തിയിട്ടുണ്ട്.