Image Credit: X
വിശപ്പ്, പട്ടിണി, ബുദ്ധിമുട്ട്... കഷ്ടപ്പാടെന്നത് കടലാസില്‍ വായിച്ചുമാത്രമല്ലായിരുന്നു കാര്‍ത്തിക് ശര്‍മയെന്ന 19കാരന് പരിചയം. അതുകൊണ്ടുതന്നെ 14.20 കോടിയെന്ന സ്വപ്ന സമാനമായ തുകയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്സ് മിനിലേലത്തില്‍ ടീമിലെടുത്തപ്പോള്‍ കാര്‍ത്തിക് പൊട്ടിക്കരഞ്ഞു. ലേലം കഴിഞ്ഞിട്ടും കരച്ചില്‍ തീര്‍ന്നില്ല. നീണ്ട ദുര്‍ഘട പാതകള്‍ താണ്ടിയാണ് രാജസ്ഥാന്‍ സ്വദേശിയായ കാര്‍ത്തിക് ഐപിഎലിലേക്ക് എത്തുന്നത്.
കര്‍ഷക കുടുംബമാണ് കാര്‍ത്തികിന്‍റേത്. ബന്നേരയിലെ കൃഷിഭൂമിയും അമ്മ രാധയുടെ അവസാനത്തെ തരി പൊന്നും കാര്‍ത്തികിനെ ക്രിക്കറ്റ് താരമാക്കാന്‍ കുടുംബം വിറ്റു. രാധയുടെ സ്വപ്നമായിരുന്നു അതെന്ന് ഭര്‍ത്താവ് മനോജ് ശര്‍മ പറയുന്നു. 'എന്ത് വിലകൊടുത്തായാലും അവനെ ഒരു ക്രിക്കറ്റ് താരമാക്കുക. അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അവന്‍റെ അമ്മ കണ്ട സ്വപ്നമാണത്'- മനോജ് ശര്‍മ പറയുന്നു.
ഒരിക്കല്‍ ഗ്വാളിയാറില്‍ ടൂര്‍ണമെന്‍റ് നടക്കുകയാണ്. രാജസ്ഥാന്‍ ടീമിനായി കളിക്കുന്ന മകന് കൂട്ടായി മനോജ് പോയി. നാലോ അഞ്ചോ കളി കഴിയുമ്പോള്‍ ടീം പുറത്താകുമെന്ന പ്രതീക്ഷയിലാണ് ഉള്ള പണം നുള്ളിപ്പെറുക്കി മനോജ് മകനെയും കൊണ്ട് പോയത്. പക്ഷേ അപ്രതീക്ഷിതമായ ചിലത് സംഭവിച്ചു. കാര്‍ത്തികിന്‍റെ തകര്‍പ്പന്‍ സിക്സറുകള്‍ ടീമിനെ ഫൈനലിലെത്തിച്ചു. കയ്യില്‍ അഞ്ച് പൈസയില്ല.. ആ രാത്രിയില്‍ വിശന്ന് പൊരിഞ്ഞ വയറുമായി മനോജും കാര്‍ത്തികും ഗ്വാളിയാറിലെ വഴിയോര വിശ്രമകേന്ദ്രത്തില്‍ കിടന്നുറങ്ങി. പിറ്റേന്ന് കളി കഴിഞ്ഞ് സമ്മാനത്തുക കിട്ടിയപ്പോഴാണ് വീട്ടില്‍ പോകാനുള്ള വണ്ടിക്കൂലിയുണ്ടായതെന്ന് മനോജ് ഓര്‍ത്തെടുക്കുന്നു.
Image Credit: X
തീരെ ചെറുപ്പത്തിലെ മകന്‍റെ ക്രിക്കറ്റ് താല്‍പര്യം തിരിച്ചറിഞ്ഞിരുന്നു മനോജ്. വീട്ടിലെ രണ്ട് ഫൊട്ടോ ഫ്രെയിമുകള്‍ അടിച്ച് പൊട്ടിച്ചപ്പോള്‍ ഇവന്‍ ക്രിക്കറ്റ് താരമാകുമെന്ന് താന്‍ തമാശയ്ക്കാണെങ്കിലും പറഞ്ഞുവെന്ന് മുന്‍ ക്രിക്കറ്റര്‍ കൂടിയായ മനോജ് പറയുന്നു. പ്രാരാബ്ധം കാരണം തനിക്കുപേക്ഷിക്കേണ്ടി വന്ന സ്വപ്നം മകനിലൂടെ പൂവണിയുന്ന സന്തോഷത്തിലാണ് കുടുംബം.
അത്ര എളുപ്പമായിരുന്നില്ല ടീമിലേക്കുള്ള കാര്‍ത്തികിന്‍റെ വരവ്. അണ്ടര്‍ 14 ലും 16ലും കാര്‍ത്തിക് ഇടം പിടിച്ചു. പിന്നീട് നാലുവര്‍ഷം സെലക്ഷന്‍ പ്രോസസിന് പുറത്ത്. ആരും തളര്‍ന്ന് പോയേക്കാവുന്ന സാഹചര്യത്തിലും കാര്‍ത്തിക് പിന്‍മാറിയില്ല. 2022ലാണ് രാജസ്ഥാനായി കാര്‍ത്തിക് അരങ്ങേറിയത്. 2023 ല്‍ രാജസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവമധികം സിക്സടിച്ച താരവും കാര്‍ത്തികാണ്. ട്വന്‍റി20യില്‍ 162.92 ആണ് താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്. അഞ്ച് ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ കാര്‍ത്തികിനായി നിലയുറപ്പിച്ചത്. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യന്‍സ് ആദ്യമെത്തി. ലക്നൗവും കൊല്‍ക്കത്തയും പിന്നാലെ ചേര്‍ന്നു. തുക ഉയര്‍ന്നതോടെ മുംബൈ പിന്‍മാറി. ഒടുവില്‍ ചെന്നൈ ഡീല്‍ ഉറപ്പിച്ചു. കഴിഞ്ഞ സീസണില്‍ ചെന്നൈ താരങ്ങള്‍ക്കൊപ്പം താരം പരിശീലനം നടത്തിയിരുന്നു. ധോണിക്കൊപ്പം കളിക്കാന്‍ കഴിയുന്നതിലെ ആവേശത്തിലാണെന് താനെന്ന് കാര്‍ത്തിക് പറയുന്നു.