ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഓപ്പണറായി ഇറങ്ങി വീണ്ടും പരാജയപ്പെട്ട ശുഭ്മൻ ഗില്ലിന് ഉപദേശവുമായി ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഓപ്പണിങ് റോളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണെ പോലെയോ അഭിഷേക് ശർമയെ പോലെയോ കളിക്കരുതെന്നാണ്  ഇർഫാൻ പഠാൻ പറയുന്നത്. ഗിൽ അദ്ദേഹത്തിന്റെ സ്റ്റൈലിലാണു കളിക്കേണ്ടതെന്നും ഇർഫാൻ പഠാൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു. 

‘‘സഞ്ജു സാംസണെയോ അഭിഷേക് ശർമയെയോ ഗിൽ പിന്തുടരേണ്ട കാര്യമില്ല. നമുക്കെല്ലാം അറിയാവുന്ന ഗില്ലായി മാത്രം കളിച്ചാൽ മതി. വ്യത്യസ്തമായ എന്തെങ്കിലും കാര്യത്തിനായി അദ്ദേഹം ശ്രമിക്കേണ്ടതില്ല. ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച ക്യാപ്റ്റനാണ് ഗിൽ. ഇപ്പോൾ ബഞ്ചില്‍ ഇരിക്കുന്ന സഞ്ജു സാംസണെപ്പോലെ ആക്രമിച്ച് കളിക്കാനാണ് ഗിൽ ശ്രമിക്കുന്നതെന്നാണ് എനിക്കു മനസ്സിലാകുന്നത്. അദ്ദേഹം സ്വന്തം കഴിവുകളിൽ ഉറച്ചുനിന്നു സ്കോർ കണ്ടെത്തുകയാണു വേണ്ടത്. പഠാന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യിൽ രണ്ടു പന്തിൽ നാലു റൺസ് മാത്രമെടുത്ത് ഗിൽ പുറത്തായിരുന്നു.  സഞ്ജു സാംസണെ മാറ്റിയാണ് അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ ഓപ്പണറായി ഇറക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ആദ്യ പോരാട്ടത്തില്‍ ഇന്നലെ നിരാശയോടെ മടങ്ങേണ്ടിവന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ENGLISH SUMMARY:

Shubman Gill needs to stick to his natural game. Irfan Pathan advises Shubman Gill to not emulate Sanju Samson's or Abhishek Sharma's aggressive style but to play his own game after Gill's recent failures.