messi-beckham

മേജർ ലീഗ് സോക്കറിൽ വലിയ മേൽവിലാസങ്ങൾ ഒന്നുമില്ലാത്ത ഇന്റർ മയാമി. ആ ടീമിലേക്ക് ആയിരുന്നു അവന്റെ വരവ്. ഒരു മാന്ത്രികനെ പോലെ ആ പത്താം നമ്പറുകാരന്റെ ഇടങ്കാൽ ശബ്ദിച്ചു തുടങ്ങി. ഇപ്പോഴിതാ എംഎൽഎസ് കപ്പ് കൂടി നേടി എത്തിപിടിക്കാൻ ബാക്കിയുള്ള യാതൊന്നും ഇല്ലെന്ന് ലയണൽ മെസ്സി അടിവരയിടുന്നു. ലോക ഫുട്ബോളിൽ തൊട്ടതെല്ലാം പൊന്നാക്കിയ 5അടി 7 ഇഞ്ചുകാരൻ. ഇപ്പോൾ കരിയറിലെ 48–ാം ട്രോഫിയും ആ കൈകൾ ഏറ്റുവാങ്ങി. ആവേശകരമായ ഫൈനലിൽ വാൻകൂവറിനെ പരാജയപ്പെടുത്തിയാണ് മെസിപ്പട കപ്പുയർത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മയാമിയുടെ വിജയം. ഇരട്ട അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ചു മെസ്സി. 

കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് നേടിയാണ് മെസ്സി അമേരിക്കൻ മേജർ ലീഗ് സോക്കറിൽ പന്ത് തട്ടാൻ ഇറങ്ങിയത്. ലീഗിൽ  പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്ന ഇന്റർ മയാമി. മെസ്സിയുടെ വരവ് ടീമിനെ ഇത്രത്തോളം മാറ്റിമറിക്കുമെന്ന് ആരും വിചാരിച്ചില്ല. ലോകഫുട്ബോളിൽ കേട്ടുകേൾവി ഇല്ലത്ത സഹതാരങ്ങൾ. മയാമിയിലെ ആളൊഴിഞ്ഞ ഗാലറികൾ മെസ്സിയുടെ വരവിന് ശേഷം നിറഞ്ഞു കവിഞ്ഞു. അവന് കൂട്ടായി ആൽബയും ബുസ്കെറ്റ്സും സുവരസും എത്തി. കളി പഠിപ്പിക്കാൻ മഷെറാനോ എത്തി. ഗോൾ അടിച്ചും അടിപ്പിച്ചും മെസ്സി മുന്നേറി. മധ്യനിരയിൽ കളി മെനഞ്ഞു. ഇന്റർ മയാമി എന്നൊരു ടീം ഇവിടെ പന്തുതട്ടുന്നുണ്ടെന്നു ലോകത്തിനു കാണിച്ചുകൊടുത്തു.

പ്രായം അയാൾക്ക് വെറും നമ്പർ മാത്രമാണ്. ലക്ഷ്യം പിഴയ്ക്കാത്ത ചുവടുകളുമായി കളി മൈതാനത്തെ ഒരു പരുന്തിനെ പോലെ ലയണൽ ആന്ദ്രസ് മെസ്സി വട്ടമിട്ടു പറക്കുകയാണ്. സമയവും ജഴ്സിയുമെല്ലാം മാറി മാറി വരും. പക്ഷേ അന്നും ഇന്നും ലിയോ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാത്തമറ്റീഷ്യനെ പോലെ അളന്നുക്കുറിച്ചുള്ള പാസുകളും ഷോട്ടുകളുമായി ലിയോ പുൽമൈതാനങ്ങൾക്ക് തീപിടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

അവന്റെ   എതിരാളികൾക്ക് ഇതൊരു  സിഗ്നലാണ്. മാസങ്ങൾക്ക് അപ്പുറം അമേരിക്കൻ മണ്ണിൽ വിശ്വ മേളയിൽ ഈ പത്താം നമ്പറുകാരൻ ഉണ്ടാകും. എതിരാളികൾക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കാൻ. സമ്മർദ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകൾ  ഒന്നുമില്ലാതെ ആ നീല ജഴ്സിയിൽ.

ENGLISH SUMMARY:

Lionel Messi continues to dominate the football world. The Argentinian superstar led Inter Miami to an MLS Cup victory, adding another trophy to his illustrious career.