ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഇതെന്ത് പറ്റി. കാണികളെ ഹരം കൊള്ളിച്ച ആ 360 ഡിഗ്രി ഷോട്ടുകള്‍ക്ക് എന്ത് പറ്റി? അവസാന 20 ഇന്നിങ്സുകളില്‍ നിന്ന് ആകെ നേടാനായത് 302 റണ്‍സ്. ശരാശരി കേവലം 17ന് താഴെ. പൂജ്യത്തിന് പുറത്തായത് 3 തവണ. സ്ട്രൈക്ക് റേറ്റിലും വലിയ ഇടിവ്. കഴിഞ്ഞ വര്‍ഷം ബംഗ്ലദേശിനെതിരെയാണ് അവസാനമായി അര്‍ധസെഞ്ചറി നേടിയത്.
ലെഗ് സൈഡ് ഫ്ലിക്ക് ഷോട്ട് നന്നായികളിക്കുന്ന താരമാണ് സൂര്യ. സ്ട്രോങ്ങ് പോയിന്‍റ് മനസ്സിലാക്കി എതിര്‍ ടീം കെണിയൊരുക്കുന്നു. പലപ്പോഴും താരമതില്‍ വീഴുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പണി കിട്ടും. മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന് കീഴില്‍ ടീമിനെ ഇറക്കാനാണ് ബിസിസിഐക്കും കോച്ച് ഗംഭീറിനും താല്‍പര്യമെന്ന് കേള്‍ക്കുന്നു. രോഹിത് ശര്‍മയെ ഒരു പൂപറിക്കുന്ന ലാഘവത്തോടെ മാറ്റി ശുഭ്മന്‍ ഗില്ലിനെ പ്രതിഷ്ഠിച്ച സിലക്ഷന്‍ കമ്മിറ്റിക്ക് ക്യാപ്റ്റന്‍സി ചെയ്ഞ്ച് നിസ്സാരമായിരിക്കും.
ഇന്ത്യന്‍ ടീമിലേക്ക് വൈകിയാണ് എത്തിയതെങ്കിലും ക്രീസില്‍ നര്‍ത്തകനെപ്പോലെ കളം നിറഞ്ഞാടുന്ന സ്കൈയുടെ ട്രേഡ് മാര്‍ക്ക് ഷോട്ടുകള്‍ ആരാധകരെ ആവേശത്തിലാറാടിച്ചിരുന്നു. ജോഫ്ര അര്‍ച്ചറെ സിക്സര്‍ പറത്തിത്തുടങ്ങിയ ആ ബാറ്റിന്‍റെ ചൂട് ലോകോത്തര ബോളര്‍മാരടക്കം ശരിക്കറിഞ്ഞു. ഷോട്ട് സിലക്ഷനുകളിലെല്ലാം ഉണ്ടായിരുന്നു സൂര്യകുമാര്‍ ടച്ച്. ഗ്രൗണ്ടിന്‍റെ നാനാഭാഗത്തേക്കും ഷോട്ടുകള്‍ പാഞ്ഞു. ടി20 ലോകകപ്പിന് ശേഷം ഹിറ്റ്മാന്‍ പടിയിറങ്ങിയപ്പോള്‍ പകരം നായകകുപ്പായം സൂര്യയെ തേടിയെത്തി. ടീമിന്‍റെ ഭാവിയെ മുന്‍നിര്‍ത്തി പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ പ്ലാനിങ്ങായിരുന്നു തീരുമാനത്തിന് പിന്നില്‍. സൂര്യ ക്യാപ്റ്റനായ ശേഷം നടന്ന ടി20 പരമ്പരകളിലെല്ലാം ഇന്ത്യ ആധികാരിക ജയം നേടി. ഏഷ്യാ കപ്പും സ്വന്തമാക്കി. നാളിതുവരെ ഒരു പരമ്പര പോലും തോറ്റില്ല. ഇതുവരെ 31 മത്സരങ്ങളില്‍ സ്കൈ ഇന്ത്യയെ നയിച്ചു. അതില്‍ 25 മത്സരങ്ങളും ഇന്ത്യ ജയിച്ചു. പക്ഷെ താരത്തിന്‍റെ ബാറ്റിങ് സ്റ്റാറ്റ്സ് താഴേക്ക് കൂപ്പ് കുത്തി. ബാറ്റിങ്ങിന്‍റെ വേഗതയും കൃത്യതയും നഷ്ടമായിത്തുടങ്ങി.
സൂര്യകുമാര്‍ യാദവെന്ന പോരാളി അത്രവേഗം കീഴടങ്ങില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. മൂന്നാം ട്വന്‍റി20യില്‍ തിരിച്ചുവരവിന്‍റെ ചില സൂചനകള്‍ സൂര്യ നല്‍കിക്കഴിഞ്ഞു. കാർമേഘങ്ങൾക്ക് ഇടയിൽനിന്നും സൂര്യൻ പുറത്തുവന്ന ചരിത്രമേയുള്ളൂ. അതുകൊണ്ട് സൂര്യകുമാർ എന്ന സൂര്യൻ പുറത്തുവരിക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.