വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച . ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
സംഭാഷണത്തിനിടെ, ദീപ്തിയുടെ ഇന്‍സ്റ്റാഗ്രാമിലെ 'ജയ് ശ്രീ റാം' ബയോയും കൈയിലെ ഹനുമാന്‍ ടാറ്റുവും ശ്രദ്ധിച്ചതായി മോദി പറഞ്ഞു. 'നിങ്ങളുടെ കൈയില്‍ ഹനുമാന്‍ സ്വാമിയുടെ ടാറ്റൂ ഉണ്ടല്ലോ, അത് നിങ്ങളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?', മോദി ചോദിച്ചു. 'എന്നിലുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വാസം ഞാന്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്നുണ്ട്. എന്‍റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വ്യക്തിപരമായി എന്നെ വളരെയധികം സഹായിക്കുന്നുമുണ്ട്. ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അതെന്നെ സഹായിക്കുന്നു', ദീപ്തി മറുപടി നല്‍കി.
ഫൈനലില്‍ അര്‍ധസെഞ്ചറിയും അഞ്ച് വിക്കറ്റുമായി ദീപ്തിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളും നേടിയ ദീപ്തിയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.