ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ ഭാഗമാകാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ അംഗമാണ് കുല്‍ദീപ്. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് കുല്‍ദീപിനെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്.
നവംബര്‍ 6നാണ് രണ്ടാം ചതുര്‍ദിന മത്സരം. ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ബിസിസിഐ കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആദ്യ മത്സത്തില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍, ധ്രുവ് ജുറല്‍, മുഹമ്മദ് സിറാജ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.