സൗദി അറേബ്യയുടെ പതാകയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ജെഴ്‌സിയും അണിഞ്ഞ് രാജ്യാന്തര യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് ഗെയിംസില്‍ മലയാളി ബാഡ്മിന്‍റണ്‍ താരം. കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസയാണ് ജര്‍മ്മനിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.
കാലിക്കറ്റ് സര്‍വ്വകലാശാല ബാഡ്മിന്റണ്‍ ചാമ്പ്യനാണ് ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഖദീജ നിസ. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പേരില്‍ സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് ജര്‍മ്മനിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. വനിതാ സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളിലാണ് ഖദീജ കളത്തിലിറങ്ങിയത്.
ഒളിമ്പിക്‌സ് മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കാന്‍ പരിശീലിക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടീമില്‍ അംഗമാണ് ഖദീജ. റിയാദില്‍ അരങ്ങേറിയ ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നു തവണ സ്വര്‍ണ മെഡല്‍ നേടി. ഈ വര്‍ഷം കിംഗ്ഡം ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍റിലും സ്വര്‍ണം. സൗദിയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര മത്സരങ്ങളില്‍ 11 മെഡലുകളാണ് ഖദീജ കഴിഞ്ഞ വര്‍ഷം നേടിയത്. ജര്‍മ്മനിയിലേയ്ക്കു പോയ ആറംഗ ബാഡ്മിന്‍റണ്‍ സംഘത്തിലെ ഏക വനിതയും ഖദീജ ആണ്. റിയാദില്‍ ഐടി എഞ്ചിനീയറായ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്, ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ.