TOPICS COVERED

പി.വി. സിന്ധു ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് പ്രീ-ക്വാർട്ടറില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ഡെന്മാർക്കിന്റെ ജൂലി ഡവാൾ ജേക്കബ്സണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. വെറും 27 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-4, 21-10 എന്ന സ്കോറിനാണ് രണ്ട് തവണ ഒളിംപിക് മെഡൽ ജേതാവായ സിന്ധുവിന്റെ വിജയം. 

ഹോങ്കോങ് ഓപ്പണിൽ മറ്റൊരു ഡാനിഷ് താരമായ ലൈൻ ക്രിസ്റ്റോഫേഴ്സണിനോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ട സിന്ധു, ആ നിരാശക്ക് ശേഷം 10 ദിവസങ്ങൾക്കകമാണ് ഈ മികച്ച വിജയം സ്വന്തമാക്കിയത്. ഈ വർഷം ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ആറ് തവണ ആദ്യ റൗണ്ടിൽ പുറത്തായ സിന്ധുവിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ് ഈ വിജയം.

മത്സരത്തിന്റെ തുടക്കം മുതൽ സിന്ധു പൂർണ്ണ ആധിപത്യം പുലർത്തി. ആദ്യ ഗെയിം 10 മിനിറ്റിനടുത്ത് മാത്രം സമയമെടുത്താണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിമിലും സിന്ധുവിന്റെ ആധിപത്യം തുടർന്നു. 4-4 എന്ന സ്കോറിൽ ഒപ്പത്തിനൊപ്പമെത്തിയെങ്കിലും, സിന്ധു തന്റെ പരിചയസമ്പത്തും മികച്ച ടെക്നിക്കും ഉപയോഗിച്ച് മുന്നേറി. 11-8 എന്ന നിലയിൽ നിന്ന് തുടർച്ചയായി ആറ് പോയിന്റുകൾ നേടി സിന്ധു ലീഡ് 17-8 ലേക്ക് ഉയർത്തി. പിന്നീട് മത്സരത്തിൽ എതിരാളിക്ക് യാതൊരു സാധ്യതയും നൽകാതെ സിന്ധു വിജയം ഉറപ്പിച്ചു.  ഈവര്‍ഷം സ്വിസ് ഓപ്പണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജേക്കബ്സൺ സിന്ധുവിന് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

ENGLISH SUMMARY:

PV Sindhu advances to the pre-quarterfinals of the China Masters Super 750 tournament. Sindhu secured a dominant victory against Julie Dawall Jakobsen, boosting her confidence after previous setbacks.