ലക്ഷ്യവും ദൂരവും അളവും പിഴയ്ക്കാതെ ഇംഗ്ലീഷുകാരെ ഓരോന്നായി എറിഞ്ഞിട്ട് ടീമിനെ വിജയിപ്പിച്ച ആകാശ് ദീപ്. മത്സരശേഷം ചേതേശ്വർ പൂജാരയോട് സംസാരിക്കുന്ന വേളയിൽ ആകാശ് വികാരഭരിതനായി. 'ഞാൻ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, രണ്ട് മാസം മുമ്പ് എന്റെ സഹോദരിക്ക് കാൻസർ സ്ഥിരീകരിച്ചു. എന്റെ പ്രകടനത്തിൽ അവൾ വളരെ സന്തുഷ്ടയായിരിക്കും, ഇത് ചില പുഞ്ചിരികൾ തിരികെ കൊണ്ടുവരും. പന്ത് കൈയിൽ എടുക്കുമ്പോഴെല്ലാം അവളുടെ ചിന്തകൾ എന്റെ മനസ്സിലേക്ക് വരുമായിരുന്നു. എന്റെ പ്രകടനം അവൾക്കുവേണ്ടി സമർപ്പിക്കുന്നു. 'ചേച്ചി, ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്, ആകാശ് വികാരഭരിതനായി പറഞ്ഞു.
കളത്തിന് പുറത്തും പോരാളി തന്നെയാണ് ഈ ഇരുപത്തിയെട്ടുകാരൻ. ബിഹാറിലെ സാസാറം എന്ന ഗ്രാമത്തിൽ സ്കൂൾ അധ്യാപകനായ റാംജി സിങിന്റെ മകനായി ജനിച്ച ആകാശ് ദീപിന് ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റ് കളിക്കാരൻ ആവാനായിരുന്നു ആഗ്രഹം. മകൻ സർക്കാർ സർവീസിൽ ഒരു പ്യൂണെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച റാംജി സിങ് മകൻ താരമാകുന്നത് കാണാൻ സാധിക്കാതെ അകാലത്തിൽ മരിച്ചു. ആറ് മാസത്തിനുള്ളിൽ സഹോദരന്റെ അപ്രതീക്ഷിത വേർപാട്. കുറച്ചുനാൾ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തു. വീണ്ടും തിരിച്ചുവന്നു.
കൂടുതൽ കളിയവസരങ്ങൾ തേടി ബിഹാറിൽ നിന്ന് ബംഗാളിലേക്ക് ചുവടുമാറ്റി. ചുരുങ്ങിയ കാലത്തിനുള്ളിൽ ബംഗാളിന്റെ മികച്ച പേസറായി പേരെടുത്തു. കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. 2024 ൽ റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം. രാഹുൽ ദ്രാവിഡിൽ നിന്ന് ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങുമ്പോൾ സാക്ഷിയായി ആകാശിന്റെ അമ്മയും സഹോദരിയും ഗാലറിയിൽ ഉണ്ടായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരെ നഷ്ടപ്പെട്ടവനാണ് ഞാൻ. മറ്റൊന്നും ഇനിഎനിക്ക് നഷ്ടപ്പെടാനില്ല. നേടാനേയുള്ളൂ. അരങ്ങേറ്റത്തിന് പിന്നാലെ ആകാശ് പറഞ്ഞു.
ബർമിങ്ങാമിൽ ബുമ്രയ്ക്ക് പകരം അർഷ്ദീപ് സിങ് ടീമിൽ എത്തും എന്നായിരുന്നു ഏവരുടെ പ്രതീക്ഷ. എന്നാൽ ഇംഗ്ലണ്ടിന്റെ ചിറകറിയാൻ ഗൗതം ഗംഭീർ കാത്തുവെച്ചത് ആകാശിനെയായിരുന്നു. നഷ്ടപ്പെടാനൊന്നുമില്ലാതെ ലോകം കീഴടക്കാൻ ഇറങ്ങിയ ആകാശിന് മുന്നിൽ പേരുകേട്ട ഇംഗ്ലീഷ് ബാറ്റർമാർ മുട്ടുകുത്തി. ഇംഗ്ലണ്ടിന്റെ എഡ്ജ്ബാസ്റ്റൺ കോട്ട നിലംപൊത്തി. ബ്രൈഡൻ കാർസിനെ വീഴ്ത്തി ശേഷം കൈകൾ വിടർത്തി തന്റെ നേട്ടം ആഘോഷിച്ചപ്പോൾ കടന്നുവന്ന വഴികളിൽ സഹിച്ച യാതനകളും ദുരിതങ്ങളും ആ മനസ്സിലൂടെ മിന്നി മാഞ്ഞുകാണും.
പത്തു വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യൻ പേസറെന്ന റെക്കോർഡും ആകാശ് ദീപ് സ്വന്തമാക്കി. 1986ൽ ചേതൻ ശർമ കുറിച്ച ചരിത്രമാണ് 39 വർഷത്തിന് ശേഷം ആകാശ് ദീപ് തിരുത്തിയെഴുതിയത്. രണ്ട് ഇന്നിങ്സിലുമായി 187 റൺസ് വിട്ടുകൊടുത്ത ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ ആകാശ് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് നേടിയത്. 1986ൽ ബിർമിങ്ഹാമിൽ നടന്ന മത്സരത്തിൽ ചേതൻ ശർമ രണ്ട് ഇന്നിങ്സിലുമായി 188 റൺസ് വിട്ടുകൊടുത്താണ് 10 വിക്കറ്റുകൾ വീഴ്ത്തിയത്.
1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റർമാരിൽ നാലു പേരെയും (ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്) പുറത്താക്കുന്ന ആദ്യ ബോളറെന്ന നേട്ടവും ആകാശിന് സ്വന്തമായി. 1976-ൽ വെസ്റ്റിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. വരാനിരിക്കുന്നത് ആകാശിന്റെ ദിവസങ്ങളാണ്. അവന്റെ പന്തുകൾ ഇനി പലരുടെയും ബെയിൽസ് തെറിപ്പിക്കും.