indian-cricket-team

ട്വന്‍റി 20 ലോകകപ്പ് കഴിഞ്ഞെങ്കിലും ആരും വെറും കയ്യോടെ മടങ്ങുന്നില്ല. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും കൈനിറയെ സമ്മാനമാണ് ഐസിസി നല്‍കുന്നത്. ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന ആകെ സമ്മാനത്തുക 13.5 മില്യണ്‍ ഡോളറാണ്, ഏകദേശം 120 കോടി രൂപയ്ക്ക് മുകളില്‍. 2024 സീസണിനേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഇത്തവണ സമ്മാനത്തുകയില്‍. ജയിച്ച ഇന്ത്യന്‍ ടീമിന് കോടികള്‍ ലഭിക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടം വരെ കളിച്ച ചെറിയ ടീമുകള്‍ക്കും കോടികള്‍ ലഭിക്കും. 

ചാംപ്യന്മാരാകുന്ന ടീമിന് ലഭിക്കുന്നത് 3 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ ടീമിന് ഏകദേശം 27.48 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിന് 1.6 മില്യണ്‍ അഥവാ 14.65 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ടൂര്‍ണമെന്‍റില്‍ ഏത് ഘട്ടം വരെ എത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ടീമിനും ലഭിക്കുന്ന സമ്മാനത്തുക കണക്കാക്കുക. 

സെമിഫൈനലിലെത്തുന്ന ടീമിന് 7.90 ലക്ഷം ഡോളറാണ് സമ്മാനത്തുക. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ഏകദേശം 7.24 കോടി രൂപ ലഭിക്കും. സൂപ്പര്‍ എട്ടില്‍ പോരാട്ടം അവസാനിപ്പിച്ച വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, സിംബാബ്‍വെ എന്നിവര്‍ക്ക് 3.48 കോടി രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ടീമുകള്‍ക്ക് 2.29 കോടി രൂപയാണ് സമ്മാനത്തുക. 

ഞായറാഴ്ച നടന്ന ഫൈനലില്‍ 96 റണ്‍സിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിൽ അർധസെഞ്ചറിയുമായി തിളങ്ങി സഞ്ജും സാംസൺ (89), ബോളിങ്ങിൽ, 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ.

ENGLISH SUMMARY:

India’s T20 World Cup 2026 victory at Ahmedabad was not just a sporting triumph but a massive financial windfall, with the ICC announcing a record prize pool of $13.5 million. As the newly crowned champions, Rohit Sharma’s Men in Blue secured a whopping $3 million (approx. ₹27.48 crore) for their dominant 96-run win over New Zealand in the final. Even the runners-up, New Zealand, walked away with $1.6 million (₹14.65 crore), while semifinalists South Africa and England earned ₹7.24 crore each.