isahn-t20-final

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ വിജയകിരീടം കാത്തു സൂക്ഷിച്ചപ്പോള്‍ വ്യക്തിപരമായ വിഷമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയിലാണ് ഇഷാന്‍ കിഷന്‍ ഇന്നലെ ഗ്രൗണ്ടിലെത്തിയിരുന്നത്. ടോപ് ഓര്‍ഡറിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്നലെ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായത്. വെടിക്കെട്ട് പ്രകടനവുമായി രംഗത്തെത്തിയ സഞ്ജു സാംസണും അഭിേഷക് ശര്‍മയ്ക്കും ശേഷമെത്തിയ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചറിയുമായി കൂടിയതോടെയാണ് ഇന്ത്യയുടെ സ്കോര്‍ കുതിക്കുന്നത്.

എന്നാല്‍ പ്രിയപ്പെട്ട രണ്ടുപേരുടെ വേര്‍പാടിന്‍റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുമ്പോളായിരുന്നു ഇഷാന്‍ കിഷന്‍ മല്‍സരത്തിനെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഷാന്‍റെ സഹോദരീ തുല്യയായ, അടുത്ത ബന്ധുവും അവരുടെ ഭര്‍ത്താവും വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. ദമ്പതികളുടെ ആറ് മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഫൈനല്‍ കാണാനായി വെള്ളിയാഴ്ച, അഹമ്മദാബാദിലേക്ക് പോകാന്‍ ഒരുങ്ങുമ്പോളായിരുന്നു ഇഷാന്‍റെ പിതാവും ദുരന്തവാര്‍ത്ത അറിയുന്നത്.

ഇതിനെ തുടര്‍ന്ന് ഇഷാന്‍റെ കുടുംബവും ഇന്നലെ ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലേക്ക് എത്തിയിരുന്നില്ല. ഇഷാന്‍ തങ്ങള്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ കളി കാണാന്‍ ആയില്ലെന്നും അദ്ദേഹത്തിന്‍റെ പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ‘ഈ ദുഷ്കരമായ സമയത്ത് കുടുംബത്തിനൊപ്പമിരിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു, ആകെ വിഷമത്തിലാണവന്‍’– അദ്ദേഹം പറഞ്ഞു.

rinku-singh-father

ഫൈനലിന് മുമ്പുള്ള ഇന്ത്യയുടെ പരിശീലന സെഷനുകളിലും സാധാരണയായി കാണുന്ന ഊർജ്ജം ഇഷാനില്‍ ഇല്ലായിരുന്നു. എന്നിരുന്നാലും, തന്‍റെ വേദനകള്‍ കടിച്ചമര്‍ത്തി തകർപ്പൻ പ്രകടനമാണ് ഇഷാന്‍ ഫൈനലില്‍ കാഴ്ചവച്ചത്. മൂന്നാമതായി ബാറ്റിങിനിറങ്ങിയ ഇഷാന്‍ 25 പന്തിൽ നിന്ന് 54 റൺസ് നേടി. ഒപ്പം ഫീൽഡിൽ രണ്ട് അവിശ്വസനീയമായ ക്യാച്ചുകളും. ന്യൂസീലൻഡ് ബാറ്റ്‌സ്മാൻമാരായ രചിൻ രവീന്ദ്രയെയും ടീം സെയ്ഫർട്ടിനെയുമാണ് ഇഷാന്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്. ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് 317 റൺസ് നേടിയ കിഷൻ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ നാലാമത്തെ കളിക്കാരന്‍ കൂടിയാണ്.

ഇഷാന്‍ മാത്രമല്ല, പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പിതാവിന്‍റെ മരണം ഉയര്‍ത്തിയ ശൂന്യതയിലാണ് റിങ്കു സിങും ഇന്നലെ എത്തിയിരുന്നത്. ഫെബ്രുവരി അവസാനമായിരുന്നു റിങ്കു സിങിന്‍റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചത്. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഈ സമയം ചെന്നൈയിൽ ട്വന്‍റി20 ലോകകപ്പ് ക്യാംപിലായിരുന്നു റിങ്കു സിങ്.

ENGLISH SUMMARY:

In a heart-wrenching revelation following India's T20 World Cup 2026 victory, it has emerged that Ishan Kishan played the final while grieving the loss of two close relatives. Despite the tragedy, Kishan smashed 54 off 25 balls and took two crucial catches at the Narendra Modi Stadium. Similarly, Rinku Singh remained with the squad despite his father's recent passing due to cancer. Kishan finished the tournament as the fourth-highest run-getter with 317 runs, proving his mental resilience on the world stage. Read about the emotional journey of India's world champions and their dedication to the national jersey.