ആഭ്യന്തരക്രിക്കറ്റില്‍ രണ്ടാംവട്ടം അവസാന നാലില്‍ കേരളത്തെ എത്തിക്കുന്നതിന് പ്രധാനമായും നന്ദിപറയേണ്ടത് സല്‍മാന്‍ നിസാറിനോട്. മറ്റുള്ളവരെ കുറച്ചുകാണുകയല്ല. എന്നാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ അടങ്ങുന്ന മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെ രണ്ട് ഇന്നിങ്സുകളില്‍ ചെറുത്തുനില്‍ക്കാന്‍ അസാമാന്യ ക്ഷമവേണം, ഏകാഗ്രത വേണം, നിശ്ചയദാര്‍ഢ്യം വേണം. അതുകൊണ്ട്. സല്‍മാനെ നീ സല്‍മാനല്ല ഭായ്. പൊന്മാനാണ് പൊന്മാന്‍. Read More at രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍; പ്രവേശനം 6 വര്‍ഷത്തിന് ശേഷം
ആദ്യ ഇന്നിങ്സിൽ ആ ഒറ്റേയൊറ്റ റണ്ണിന്റെ ലീഡ് നേടാന്‍ സഹായിച്ചത് സല്‍മാന്‍. അവസാനം കശ്മീരിന്റെ ജയത്തിനും സെമിഫൈനല്‍ പ്രവേശനത്തിനും രണ്ടാമിന്നിങ്സിലും വന്‍മതിലായത് സല്‍മാന്‍. നമിച്ചു ഭായ്. ജമ്മുകശ്മീരിനെതിരായ മല്‍സരത്തിന്റെ മൂന്നാം ദിനം കളിതുടങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു സല്‍മാന്‍ നേടിയത്. മറുവശത്ത് ബേസില്‍ തമ്പിയും ഒരാള്‍ പോയാല്‍ കശ്മീരിന് ലീഡായി. സെമിയും ഉറപ്പിക്കാമായിരുന്നു. അവിടെ നിന്ന് ബേസിലിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ സല്‍മാന്‍ 132 പന്തില്‍ നേടിയ 81 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തെ ആ ഒരേയൊന്ന് റണ്‍ ലീഡിലെത്തിച്ചത്. ഇതില്‍ 97 പന്തും നേരിട്ടത്ത് സല്‍മാന്‍. ബേസിലിന് 35 പന്തേ നേരിടേണ്ടിവന്നുള്ളൂ.
ഇനി രണ്ടാമിന്നിങ്സിന്റെ കാര്യം. അവസാന ദിനം ജയിക്കാന്‍ കേരളത്തിന് വേണ്ടിയിരുന്നത് 299 റണ്‍. കയ്യിലുള്ളത് എട്ടുവിക്കറ്റ്! സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പോയി. രണ്ട് വിക്കറ്റിന് 100 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് 128ൽ നില്ക്കെയാണ്. എന്നാൽ ഇതിനിടയിൽ 24 ഓവറുകൾ കടന്നു പോയിരുന്നു. 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 180 റൺസെന്ന നിലയിലായി.
കശ്മീര്‍ സെമിഫൈനല്‍ മണത്ത സമയം. അവിടെ വീണ്ടുമൊരു കൂട്ടുകെട്ടുമായി സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിന്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ 162 പന്തുകളിൽ നിന്ന് 44 റൺസും മുഹമ്മദ് അസറുദ്ദീന്‍ 118 പന്തുകളിൽ നിന്ന് 67 റൺസുമായി കശ്മീരിന്റെ സെമിഫൈനല്‍ സ്വപ്നങ്ങള്‍ കൊട്ടിക്കെടുത്തി! അങ്ങനെ ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിന്റെ ലീഡ് ഒന്നൊന്നരലീഡ് ആയി!
കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് സെമിഫൈനൽ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. 2018-19 സീസണില്‍. . അന്ന് സെമിയിൽ വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു. ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. ബിഹാറിനെതിയായിരുന്നു സല്‍മാന്‍ രഞ്ജിട്രോഫിയില്‍ ആദ്യ സെഞ്ചറി നേടിയത്. അതും ഏറെ നിര്‍ണായകമായി.
സമ്മര്‍ദ്ദമേറുമ്പോള്‍ മികവുകാട്ടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മാസങ്ങള്‍ക്കുമുമ്പ് കെ.സി.എല്‍ വേളയില്‍ സല്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. അത് വെറുംവാക്കല്ലെന്ന് തെളിയിച്ചു ഈ ഇരുപത്തിയേഴുകാരന്‍. കാലിക്കറ്ര് ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി ലീഗില്‍ ഇറങ്ങിയ സല്‍മാനായിരുന്നു ടീമിന്റെ നെടുംതൂണ്.
ദുഷ്കരമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതിക്കയറാനുള്ള സല്‍മാന്റെ അതേ ആത്മവിശ്വാസമാണ് ഇത്തവണ കേരള ടീമിനെ വേറിട്ട് നിർത്തുന്നത്. ഫോമിലുള്ള ബാറ്റിങ് - ബോളിങുകൾക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിന്റെ മുന്നേറ്റത്തിൽ പ്രധാനമാണ്. അവസാന വിക്കറ്റുകളിൽ നേടിയ കൂട്ടുകെട്ടുകളായിരുന്നു കഴിഞ്ഞ മല്‍സരങ്ങളിൽ കേരളത്തിന് അനുകൂലമായത്. സല്‍മാന്‍ നിസാര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈ വിദർഭയെ നേരിടും. ഈ മാസം 17 നാണ് സെമിഫൈനൽ.