Kerala-Jammu-Kashmir-Ranji-Trophy

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ സമനില നേടിയതോടെയാണ് ടീമിന്റെ സെമി പ്രവേശനം. ഒന്നാം ഇന്നിങ്സില്‍ നേടിയ ഒരു റണ്‍ ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ സെമി ഉറപ്പിച്ചത്. 399 റണ്‍സ് പിന്തുടര്‍ന്ന കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ 44 റണ്‍സും നേടിയ സല്‍മാന്‍ നിസാര്‍ മല്‍സരത്തിലെ താരം. കേരളം സെമിയിലെത്തുന്നത് ആറുവര്‍ഷത്തിന് ശേഷം.  ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. സെമിയില്‍ ഗുജറാത്താണ് എതിരാളികള്‍.

 

സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് വളരെ ശ്രദ്ധയോടെയാണ് ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. രണ്ട് വിക്കറ്റിന് 100 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് 128ൽ നില്ക്കെയാണ്. എന്നാൽ ഇതിനിടയിൽ 24 ഓവറുകൾ കടന്നു പോയിരുന്നു. 48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ സാഹിൽ ലോത്രയാണ് പുറത്താക്കിയത്.

52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 180 റൺസെന്ന നിലയിലായിരുന്നു കേരളം. അവിടെ വീണ്ടുമൊരു കൂട്ടുകെട്ടുമായി സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിൻ്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ നിസാർ 162 പന്തുകളിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 118 പന്തുകളിൽ നിന്ന് 67 റൺസുമായി മുഹമ്മദ് അസറുദ്ദീനും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സച്ചിൻ ബേബി 48 റൺസും, ജലജ് സക്സേന  18ഉം ആദിത്യ സർവാടെ എട്ടും റൺസെടുത്തു. കശ്മീരിന് വേണ്ടി യുധ്വീർ സിങ്, സാഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് സെമിയിൽ വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.

ഫോമിലുള്ള ബാറ്റിങ് - ബൌളിങ് നിരകൾക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തിൽ നിർണ്ണായകമായി.  അവസാന വിക്കറ്റുകളിൽ നേടിയ കൂട്ടുകെട്ടുകളായിരുന്നു കഴിഞ്ഞ മല്സരങ്ങളിൽ കേരളത്തിന് അനുകൂലമായത്. സല്‍മാന്‍ നിസാര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.  സെമിയിൽ ഗുജറാത്താണ് കേരളത്തിൻ്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈ വിദർഭയെ നേരിടും. ഈ മാസം  17 നാണ്  സെമി ഫൈനൽ മല്സരങ്ങൾ തുടങ്ങുക.

ENGLISH SUMMARY:

Kerala has secured a spot in the Ranji Trophy semifinals after drawing against Jammu & Kashmir in the quarterfinals.