India's captain Rohit Sharma watches the ball after playing a shot during the second one-day international (ODI) cricket match between India and England at the Barabati Stadium in Cuttack on February 9, 2025. (Photo by DIBYANGSHU SARKAR / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
കടിച്ചുതൂങ്ങാതെ വിരമിക്കൂവെന്ന് ആക്രോശിച്ചവര്‍ക്ക് കട്ടക്കില്‍ രോഹിത് ശര്‍മയുടെ ബാറ്റാണ് മറുപടി പറഞ്ഞത്. ഏഴ് സിക്സും 12 ഫോറും ചേര്‍ത്ത് 90 പന്തില്‍ 119 റണ്‍സെന്ന കലിപ്പന്‍ സ്കോര്‍. രണ്ടക്കം കടക്കാന്‍ കഴിഞ്ഞ ആറുമാസമായി കഷ്ടപ്പെട്ടിരുന്ന രോഹിത് തന്നെയോ ഇതെന്ന് വിമര്‍ശകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനം.രോഹിതിന്‍റെ ബാറ്റില്‍ തട്ടി പന്തുകള്‍ ഒഴുകിപ്പറക്കുന്നതും ബൗണ്ടറി കടക്കുന്നതും ഹിറ്റ്മാന്‍ ഫാന്‍സ് കണ്‍നിറയെ കണ്ടു. സെഞ്ചറി തികച്ചതും ഗാലറിയില്‍ കോച്ച് ഗംഭീര്‍ എഴുന്നേറ്റ് നിന്ന് രോഹിത്തിനായി കയ്യടിച്ചു.
India's captain Rohit Sharma celebrates after scoring a century during the second one day international cricket match between India and England in Cuttack, India, Sunday, Feb. 9, 2025. (AP Photo/Rafiq Maqbool)
രോഹിതിന്‍റെ 32–ാം ഏകദിന സെഞ്ചറിയാണ് കട്ടക്കില്‍ പിറന്നത്. ഒക്ടോബര്‍ 2023ന് ശേഷമുള്ള രോഹിതിന്‍റെ ആദ്യ ഏകദിന സെഞ്ചറിയാണിത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു ഫോര്‍മാറ്റിലും രോഹിതിന് സെഞ്ചറിയിലേക്കെത്താന്‍ കഴിഞ്ഞിരുന്നില്ല. ആ നിലയില്‍ നിന്നാണ് 76 പന്തില്‍ സെഞ്ചറി ഹിറ്റ്മാന്‍ അടിച്ചു കൂട്ടിയത്. ചാംപ്യന്‍സ് ട്രോഫിക്ക് വെറും 10 ദിവസം മാത്രം ശേഷിക്കെ മിന്നുന്ന ഫോമിലേക്ക് ക്യാപ്റ്റന്‍ മടങ്ങിയെത്തിയത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
കട്ടക്കിലെ സെഞ്ചറിയോടെ ഏകദിനത്തില്‍ ഏറ്റവുമധികം സിക്സുകളെന്ന ക്രിസ് ഗെയിലിന്‍റെ റെക്കോര്‍ഡ് രോഹിത് മറികടന്നു. പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദിയാണ് സിക്സടിച്ച് കൂട്ടിയവരില്‍ ഒന്നാമന്‍. 398 മല്‍സരങ്ങളില്‍ നിന്നായി 351 സിക്സുകളാണ് അഫ്രീദി നേടിയത്. 338 സിക്സുകളുമായി രോഹിത് നിലവില്‍ രണ്ടാമതും 331 സിക്സുകളുമായി ഗെയില്‍ മൂന്നാമതുമാണ്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സെന്ന വിജയലക്ഷ്യം ഓപ്പണര്‍മാരായ രോഹിതും ഗില്ലും നിലയുറപ്പിച്ചതോടെ ഇന്ത്യ മറികടക്കുമെന്ന് ഉറപ്പിച്ചു. ആദ്യ ഓവറുകള്‍ മുതല്‍ ഫാസ്റ്റ് ബോളര്‍മാരെ ആക്രമിച്ച് രോഹിത് കളി തുടങ്ങിയപ്പോള്‍ ഗില്ലും (60) ശ്രേയസ് അയ്യര്‍ (44), അക്സര്‍ പട്ടേല്‍ (41*) ഒപ്പം ചേര്‍ന്നു. കോലി ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ യശസ്വി പുറത്തിരുന്നു. മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2–0ത്തിന് സ്വന്തമാക്കി.