• ലോകകപ്പിന് മുന്‍പുള്ള ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇഷാന്‍ ഫോമിലേക്ക് മടങ്ങിവന്നു. സഞ്ജു നിറം മങ്ങി. ഇപ്പോള്‍ നോക്കൂ, വൈഭവുണ്ട്. സഞ്ജുവിന് ആ സമ്മര്‍ദമുണ്ട്- വിഹാരി

ഏഷ്യന്‍ ഗെയിംസിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്‍റി 20യിലും തിളങ്ങാന്‍ കഴിയാതെ മടങ്ങിയ സഞ്ജു സാംസണ്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന് മുന്‍ താരം ഹനുമ വിഹാരി. അഫ്ഗാനെതിരെ കഴിഞ്ഞ മാസം നേടിയ രണ്ട് അര്‍ധ സെഞ്ചറികള്‍ക്കിപ്പുറം താരം വീണ്ടും തുടക്കത്തിലേ പുറത്താകുന്നത് ചൂണ്ടിക്കാട്ടിയാണ് വിഹാരിയുടെ പ്രതികരണം. താന്‍ സഞ്ജുവിന്‍റെ കടുത്ത ആരാധകനാണെന്നും അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

'സഞ്ജു വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ്. സഞ്ജു കളിക്കുന്നത് കാണണമെന്നാണ് എന്‍റെ ആഗ്രഹം. പക്ഷേ അദ്ദേഹമിപ്പോള്‍ തീര്‍ത്തും അരക്ഷിതനാണെന്ന് ഞാന്‍ കരുതുന്നു. സമ്മര്‍ദവും കടുത്ത മല്‍സരവും നേരിടേണ്ടി വരുമ്പോള്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാറില്ലെന്ന് സ‍ഞ്ജു തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ല, ലോകകപ്പിന് മുന്‍പുള്ള ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇഷാന്‍ ഫോമിലേക്ക് മടങ്ങിവന്നു. സഞ്ജു നിറം മങ്ങി. ഇപ്പോള്‍ നോക്കൂ, വൈഭവുണ്ട്. സഞ്ജുവിന് ആ സമ്മര്‍ദമുണ്ട്'- വിഹാരി വിശദീകരിച്ചു. 

താരങ്ങള്‍ നേരിടുന്ന സമ്മര്‍ദം പലപ്പോഴും ആളുകള്‍ക്ക് മനസിലാവണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സമ്മര്‍ദം ഒരു വലിയ ഘടകമാണ്. മിക്കവര്‍ക്കും അത് മനസിലാവില്ല. കളിച്ചിട്ടുള്ളവര്‍ക്ക് അത് അറിയാം. അതുകൊണ്ടാണ് ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പഠിക്കണമെന്ന് പറയുന്നത്. സഞ്ജു ആ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. സഞ്ജുവെന്നല്ല, ആ സ്ഥാനത്തുള്ള ആരും അനുഭവിക്കേണ്ടി വരും'- വിഹാരി പറഞ്ഞു. 

വിന്‍ഡീസിനെതിരായ ആദ്യ ട്വന്‍റി 20യില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരു(102*)ടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 42 പന്തില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ സെഞ്ചറി തികച്ചത്. എല്ലാ ഫോര്‍മാറ്റിലുമായി ഒരിന്ത്യന്‍ താരം നേടുന്ന ആറാമത്തെ അതിവേഗ സെഞ്ചറിയായിരുന്നു അത്. വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറില്‍ മറികടന്നു. 

ആദ്യ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തിരുന്നു. ചേസിങിനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. അഭിഷേക് 21 റണ്‍സെടുത്തും സഞ്ജു 11 റണ്‍സെടുത്തും മടങ്ങി.  പവര്‍പ്ലേയില്‍ 62–2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്നാണ് കരകയറ്റിയത്. നാളെ റാഞ്ചിയിലാണ് രണ്ടാമത്തെ മല്‍സരം. 

ENGLISH SUMMARY:

Former India batter Hanuma Vihari believes Sanju Samson is under immense pressure after another early dismissal in the first T20I against the West Indies. Vihari, who said he is a big admirer of Samson, noted that the wicketkeeper-batter appears insecure when facing intense competition and pressure, adding that players representing India must learn to handle such situations. Samson was dismissed for 11 in the opening match after scoring two half-centuries against Afghanistan last month.