Image Credit: PTI

Image Credit: PTI

  • 'സഞ്ജു പരിചയസമ്പന്നനും ലോകകപ്പ് നേടിയ താരവുമാണ്. പെട്ടെന്നൊന്നും സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ല. വൈഭവിനെ പോലെ തന്നെ പ്രതിഭ സഞ്ജുവിനുമുണ്ട്. ഏറ്റവും മികച്ച പ്രകടനത്തിലുമാണ്. വൈഭവിന് അവസരം ലഭിക്കാത്ത സ്ഥിതിയൊന്നും നിലവിലില്ല'- പൂജാര പറഞ്ഞു

ട്വന്‍റി 20യില്‍ സഞ്ജു സാംസണെ പുറത്തിരുത്തി വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കണമെന്ന വാദങ്ങളെ എതിര്‍ത്ത് മുന്‍ താരം ചേതേശ്വര്‍ പൂജാര. വൈഭവിനായി സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെയും അദ്ദേഹം എതിര്‍ത്തു. സ‍ഞ്ജു പ്രതിഭാധനനായ താരമാണെന്നും കഴിവുള്ള മറ്റാരെങ്കിലും ടീമിന് പുറത്ത് നില്‍ക്കുന്നുവെന്ന് പറഞ്ഞ് നന്നായി കളിക്കുന്ന സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'സഞ്ജു പരിചയസമ്പന്നനും ലോകകപ്പ് നേടിയ താരവുമാണ്. പെട്ടെന്നൊന്നും സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ല. വൈഭവിനെ പോലെ തന്നെ പ്രതിഭ സഞ്ജുവിനുമുണ്ട്. ഏറ്റവും മികച്ച പ്രകടനത്തിലുമാണ്. വൈഭവിന് അവസരം ലഭിക്കാതിരിക്കില്ല. അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ല'- പൂജാര പറഞ്ഞു. 

തിലക് വര്‍മ ഫിനിഷറെന്ന നിലയില്‍ വാഗ്ദാനമാണെന്നും പൂജാര പ്രശംസിച്ചു. അഞ്ചാമതും ആറാമതും ഏഴാമതും സാഹചര്യമനുസരിച്ച് കളിക്കുന്ന താരങ്ങളുണ്ടാവുകയെന്നത് ട്വന്‍റി 20യില്‍ പ്രത്യേകിച്ചും അത്യാവശ്യമാണ്. പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ ഓവറില്‍ കളിക്കാന്‍ വന്നയാള്‍ 10 പന്തില്‍ നിന്ന് മുപ്പതോ നാല്‍പ്പതോ റണ്‍സെടുക്കേണ്ടതുണ്ടെന്ന് സങ്കല്‍പ്പിക്കൂ, ആ സാഹചര്യത്തില്‍ മികച്ച പ്രകടനം തിലകില്‍ നിന്നുണ്ടാകും. കാത്തിരുന്ന താരത്തെ ഇന്ത്യയ്ക്ക് കിട്ടി'യെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഒന്‍പത് പന്തില്‍ 11 റണ്‍സെടുത്ത് സഞ്ജു പുറത്തായപ്പോള്‍ കോച്ച് ഗംഭീറിന്‍റെ മുഖം നിരാശ കൊണ്ട് നിറയുന്നത് ദൃശ്യങ്ങളില്‍ പ്രകടമായിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം  പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരിരുവരെയും നഷ്ടമായി. മൂന്നാം വിക്കറ്റിലൊന്നിച്ച ഇഷാന്‍–ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 67 പന്തില്‍ ഇരുവരും ചേര്‍ന്ന് 137 റണ്‍സെടുത്തു.  43 പന്തില്‍ ആറു സിക്സും പത്ത് ഫോറുമടക്കം ശ്രേയസ് അയ്യര്‍  (102*)അടിച്ചു കളിച്ചതോടെ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചു. ഇന്ത്യയ്ക്കായി അരങ്ങേറ്റ മല്‍സരം കളിച്ച നമന്‍ ധീര്‍ മൂന്ന് വിക്കറ്റും കുല്‍ദീപും അക്സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകളും നേടി. വെള്ളിയാഴ്ച റാഞ്ചിയിലാണ് വിന്‍ഡീസിനെതിരായ രണ്ടാം ട്വന്‍റി 20.

ENGLISH SUMMARY:

Former India cricketer Cheteshwar Pujara has opposed calls to drop Sanju Samson from India’s T20I side to make room for teenage batting sensation Vaibhav Suryavanshi. Pujara said Samson is an experienced World Cup-winning player who is also in good form and should not be left out simply because another talented player is waiting for an opportunity. He also praised Tilak Varma as a promising finisher who can adapt to different batting situations in T20 cricket. Samson scored 11 off nine balls in the first T20I against the West Indies, which India won by eight wickets after Shreyas Iyer hit an unbeaten 102.