vaibhav-suryavanshi

അസാധ്യമെന്ന് തോന്നിയ റണ്‍മലകളാണ് പതിനഞ്ചാം വയസില്‍ വൈഭവ് സൂര്യവംശി കീഴടക്കിയത്. ഐപിഎല്‍ ഈ സീസണിലെ താരവും രാജസ്ഥാന്‍റെ വൈഭവ് തന്നെ. 11 ഇന്നിങ്സുകളില്‍ നിന്ന് 40 റണ്‍സാണ് വൈഭവ് ഇതിനകം നേടിയത്. ഭയം തെല്ലും തീണ്ടാത്ത ആ ബാറ്റിങ് മുതിര്‍ന്ന താരങ്ങളുടെയടക്കം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാലിതാ വൈഭവ് സൂര്യവംശി ഫീല്‍ഡിങില്‍ ഒട്ടും പോരെന്നും, ആ ന്യൂനത തുറന്ന് കാട്ടപ്പെടുകയും പരിഹരിക്കരിക്കുകയുമാണ് വേണ്ടതെന്നും എങ്കില്‍ മാത്രമേ 'ക്രിക്കറ്ററെന്ന്' വിളിക്കാന്‍ കഴിയൂവെന്നും മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. 

ഇംപാക്ട് പ്ലേയറായി ഉപയോഗിക്കപ്പെടുന്ന വൈഭവ് അടിസ്ഥാനപരമായി ബാറ്ററാണെന്നും അത്യപൂര്‍വമായി മാത്രമാണ് ഫീല്‍ഡിങിനിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്ററെന്ന നിലയില്‍ വൈഭവിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാറ്റിങ് പോലെ തന്നെ പ്രധാനമാണ് ഫീല്‍ഡിങെന്ന് മറക്കരുതെന്നും മഞ്ജരേക്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. ' ഇംപാക്ട് പ്ലേയര്‍ നിയമം പരിഷ്കരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. വൈഭവിന്‍റെ കാര്യം തന്നെ നോക്കൂ, വൈഭവിന്‍റെ കളിയുടെ ഒരു വശം മാത്രം കണ്ടാല്‍ മതിയോ? ബാറ്റിങിലും ഫീല്‍ഡിങിലും ഒരുപോലെ ഒരു ക്രിക്കറ്റര്‍ക്ക് ഇറങ്ങാന്‍ കഴിയണം. അല്ലെങ്കിലെങ്ങനെ ക്രിക്കറ്ററെന്ന് പറയാന്‍ കഴിയും?'- മഞ്ജരേക്കര്‍ സ്പോര്‍ട്സ് സ്റ്റാറിന്‍റെ ഇന്‍സൈറ്റ് എഡ്ജ് പോഡ്കാസ്റ്റില്‍ പറഞ്ഞു. 

മുന്‍ തലമുറ താരങ്ങളെയെല്ലാം അവരുടെ ഗെയിം കൊണ്ടാണ് വിലയിരുത്തിയിരുന്നത്. അല്ലാതെ ബാറ്റിങ് മാത്രം നോക്കിയല്ല. അങ്ങനെ വേണം താരങ്ങളെ വിലയിരുത്താന്‍. ഇന്ന് നോക്കൂ, ചിലര്‍ വരുന്നു കുറച്ച് പന്തുകള്‍ നേരിടുന്നു, അടിച്ച് പറത്തുന്നു  പോകുന്നു'- വൈഭവിനെ കടന്നാക്രമിച്ച് മഞ്ജരേക്കര്‍ പറഞ്ഞു. ഫീല്‍ഡിലെ സമ്മര്‍ദമെന്തെന്ന് പുതിയ കളിക്കാര്‍ അറിയേണ്ടതുണ്ട്. തെറ്റുകള്‍ വരുത്താനും അവ തിരുത്തി മുന്നോട്ട് പോകാനും അവര്‍ പേടിക്കേണ്ടതില്ല. ഫീല്‍ഡിലെ സമ്മര്‍ദത്തെ പരിചയ സമ്പത്ത് കൊണ്ടും അതിനെ നേരിട്ടു കൊണ്ടും മാത്രമേ മറികടക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'കളിക്കാര്‍ സര്‍വജ്ഞരാകണമെന്ന് ആരും പറയുന്നില്ല. വൈഭവ് എങ്ങനെ ഫീല്‍ഡ് ചെയ്യുമെന്ന് കാണാന്‍, സമ്മര്‍ദത്തെ അതിജീവിക്കുമെന്ന് കാണേണ്ടതുണ്ട്. മികച്ച ബാറ്ററാണ് വൈഭവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഫീല്‍ഡിങില്‍ ടീമിനൊരു ബാധ്യതയാണ്. ബാറ്റ് ചെയ്ത ശേഷം മടങ്ങിപ്പോയി വെറുതേയിരിക്കുന്ന താരത്തെയാണ് കാണുന്നത്. അത് ശരിയല്ല. ഫീല്‍ഡിങ് ക്രിക്കറ്റില്‍ ബാറ്റിങ് പോലെ പ്രധാനമാണ്'- മഞ്ജരേക്കര്‍ വ്യക്തമാക്കി. സ്പെഷലിസ്റ്റുകളെ വളര്‍ത്തിക്കൊണ്ട് വരുന്നതിനെക്കാള്‍ കംപ്ലീറ്റ് ക്രിക്കറ്ററിലേക്കാവണം ബോര്‍ഡ് ശ്രദ്ധിക്കേണ്ടതെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ഇംപാക്ട് പ്ലേയറായി മാത്രം ഒരാളെ ഉപയോഗിക്കുന്നത് താരങ്ങളോടും ചെയ്യുന്ന അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരാള്‍ വന്ന് ടക്, ടക്, ടക് എന്ന് പന്ത് അടിച്ചു പറത്തുന്നു, പിന്നെ ബ്രേക്കെടുത്ത് ആസ്വദിക്കുന്നു... അതല്ല ക്രിക്കറ്റര്‍. നാലോവറും എറിയണമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഫീല്‍ഡിങിനെങ്കിലും ഉണ്ടാവേണ്ടതുണ്ട്'- മഞ്ജരേക്കര്‍ തുറന്നടിച്ചു.

ENGLISH SUMMARY:

Former Indian cricketer Sanjay Manjrekar has voiced strong criticism against Rajasthan Royals' young sensation Vaibhav Suryavanshi, labeling him a "liability" on the field. While acknowledging Vaibhav's fearless batting style, Manjrekar argued that a true cricketer must excel in fielding as much as in batting to be considered complete. He criticized the current 'Impact Player' rule, suggesting it allows players to avoid the pressures of fielding, which hinders their overall development. Manjrekar emphasized that the cricket board should focus on nurturing all-rounders rather than one-dimensional specialists who rest after their batting stint. Despite the 15-year-old's impressive rise in the IPL, the veteran commentator insists that Vaibhav must overcome his fielding flaws to sustain a long-term career in professional cricket.