ഇന്ത്യന്‍ ടീം മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ നീക്കാനുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം ബിസിസിഐ നടത്തേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍. 2024 ല്‍ ട്വന്‍റി 20 ലോകകപ്പ് ജയത്തിന് പിന്നാലെയാണ് ദ്രാവിഡിന് പകരക്കാരനായി ഗംഭീര്‍ ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. ഗംഭീറിന് കീഴില്‍ ഇന്ത്യ ജയവും പരാജയവും അറിഞ്ഞു. ജയിക്കുമ്പോള്‍ അധികമാരും പ്രശംസിച്ചില്ലെങ്കിലും തോല്‍വിയിലെല്ലാം ഗംഭീറിനെ പുറത്താക്കാന്‍ മുറവിളി ഉയര്‍ന്നു. കോലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കാന്‍ കാരണം ഗംഭീറാണെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു.
ഗംഭീറിനെ നിലവിലെ സാഹചര്യത്തില്‍ മാറ്റുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും വിചാരിക്കുന്നതിനുമപ്പുറത്തെ ദോഷം ചെയ്യുമെന്നും മുനാഫ് പട്ടേല്‍ വിശദീകരിക്കുന്നു. ടീം അംഗങ്ങളെ കൈകാര്യം ചെയ്യുക അസാധ്യമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഗംഭീറിനെ മാറ്റിയെന്ന് കരുതൂ, ഈ ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നത്. ഗംഭീര്‍ ഒരു മാന്യനാണ്, നേരെ വാ നേരേ പോ സ്വഭാവക്കാരനാണ്. സത്യമെന്താണോ അത് തുറന്ന് പറയാന്‍ ഗംഭീറിന് മടിയില്ല. പലര്‍ക്കും അതിഷ്ടമല്ല. ഒരാളുടെ പ്രകടനം മോശമാകുകയും അത് ടീമിനെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുവെങ്കില്‍ അയാളെ പുറത്തിരുത്താന്‍ ഗംഭീറിനൊരു മടിയുമില്ല'- മുനാഫ് പട്ടേല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സത്യം തുറന്ന് പറയുകയും ടീമിനായി നിലകൊള്ളുകയും ചെയ്യുന്നതിന്‍റെ പേരില്‍ ക്രിക്കറ്റ് ലോകത്തില്‍ തന്നെ നിരവധി ശത്രുക്കളെ ഗംഭീര്‍ ഇതിനകം സമ്പാദിച്ചുവെന്നും താരം വെളിപ്പെടുത്തി. 'ആളുകളെ കൈകാര്യം ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. അതൊട്ടും എളുപ്പമല്ല. വിരാട് കോലിയോട് നോ എന്ന് പറഞ്ഞ് നോക്കൂ, രോഹിത് ശര്‍മയോട് പറ്റില്ലെന്ന് പറയാന്‍ പറ്റുമോ? അങ്ങനെ പറയുന്നത് ആലോചിക്കാന്‍ പറ്റുന്നുണ്ടോ? ഈ ടീമിനെ പരിശീലിപ്പിക്കാന്‍ ഇറങ്ങിയതിന്‍റെ പേരില്‍ ഗംഭീറിന് ആരെല്ലാം ശത്രുക്കളായെന്ന് ചിന്തിക്കാന്‍ പറ്റുമോ?'- മുനാഫ് ചോദിക്കുന്നു.
2011 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു മുനാഫ് പട്ടേല്‍. നിലവില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്‍റെ ബോളിങ് കോച്ചാണ് താരം. നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി നാല് പോയിന്‍റാണ് ഡല്‍ഹിക്ക് ഐപിഎല്‍ ഈ സീസണില്‍ ഇപ്പോള്‍ ഉള്ളത്.
ചാംപ്യന്‍സ് ട്രോഫി, ഏഷ്യ കപ്പ്, ട്വന്‍റി 20 ലോകകപ്പ് എന്നീ കിരീടങ്ങളാണ് ഗംഭീറിന് കീഴില്‍ ടീം ഇന്ത്യ നേടിയത്. ടെസ്റ്റില്‍ തലമുറമാറ്റത്തിലൂടെ ഇന്ത്യന്‍ ടീം കടന്നുപോകുന്നതിനിടെയാണ് ഗംഭീറിനെ മാറ്റണമെന്ന ആവശ്യം വീണ്ടും തലപൊക്കുന്നത്. അതേസമയം, ഗംഭീറിന്‍റെ കോച്ചിങ് കാലാവധി 2028 ലെ ട്വന്‍റി 20 ലോകകപ്പ് വരെ നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. താന്‍ കോച്ചായിരിക്കുമ്പോള്‍ ട്വന്‍റി 20 ക്യാപ്റ്റനായി സൂര്യകുമാറിനെയാണ് താല്‍പര്യപ്പെടുന്നതെന്നും ഗംഭീര്‍ ബിസിസിഐയെ അറിയിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.