Mumbai Indians' Jasprit Bumrah reacts after bowls a delivery during the Indian Premier League cricket match between Mumbai Indians and Rajasthan Royals in Guwahati, India, Tuesday, April 7, 2026. (AP Photo/Anupam Nath)
ജസ്പ്രീത് ബുറയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും വലിയ വിക്കറ്റ് വരള്‍ച്ചാക്കാലമാണിത്. കഴിഞ്ഞ അഞ്ച് മല്‍സരങ്ങളിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ താരത്തിനായില്ല. കഴിഞ്ഞ സീസണിലെ അവസാന മല്‍സരത്തിലും ബുംറയ്ക്ക് വിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിക്കറ്റെടുത്തില്ലെങ്കിലും മുംബൈ ഇന്ത്യന്‍സില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബോളര്‍ ബുംറ തന്നെയാണ്. വിക്കറ്റില്ലാത്തതില്‍ ആരും നെറ്റി ചുളിക്കേണ്ടതില്ലെന്നും ടൈറ്റ് യോര്‍ക്കറുകളുമായി വാങ്കഡെ പോലൊരു സ്റ്റേഡിയത്തില്‍ റണ്ണൊഴുക്ക് തടയുന്നത് വിക്കറ്റെടുക്കുന്നതിനെക്കാളും വിലപ്പെട്ടതാണെന്ന് മുന്‍ ഇന്ത്യന്‍ താരം അശ്വിന്‍ പറയുന്നു.
അഹമ്മദാബാദില്‍ പഞ്ചാബ് കിങ്സിനെതിരെ 40 (4 ഓവര്‍), വാങ്കഡെയില്‍ കൊല്‍ക്കത്തയ്ക്കെതിരെ 35 (4),ഡല്‍ഹിയില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 21(4), ഗുവാഹത്തിയില്‍ രാജസ്ഥാനെതിരെ 32(3),വാങ്കഡെയില്‍ ആര്‍സിബിക്കെതിരെ 35 (4) എന്നിങ്ങനെയാണ് ബുംറയുടെ കഴിഞ്ഞ ഇന്നിങ്സുകള്‍.
വിക്കറ്റെടുക്കുന്നതിനുമപ്പുറം ബുംറയുടെ കഴിവ് പിന്‍പോയിന്‍റ് യോര്‍ക്കറുകളിലും റണ്ണൊഴുക്ക് പിടിച്ച് നിര്‍ത്തുന്നതിലുമാണെന്നാണ് എക്സില്‍ പങ്കുവച്ച് പോസ്റ്റില്‍ അശ്വിന്‍ പറയുന്നത്. ബുംറയെ സംബന്ധിച്ചിടത്തോളം എതിര്‍ ടീമിന് കൊടുക്കാതെ തടയുന്ന ഓരോ റണ്‍സും നേട്ടമായാണ് താരം കാണുന്നതെന്നും അശ്വിന്‍ വിശദീകരിക്കുന്നു.
'തുടര്‍ച്ചയായി ബോള്‍ ചെയ്യാതിരിക്കുമ്പോള്‍ വിക്കറ്റെടുക്കാനുള്ള നിങ്ങളുടെ സാധ്യത പൂര്‍ണമായും തൊട്ടുമുന്‍പ് പന്തെറിഞ്ഞയാളെ ആശ്രയിച്ചാണിരിക്കുക. ബാറ്റിങ് പാര്‍ട്നര്‍ഷിപ്പ് പോലെ ബോളിങ് പാര്‍ട്നര്‍ഷിപ്പും പ്രധാനമാണ്'- അശ്വിന്‍ പറയുന്നു. ടീമില്‍ നിന്ന് ബുംറയ്ക്ക് മതിയായ ബോളിങ് പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് അശ്വിന്‍റെ വാക്കുകള്‍. ഈ സീസണില്‍ ട്രെന്‍റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഈ സീസണിലെ ടോപ് ടെന്‍ ബോളര്‍മാരില്‍ മുംബൈയിലെ ആരും ഇതുവരെ ഇടംപിടിച്ചില്ലെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. നാല് മല്‍സരങ്ങളില്‍ നിന്നായി ആകെ 14 വിക്കറ്റുകളാണ് മുംബൈ ബോളര്‍മാര്‍ വീഴ്ത്തിയത്. സീസണില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ളതും കുറഞ്ഞ ഡോട്ട് ബോള്‍ ശതമാനമുള്ളതും മുംബൈയ്ക്ക് തന്നെ.
ആര്‍സിബിക്കെതിരെ ഇന്നലെ പവര്‍പ്ലെയില്‍ മാത്രം 71 റണ്‍സും ഡെത്ത് ഓവറുകളില്‍ 53 റണ്‍സുമാണ് മുംബൈ വഴങ്ങിയത്. സീസണിലെ മോശം ഡെത്ത് ബോളിങുകളിലൊന്ന്. ടീം മൊത്തത്തില്‍ ശരിയാകാനുണ്ടെന്നാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും കുറ്റസമ്മതം. കഴിഞ്ഞ രണ്ട് കളിയിലും ബാറ്റിങിലും ബോളിങിലും ശോഭിക്കാനായില്ലെന്ന് ഹാര്‍ദിക് തുറന്ന് സമ്മതിക്കുന്നു. ഈ കളിയല്ല ടീം കളിക്കേണ്ടതെന്നും തിരിച്ച് വരുമെന്നും താരം പ്രതീക്ഷ പ്രകടിപ്പിക്കുന്നുമുണ്ട്.