Kolkata, Apr 02 (ANI): Kolkata Knight Riders' skipper Ajinkya Rahane during their Indian Premier League 2026 match against Sunrisers Hyderabad at Eden Gardens Stadium, in Kolkata on Thursday. (ANI Photo)
വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിക്കുകയല്ല വേണ്ടതെന്നും മൗനം പാലിക്കണമെന്നും കൊല്‍ക്കത്തെ താരം അജിന്‍ക്യ രഹാനെയെ ഉപദേശിച്ച് വീരേന്ദര്‍ സെവാഗ്. സ്ട്രൈക്ക് റേറ്റിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് രഹാനെ പൊട്ടിത്തെറിച്ചത്. ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ക്ക് പ്രത്യേക അജന്‍ഡയുണ്ടെന്നും തന്നോട് അസൂയയാണെന്നുമായിരുന്നു രഹാനെയുടെ മറുപടി.താരത്തിന്‍റെ മറുപടി കേട്ടവര്‍ അമ്പരന്നു. സമൂഹ മാധ്യമങ്ങളിലടക്കം കനത്ത വിമര്‍ശനമാണ് ഉയരുന്നതും. തീര്‍ത്തും അനാവശ്യമായിരുന്നു രഹാനെയുടെ പ്രതികരണമെന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു.
കാമറൂണ്‍ ഗ്രീന്‍ ബൗള്‍ ചെയ്യാത്തതെന്താണ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ , അക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. അത് നല്ല മറുപടിയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. 'കളിക്കാരല്ല ഇതിനെല്ലാം മറുപടി പറയേണ്ടത്. രഹാനെ ക്യാപ്റ്റനായത് കൊണ്ടാണ് കാമറൂണ്‍ ഗ്രീനിനെ കുറിച്ചുള്ള ചോദ്യം വന്നത്. അതിന് കൃത്യമായ ഉത്തരം പറയാന്‍ രഹാനെയ്ക്കില്ല. അതുകൊണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കാന്‍ ആവശ്യപ്പെട്ടു'- സെവാഗ് വിശദീകരിച്ചു. ഇക്കാര്യത്തില്‍ പാലിച്ച ശാന്തത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ രഹാനെയ്ക്ക് പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടുന്നു.
'സ്ട്രൈക്ക് റേറ്റില്‍ വിമര്‍ശനം ഉയരുമ്പോഴും ബാറ്റിങ് ശൈലിയെ ആളുകള്‍ അഭിനന്ദിക്കുമ്പോഴും മിതത്വം പാലിക്കണം. അത്തരം കാര്യങ്ങളില്‍ തലയിടാന്‍ നില്‍ക്കരുത്'- സെവാഗ് ഉപദേശിക്കുന്നു. സച്ചിനും ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും ഇക്കാര്യത്തില്‍ തനിക്ക് മാതൃകയാണെന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ ഇരുവരും പ്രതികരിച്ചത് തികഞ്ഞ സമന്വയത്തോടെയാണെന്നും താരം ചൂണ്ടിക്കാട്ടി. 'വിമര്‍ശകരോട് വാക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ പോകാതിരിക്കുകയാണ് നല്ലത്. സച്ചിനെ നോക്കൂ, ഒരു പത്രം ടെന്‍ഡുല്‍ക്കറിന് 'എന്‍ഡുല്‍ക്കര്‍' എന്നുവരെ എഴുതിയിട്ടുണ്ട്. മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്‍റെ പക്ഷം. ഒരു സെഞ്ചറിയടിക്കൂ, എല്ലാവരെയും നിശബ്ദരാക്കൂ. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുകയെന്നതാണ് പ്രധാനം. എല്ലാത്തിനും ഉത്തരം പറയേണ്ടതില്ല'- സെവാഗ് തന്‍റെ നയം വ്യക്തമാക്കി.