sanju-samson

ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച സഞ്ജു സാംസണ്‍ ഫോമിലേക്കുയരാത്തതില്‍  ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ക്ക് നിരാശ. ഐപിഎല്ലിലെ  മൂന്നു കളിയിലും ഇരട്ടയക്കം കടക്കാതെയാണ് സഞ്ജു പുറത്തായത്. മൂന്നു മത്സരവും തോറ്റ് ലീഗില്‍ ടീം അവസാന സ്ഥാനത്ത് തുടരുമ്പോഴും സഞ്ജുവില്‍ വിജയിക്കാനുള്ള ദാഹമില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഇന്നലെ ആര്‍സിബിയോട് 43 റണ്‍സിനാണ് ചെന്നൈയുടെ തോല്‍വി. 

6,7,9 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളില്‍ സഞ്ജുവിന്‍റെ സ്കോര്‍. മനസ് പൂര്‍ണമായും കളിയില്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറച്ച് കളികളില്‍ നിന്ന് മാറി നില്‍ക്കൂ എന്നാണ് ഒരു ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്. 'വെറും റണ്ണുകളുടെ മാത്രം പ്രശ്നമല്ല. ശരീര ഭാഷയില്‍ താൽപ്പര്യമില്ലാത്തത് പ്രകടമാണ്. ക്യാമറ തിരിയുമ്പോഴെല്ലാം നിരാശയും കളിയിൽ ഇല്ലാത്ത അവസ്ഥയുമാണ് കാണുന്നത്. സത്യം പറഞ്ഞാൽ, ഒന്ന് ചിരിച്ചുപോലും കണ്ടിട്ടില്ല. എവിടെപ്പോയി ആവേശം? എവിടെ വിജയദാഹം? ചുരുങ്ങിയത് കളിയിൽ ശ്രദ്ധയുണ്ടെന്നെങ്കിലും കാണിക്കൂ' എന്നാണ് 'മദ്രാസ് മാന്‍' എന്ന ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്. 

കഴിഞ്ഞ ദിവസം കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ് സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. കുറച്ചു മത്സരങ്ങളിലെ ചെറിയ സ്കോര്‍ സഞ്ജുവിന്‍റെ മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയില്ലെന്ന് ഫ്ലെമിങ് പറഞ്ഞു. 'എല്ലായിപ്പോഴും സഞ്ജു സ്കോര്‍ ചെയ്തെന്ന് വരില്ല. സഞ്ജു മികച്ച ഫോമിലാണ്. നല്ല രീതിയില്‍ പരിശീലിക്കുന്നുണ്ട്. നല്ല മികച്ച രീതിയില്‍ ബാറ്റ് ചെയ്താണ് മാച്ച് വിന്നറാകും' എന്നാണ് ഫ്ലെമിങ് പറഞ്ഞത്. 

ഇന്നലെ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ചെന്നൈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂർ മൂന്ന് വിക്കറ്റിന് 250 റൺസെടുത്തു. മറുപടി ബാറ്റിങില്‍ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് പുറത്തായി.

ENGLISH SUMMARY:

Sanju Samson's performance in the T20 World Cup was a highlight, but Chennai Super Kings fans are disappointed with his recent IPL scores. His low scores in three matches have led to criticism from fans who question his motivation and on-field presence.