ലോകകപ്പില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ സഞ്ജു വീണ്ടും പിഴവ് ആവര്‍ത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തി സുനില്‍ ഗവാസ്കര്‍. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സഞ്ജു മികച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കിയതിന് പിന്നാലെ പുറത്താകുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാമത്തെ പന്ത് സിക്സര്‍ പറത്തിയും പിന്നാലെ ബൗണ്ടറിയിലെത്തിച്ചും ജീവന്‍മരണ പോരാട്ടത്തില്‍ പൊരുതാന്‍ ഇന്ത്യയ്ക്ക് താരം ആത്മവിശ്വാസം നല്‍കി. എന്നാല്‍ നാലാം ഓവറില്‍ ബ്ലെസിങ് മുസര്‍ബനിയുടെ പന്തില്‍ താരം പുറത്താകുകയും ചെയ്തു. സഞ്ജു പുറത്തായതും രവിശാസ്ത്രി നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ കുറച്ച് കൂടി രൂക്ഷമായിട്ടായിരുന്നു ഗവാസ്കറുടെ പ്രതികരണം. 'ഇതെത്രാമത്തെ പ്രാവശ്യമാണ് സഞ്ജു ഒരേ പിഴവിലൂടെ പുറത്താകുന്നത്. പന്ത് അല്‍പ്പം കൂടി ബൗണ്‍സാവാന്‍ കാരണം മുസര്‍ബനിയുടെ ഉയരമാണ്. അതുകൊണ്ട് ബാറ്റിന്‍റെ മധ്യഭാഗത്ത് തട്ടിയില്ല. സഞ്ജുവിന് വീണ്ടും പിഴച്ചു'വെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.
അതേസമയം, ടീമിനായുള്ള ഇന്നിങ്സാണ് സഞ്ജു കളിച്ചതെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍റെ പ്രതികരണം. ടീമിന് വേണ്ട രീതിയിലാണ് സഞ്ജു കളിച്ചത്, തന്‍റെ ജോലി ഭംഗിയായി ചെയ്തുവെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു തന്‍റെ റോള്‍ നന്നായി ചെയ്തുവെന്ന് ദിനേഷ് കാര്‍ത്തികും പറഞ്ഞു. പുറത്തായ ശേഷം ഡഗൗട്ടിലേക്ക് എത്തുന്ന സഞ്ജുവിനെ സന്തോഷത്തോടെയാണ് ഗംഭീറടക്കമുള്ളവര്‍ സ്വീകരിച്ചതെന്നും ഇത് സഞ്ജുവില്‍ ഏല്‍പ്പിച്ച റോള്‍ മനോഹരമാക്കിയത് കൊണ്ടാണെന്ന് ആരാധകരും പറയുന്നു.
സഞ്ജു നല്‍കിയ സ്ഫോടനാത്മകമായ തുടക്കം പ്രയോജനപ്പെടുത്തിയ അഭിഷേക് ടൂര്‍ണമെന്‍റില്‍ ഇതാദ്യമായി അര്‍ധ സെഞ്ചറിയും നേടി. പിന്നാലെ എത്തിയ ഇഷാന്‍ കിഷന്‍ റണ്‍ മെഷീന്‍ പോലെയായതോടെ റണ്‍റേറ്റും ഉയര്‍ന്നു. സൂര്യകുമാറും ഹാര്‍ദികും തിലക് വര്‍മയുമെല്ലാം ബാറ്റിങില്‍ തിളങ്ങിയതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു.
ടൂര്‍ണമെന്‍റിലെ ഇതുവരെയുള്ളതെല്ലാം മറക്കാനാണ് ടീം ഇന്ത്യ ആഗ്രഹിച്ചതെന്നും ടീമിന്‍റെ വിഡിയോ അനലിസ്റ്റ് കഴിഞ്ഞ ഒരുവര്‍ഷം ടീമിലെ ഓരോരുത്തരും എങ്ങനെ കളിച്ചുവെന്നതിന്‍റെ സ്ലൈഡ് തയാറാക്കിക്കൊണ്ട് വന്നിരുന്നുവെന്നും അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കളിക്കാനിറങ്ങിയതെന്നും സൂര്യകുമാര്‍ വിശദീകരിച്ചു. അതേസമയം ബോളര്‍മാരില്‍ നിന്ന് താന്‍ കുറച്ച് കൂടി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ജയം ജയം തന്നെയാണെന്നും മുന്നോട്ട് തന്നെ പോകുമെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സിംബാബ്‍വെ മനോഹരമായി ബാറ്റ് ചെയ്തുവെന്നും പവര്‍പ്ലേയിലും പിന്നീടും മികച്ച പ്രകടനമായിരുന്നു താരങ്ങളുടേതെന്നും അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ താന്‍ തയാറല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.