സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.'
എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. അക്സര്‍ കളിച്ചാല്‍ എട്ടാമനായും ബാറ്റിങിനിറങ്ങുകയെന്ന് കരുതാം. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാമനായി ഇറങ്ങും. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ പിന്നാലെയും. അക്സറിനെ അഞ്ചാമനായി ഇറക്കിയാലും തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ലെ ലോകകപ്പ് ഫൈനലിന്‍റെ ആവര്‍ത്തനമെന്ന പോലെയായിരുന്നു സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരവും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച തുടക്കമാണ് കിട്ടിയത്. 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി. പക്ഷേ ഡേവിഡ് മില്ലറും ഡിയോവാള്‍ഡ് ബ്രെവിസും മല്‍സരം തിരിച്ചുപിടച്ചതോടെ സ്കോര്‍ 187ലെത്തി. അഹമ്മദാബാദില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്ന് വീണു. 18.5 ഓവറില്‍ 111 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
വൈസ് ക്യാപ്റ്റനായിരുന്ന അക്സര്‍ പട്ടേലിനെ പുറത്തിരുത്തിയതും പകരം വന്ന വാഷിങ്ടണ്‍ സുന്ദര്‍ നിരാശപ്പെടുത്തിയതും തോല്‍വിയുടെ ആഘാതമേറ്റി. കൃത്യമായ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നുവെന്നതിന്‍റെ പേരില്‍ അക്സറിനെ പുറത്തിരുത്തേണ്ടിയിരുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കുന്നു. ലൈനപ്പിനാണ് പ്രാധാന്യം. ചെന്നൈയിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്ലേയിങ് ഇലവന്‍ ആരുടേതാണ്? അതാവണം ഇന്ത്യ ഇറക്കേണ്ടത്. അതില്‍ അക്സറുണ്ടായാല്‍ നല്ലത്, കുല്‍ദീപ് യാദവുണ്ടായാല്‍ മികച്ചത്. കാരണം ഇടങ്കയ്യനോ വലങ്കയ്യനോ എന്നതൊന്നും കുല്‍ദീപിനൊരു പ്രശ്നമല്ല'- പോണ്ടിങ് വിശദീകരിച്ചു.